കൊച്ചി: കാവ്യാമാധവന്റെ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് നടത്തിയത് പള്‍സര്‍ സുനി പകര്‍ത്തിയ നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് തേടി. മെമ്മറി കാര്‍ഡ് കാവ്യയുടെ സ്ഥാപനത്തില്‍ ഏല്‍പ്പിച്ചെന്ന പള്‍സര്‍ സുനി മൊഴിയെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്.കൂട്ടുപ്രതി വീജീഷാണ് മെമ്മറി കാര്‍ഡ്കൈമാറിയതെന്നും സുനി മൊഴി നല്‍കിയിരുന്നു. മെമ്മറി കാര്‍ഡില്‍ നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്നാണ് വിവരം.കാവ്യാമാധവന്റെ ഉടമസ്ഥതയില്‍, കാക്കനാട് മാവേലിപുരത്തുള്ള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വെള്ളിയാഴ്ചയാണ് പോലീസ് പരിശോധന നടത്തിയത്. പണമിടപാടുകളും കംപ്യൂട്ടറിലെ വിവരങ്ങളും സി.സി.ടി.വി. ദൃശ്യങ്ങളുമാണ് കാര്യമായി പരിശോധിച്ചത്. കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയത് മെമ്മറി കാര്‍ഡ് തേടിയെന്ന് സൂചന. ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. നടിയെ ആക്രമിച്ച ശേഷം ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ലക്ഷ്യയില്‍ ഏല്‍പ്പിച്ചുവെന്നാണ് സുനി പോലീസിന് മൊഴി നല്‍കിയിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാപനത്തിലെ പണമിടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. മാത്രമല്ല മെമ്മറി കാർഡ് സംബന്ധിച്ച് സുനിയുടെ മൊഴികളിലെ വൈരുദ്ധ്യവും പോലീസ് അന്വേഷണ വിധേയമാക്കും.
കാവ്യാമാധവന്റെ വെണ്ണലയിലെ വില്ലയിലും ശനിയാഴ്ച പോലീസ് പരിശോധനയ്‌ക്കെത്തിയിരുന്നു. വൈകിട്ട് മൂന്നരയ്ക്കും അഞ്ച് മണിക്കും പോലീസ് എത്തിയെങ്കിലും വില്ലയില്‍ ആളില്ലാത്തതിനാല്‍ പോലീസ് മടങ്ങുകയായിരുന്നു.അതിനിടെ കടയില്‍നിന്ന് പൊലീസ് സിസിടിവി പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയശേഷം അവ വിദഗ്ധപരിശോധനയ്ക്ക് തിരുവനന്തപുരം സി-ഡിറ്റിലേക്ക് അയച്ചു. കടയില്‍ അന്നുണ്ടായ ജീവനക്കാരെ ചോദ്യംചെയ്യാനും നീക്കമുണ്ട്. കഴിഞ്ഞ ദിവസമാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ കാവ്യയുടെ സ്ഥാപനത്തില്‍ പരിശോധന നടത്തിയത്. പള്‍സര്‍ സുനി പണം ആവശ്യപ്പെട്ട് ദിലീപിനെഴുതിയ കത്തില്‍, നടിയെ ആക്രമിച്ചശേഷം കാക്കനാട്ടെ ഈ സ്ഥാപനത്തില്‍ ചെന്നതായി പറഞ്ഞിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.അന്ന് അവിടെ ചെന്നിരുന്നോയെന്ന് വ്യക്തതവരുത്താനാണ് സിസിടിവി പിടിച്ചെടുത്തത്. എന്നാല്‍, ഒരുമാസംവരെയുള്ള ദൃശ്യങ്ങള്‍ മാത്രമാണ് ഇതിലുള്ളത്. ആറുമാസം മുമ്പുള്ള ദൃശ്യങ്ങള്‍വരെ കണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ നിര്‍ണായകമാകും. നാലഞ്ചു തവണവരെ ഓവര്‍റൈറ്റ് ചെയ്താലും ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാകുമെന്ന് സി-ഡിറ്റ് വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ്, നാദിര്‍ഷ, മനേജര്‍ അപ്പുണ്ണി എന്നിവര്‍ക്ക് ചോദ്യം ചെയ്യല്‍ പരിശീലനം നല്‍കാന്‍ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനുമായി രഹസ്യസമാഗമം നടത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. സര്‍ക്കാരിന്റെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന എഡിജിപി തമ്മനത്തെ ഫിലിം സ്റ്റുഡിയോയോടു ചേര്‍ന്നുള്ള സ്ഥലത്തു വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. പൊലീസിന്റെ ചോദ്യങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനം എഡിജിപിയില്‍ നിന്നു തന്നെ ലഭിച്ചു എന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്.
ജൂണ്‍ 26ന് ഉച്ചയ്ക്ക് ശേഷം കൊച്ചിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ വൈറ്റിലയ്ക്കു സമീപത്തെ കേന്ദ്രത്തിലേയ്ക്കു വിളിച്ചുവരുത്തി ചോദ്യം ചെയ്യല്‍ മുറകള്‍ വിവരിച്ചു കൊടുത്തതായാണ് റിപ്പോര്‍ട്ട്. അന്ന് ഇരുവരുടേയും മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ അടക്കമുള്ള വിവരങ്ങളും ഉദ്യോഗസ്ഥന്‍ വിളിച്ച സ്ഥലത്തേയ്ക്കു നാദിര്‍ഷ ചെല്ലുന്നതിന്റെ ദൃശ്യങ്ങളും അടക്കമുള്ള വിവരങ്ങളാണ് പൊലീസ് ആസ്ഥാനത്ത് ലഭിച്ചത്- റിപ്പോര്‍ട്ടില്‍ പറയുന്നു.
കലാകാരനെന്ന നിലയില്‍ വര്‍ഷങ്ങളായി അടുപ്പം പുലര്‍ത്തുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ചെറിയപെരുന്നാളിന്റെ ദിവസം സന്ദര്‍ശിച്ചതാണെന്ന് നാദിര്‍ഷയും സ്ഥിരീകരിച്ചു. വീട്ടില്‍ പാകം ചെയ്ത ഭക്ഷണം അദ്ദേഹത്തിനു നല്‍കിയ ശേഷം തിരികെ പോന്നു. നടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട ഒന്നും സംസാരിച്ചില്ല. ‘എന്തൊക്കെയാണ് കേള്‍ക്കുന്നത് സൂക്ഷിക്കുന്നത് നല്ലതാണ്’ എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞതെന്നും നാദിര്‍ഷ വിശദീകരിച്ചു.