നടിയെ പീഡിപ്പിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി..പൾസർ സുനിയുടെ ജാമ്യാപേക്ഷ തളളി ഹെെക്കോടതി

കൊച്ചി: ഓടുന്ന കാറിൽ നടിയെ പീഡിപ്പിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യ ഹരജി ഹൈക്കോടതി തള്ളി.ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഉത്തരവ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സുനിയുടെ ജാമ്യാപേക്ഷയിൽ കോടതി വാദം പൂർത്തിയാക്കിയത്. സുപ്രീംകോടതി നിർദേശ പ്രകാരമാണ് ഹൈക്കോടതി ജാമ്യഹർജി പരിഗണിച്ചത്.

നേരത്തെ പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേ അതിജീവിത നേരിട്ടത് ക്രൂരമായ അതിക്രമമാണെന്നും നടിയുടെ മൊഴി ഇത് തെളിയിക്കുന്നതാണെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു. പൾസർ സുനിക്കെതിരെ ചുമത്തിയിട്ടുള്ളത് ഗുരുതരമായ വകുപ്പുകളാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. മുദ്ര വെച്ച കവറിൽ ഹാജരാക്കിയ മൊഴി പകർപ്പ് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പരാമർശം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആറ് വർഷമായി താൻ ജയിലിൽ കഴിയുകയാണെന്നും അതിനാൽ ജാമ്യം വേണമെന്നുമായിരുന്നു പൾസർ സുനി ജാമ്യഹർജിയിൽ ആവശ്യപ്പെട്ടത്. എന്നാൽ പ്രതി വിചാരണ തീരാതെ ജയിലിൽ കഴിയുകയാണെന്നും അതിനാൽ പ്രതി ചെയ്തിരിക്കുന്ന കുറ്റകൃത്യത്തിന്റെ ആഴം കൂടി പരിഗണിക്കണമെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. അതിനാൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.

കേസിന്റെ വിചാരണ വേളയിൽ പൾസർ സുനിയെ കോടതിയിൽ നേരിട്ടു ഹാജരാക്കുന്ന കാര്യം വിചാരണക്കോടതി ഉറപ്പാക്കണമെന്ന് കഴിഞ്ഞമാസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിലവിൽ എറണാകുളം സബ് ജയിലിൽ കഴിയുന്ന പൾസർ സുനിയെ വിഡിയോ കോൺഫറൻസിലൂടെയാണ് വിചാരണയ്ക്ക് ഹാജരാക്കുന്നത്.

2017ൽ അറസ്റ്റിലായ പൾസർ സുനി, ആറ് വർഷമായി ജയിലിലാണ്. ന്യായമായ സമയത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കിയില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം നൽകാമെന്ന ജൂലൈ 13ലെ സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് സുനി ഹരജി നൽകിയത്.

Top