കണ്ണൂർ: കണ്ണൂർ മട്ടന്നൂരിലെ ഷുഹൈബ് വധക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തത് ഡമ്മി പ്രതികളല്ലെന്ന് കോണ്ഗ്രസ് നേതാവ് കെ.സുധാകരൻ. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആകാശ് തില്ലങ്കേരി, റിജിൻ രാജ് എന്നീ പ്രതികളെ സാക്ഷികൾ തിരിച്ചറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് സുധാകരന്റെ പ്രതികരണം.
ശുഹൈബിന്റെ വധത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നു. അറസ്റ്റിലായത് ഡമ്മി പ്രതികളല്ലെന്ന ദൃഷ്സാക്ഷികളുടെ മൊഴി അംഗീകരിക്കുന്നു. ഇക്കാര്യത്തിൽ തനിക്കുണ്ടായിരുന്ന സംശയം നീങ്ങി. തുടരന്വേഷണത്തിൽ പോലീസ് വെള്ളം ചേർക്കാൻ ശ്രമിക്കരുത്. പരോളിലിറങ്ങിയ ടി.പി വധക്കേസ് പ്രതികളുടെ കേസിലെ പങ്ക് പരിശോധിക്കണമന്നും സുധാകരൻ ആവശ്യപ്പെട്ടു. അറസ്റ്റിലായ പ്രതികളെ സാക്ഷികൾ തിരിച്ചറിഞ്ഞെങ്കിലും സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽനിന്നു പിൻമാറില്ലെന്നും സുധാകരൻ വ്യക്തമാക്കി.
ശുഹൈബ് വധക്കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരൻ നടത്തുന്ന നിരാഹാരം അഞ്ചാം ദിവസത്തിലാണ്. സിബിഐ അന്വേഷണം സർക്കാർ പ്രഖ്യാപിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂയെന്ന ശക്തമായ നിലപാടിലാണ് കോണ്ഗ്രസ് നേതൃത്വം. സമരം കണ്ടില്ലെന്ന് സർക്കാർ നടിച്ചാൽ കോടതിയെ സമീപിക്കാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അറസ്റ്റിലായ ആകാശ് തില്ലങ്കേരി പാർട്ടി അംഗമാണെന്നും കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ പറഞ്ഞിരുന്നു. വിഷയത്തിൽ കോണ്ഗ്രസ് പ്രതിഷേധം ശക്തമാക്കിയതോടെ സർക്കാരും കടുത്ത സമ്മർദ്ദത്തിലാണ്. ശുഹൈബ് കൊലപാതകം പാർട്ടിക്ക് കനത്ത ക്ഷീണമുണ്ടാക്കിയെന്ന് സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും വിലയിരുത്തി കഴിഞ്ഞു.