ഷുഹൈബ് വധക്കസ്: ഒന്നാം പ്രതി ഉള്‍പ്പെടെയുള്ള നാല് പേരുടെ ജാമ്യഹര്‍ജി കോടതി തള്ളി

കണ്ണൂര്‍: ഷുഹൈബ് വധക്കസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ നാല് പ്രതികളുടെ ജാമ്യഹര്‍ജി കോടതി തള്ളി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്.

ഫെബ്രുവരി 12ന് രാത്രിയാണ് മട്ടന്നൂരിനടുത്ത എടയന്നൂരില്‍ ഷുഹൈബ് ആക്രമിക്കപ്പെട്ടത്. സുഹൃത്തിനൊപ്പം തട്ടുകടയില്‍ ഇരിക്കവേയായിരുന്നു അക്രമം. അരക്കുതാഴെ 37 വെട്ടുകളേറ്റ് ചോര വാര്‍ന്നായിരുന്നു മരണം. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നിരാഹാര സമരം പ്രഖ്യാപിച്ചതോടെ ഷുഹൈബ് വധം സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി. സുധാകരന്റെ സമരം തുടങ്ങുന്നതിനുമുമ്പ് ഏതാനും പ്രതികളെ പിടികൂടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിടികൂടിയത് ‘ഡമ്മി’ പ്രതികളെന്നതായി പിന്നെ കോണ്‍ഗ്രസ് സി.പി.ഐ.എം തര്‍ക്കം. ഷുഹൈബിനൊപ്പം വെട്ടേറ്റ ദൃക്‌സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞതോടെ ‘ഡമ്മി’ പ്രതി വിവാദം കെട്ടടങ്ങി. കണ്ണൂരില്‍ സമാധാന യോഗത്തില്‍ മന്ത്രി എ.കെ. ബാലന്‍ പ്രഖ്യാപിച്ച സി.ബി.ഐ അന്വേഷണത്തില്‍നിന്ന് സര്‍ക്കാര്‍ മലക്കം മറിഞ്ഞതായി പിന്നീടുള്ള ചര്‍ച്ച. സി.ബി.ഐ അന്വേഷണം വരെ തുടരുമെന്ന് പ്രഖ്യാപിച്ച കെ.സുധാകരന്റെ നിരാഹാര സമരം പക്ഷേ, ആവശ്യം നേടാനാവാതെ ഒമ്പതാം ദിനം നിര്‍ത്തേണ്ടിവന്നു. എന്നാല്‍, ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു.

ഹൈകോടതി വിധി സര്‍ക്കാറിനും സി.പി.ഐ.എമ്മിനും കനത്ത തിരിച്ചടിയായി മാറി. ഷുഹൈബ് വധത്തില്‍ പിടിയിലായ നാലുപേരെ സി.പി.ഐ.എം പുറത്താക്കിയത് ഈ പശ്ചാത്തലത്തിലാണ്. ഇത്തരമൊരു കേസില്‍ വേഗത്തിലുള്ള പാര്‍ട്ടി നടപടി കണ്ണൂരിലെ സംഘര്‍ഷ ചരിത്രത്തില്‍ ആദ്യത്തേതുമാണ്. ഷുഹൈബ് വധത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് സി.പി.ഐ.എം ആവര്‍ത്തിക്കുന്നത്. ബന്ധമുള്ളതായി കണ്ട പാര്‍ട്ടിക്കാരെ പുറത്താക്കിയെന്നും വിശദീകരിക്കുന്നു. എന്നാല്‍, സി.ബി.ഐ അന്വേഷണം മുടക്കാന്‍ സര്‍ക്കാറും സി.പി.ഐ.എമ്മും ആവുന്നതെല്ലാം ചെയ്യുന്നു. ഡിവിഷന്‍ ബെഞ്ച് മുമ്പാകെ നല്‍കിയ അപ്പീലില്‍ സര്‍ക്കാറിനുവേണ്ടി വാദിക്കാനെത്തുന്നത് മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനാണ്.

അതേസമയം, അവസരം മുതലെടുത്ത കോണ്‍ഗ്രസിന് ഷുഹൈബ് വധം രാഷ്ട്രീയമായി വലിയ നേട്ടമായി മാറുകയും ചെയ്തു. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തളര്‍ന്നുനില്‍ക്കുകയായിരുന്ന കെ.സുധാകരന്‍ ഷുഹൈബ് സമരം ഏറക്കുറെ ഒറ്റക്കുനയിച്ച് പാര്‍ട്ടിയില്‍ തന്റെ സ്വാധീനം തിരിച്ചുപിടിച്ചുവെന്നതാണ് ഒരു മാസത്തിനിപ്പുറം ഷുഹൈബ് വധത്തിന്റെ ബാക്കിപത്രം. രാഷ്ട്രീയം മാറ്റിനിര്‍ത്തിയാല്‍, ഷുഹൈബ് വധത്തെ തുടര്‍ന്നുള്ള പ്രതികരണം അക്രമരാഷ്ട്രീയത്തിനെതിരെ കക്ഷിഭേദമന്യേയുള്ള ജനരോഷമായി മാറിയെന്നതും ശ്രദ്ധേയമാണ്.

Top