ഷുഹൈബ് ആക്രമിക്കപ്പെടുമെന്ന് സിപിഐഎം പ്രാദേശിക നേതൃത്വം അറിഞ്ഞിരുന്നതായി പ്രതികളുടെ മൊഴി; കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല; കാല്‍ വെട്ടാനായിരുന്നു ലക്ഷ്യം

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് ആക്രമിക്കപ്പെടുമെന്ന് സിപിഐഎം പ്രാദേശിക നേതൃത്വം അറിഞ്ഞിരുന്നതായി അറസ്റ്റിലായ പ്രതികളുടെ മൊഴി. പ്രതികളില്‍ നിന്ന് നിര്‍ണായക മൊഴികള്‍ ലഭിച്ചു.കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല. കാല്‍ വെട്ടാനായിരുന്നു ലക്ഷ്യമെന്നും  പ്രതികള്‍ മൊഴി നല്‍കി. കേസില്‍ 5 പേര്‍ക്ക് നേരിട്ട് പങ്കുള്ളതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായ ആകാശും റിജിന്‍ രാജും സംഘത്തില്‍ ഉള്‍പ്പെട്ടവരാണ്. അറസ്റ്റിൽ ആയ രണ്ട് പേരും ഷുഹൈബിനെ വെട്ടിവരാണെന്നും പൊലീസ് പറയുന്നു. അതേസമയം ഇനി പിടിയിലാകാനുള്ളവര്‍ പാര്‍ട്ടിഗ്രാമങ്ങളില്‍ ഒളിവിലാണ്. കൊലയാളി സംഘത്തില്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിഐടിയു പ്രവര്‍ത്തകരാണുള്ളത്. ഇവരെ തിരിച്ചറിഞ്ഞെന്നും പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന് ആറ് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് കടുത്ത വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. അതിനിടെയാണ് കൊലപാതകികളെപ്പറ്റി കൃത്യമായ വിവരം ലഭിച്ചുവെന്ന് പൊലീസ് വ്യക്തമാക്കുന്നത്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഇന്നുണ്ടാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കണ്ണൂരിലെ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീതിപരത്തി, ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും വൈകിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് മുൻപ് രക്തം വാർന്നായിരുന്നു മരണം.

Top