കണ്ണൂര്‍: ശുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരിക്ക് കോണ്‍ഗ്രസ് ഭരിക്കുന്ന ആശുപത്രിയില്‍ ജോലി നല്‍കിയത് വിവാദമാകുന്നു. കാക്കയങ്ങാട് സ്വദേശിയായ നാലാം പ്രതിയുടെ സഹോദരിക്കാണ് തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ നഴ്‌സായി ജോലി നല്‍കിയത്. വാര്‍ത്ത പുറന്നു വന്നതോടെ പാര്‍ട്ടിക്കുള്ളില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്.
സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് നേതൃത്വം ഉയര്‍ത്തിക്കാണിച്ചു കൊണ്ടിരിക്കുന്നതാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ശുഹൈബിന്റെ കൊലപാതകം. ആ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തു എന്ന് കുറ്റപത്രത്തില്‍ പറയുന്ന പ്രതിയുടെ സഹോദരിക്കാണ് കോണ്‍ഗ്രസ് ഭരണസമിതിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന തലശേരി ഇന്ദിരാഗാന്ധി സഹകണ ആശുപത്രിയില്‍ ജോലി നല്‍കിയത്. ഇത് പാര്‍ട്ടിക്കുള്ളില്‍ വലിയ വിവാദവും ഉണ്ടാക്കിക്കഴിഞ്ഞു.
കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം മുന്‍ പ്രസിഡന്റിന്റെ ശുപാര്‍ശയിലായാണ് ജോലി നല്‍കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ഏത് ശുപാര്‍ശയുടെ പേരിലായാലും ശുഹൈബിന്റെ കൊലയാളികളെ സഹായിക്കുന്ന നിലപാട് പാടില്ലെന്നും പൊറുക്കാനാകാത്ത കാര്യമാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്തത് എന്നുമാണ് പ്രവര്‍ത്തകരുടെ അഭിപ്രായം.
വിവാദം ഉയര്‍ന്നതിനു പിന്നാലെ പെണ്‍കുട്ടി ജോലിയില്‍ നിന്ന് രാജി വെച്ചു എന്ന ന്യായം പറഞ്ഞു രക്ഷപെടാനാണ് ആശുപത്രി മാനേജ്‌മെന്റ് ശ്രമിക്കുന്നത്. അതേസമയം, ജോലിക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതേക്കുറിച്ച് അന്വേഷിക്കുമെന്നും ഡിസിസി നേതൃത്വം വ്യക്തമാക്കി.