ശുഹൈബ് വധത്തിൽ വീണ്ടും അറസ്റ്റ് !..ഗാഡാലോചനക്കാരനും അറസ്റ്റിൽ

കണ്ണൂർ: എടയന്നൂരിലെ എസ്.പി. ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു. പാലയോട് സ്വദേശി സഞ്ജയിനെയും രജത്തിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ശുഹൈബിനെ വെട്ടിക്കൊല്ലാനുപയോഗിച്ചെന്ന് കരുതുന്ന വാളുകള്‍ പൊലീസ് കണ്ടെടുത്തിയിരുന്നു. ശുഹൈബിനെ വധിക്കാൻ സഞ്ജയ് ഗൂഢാലോചന നടത്തിയെന്നും ശുഹൈബിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം ഒളിപ്പിച്ചതിൽ ഇയാൾക്ക് പങ്കുണ്ടെന്നും പോലീസ് പറഞ്ഞു. രജത്താണ് പ്രതികളെ രക്ഷപെടാൻ സഹായിച്ചതെന്നും പോലീസ് കൂട്ടിച്ചേർത്തു. കേസിൽ നേരത്തെ ആകാശ് തില്ലങ്കേരി, രജിൽ രാജ്, അസ്കർ എടയന്നൂർ, അൻവർ സാദത്ത് തില്ലക്കേരി, അഖിൽ പാലയോട്, ജിതിൻ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മുഴക്കുന്ന് സ്വദേശിക്കു വേണ്ടിയുള്ള അന്വേഷണം പോലീസ് ഉൗർജിതമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ജിതിനൊപ്പം ബോംബെറിഞ്ഞ സംഘത്തിൽ ഇയാളും ഉണ്ടായിരുന്നതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചിരുന്നു. ബോംബേറിൽ ഇയാൾക്കു പരിക്കേറ്റതായും വിവരം ലഭിച്ചിട്ടുണ്ട്. അതിനിടയിൽ മുഴക്കുന്ന് സ്വദേശി കോടതിയിൽ കീഴടങ്ങാനുള്ള നീക്കം നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലയിലെ കോടതി പരിസരങ്ങളും നിരീക്ഷണത്തിലാണ്.

കീഴല്ലൂർ പഞ്ചായത്തിലെ വെള്ളപറന്പിൽ നിന്നും ബുധനാഴ്ച കണ്ടെടുത്ത വാളുകൾ വിശദമായ പരിശോധനയ്ക്ക് ഫോറൻസിക്കിന്‍റെ തിരുവനന്തപുരത്തെ ലാബിലേക്ക് അയക്കും. ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്നു സംശയിക്കുന്ന മൂന്നു വാളുകളാണ് മട്ടന്നൂർ വെളളപറന്പിലെ കശുമാവിൻ തോട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പോലീസിന്‍റെ നടപടികൾ ക്രമങ്ങൾ പൂർത്തീകരിച്ചായിരിക്കും ലാബിലേക്ക് അയക്കുക. ഫോറൻസിക് വിഭാഗത്തിന്‍റെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച വാളാണെന്ന് മനസിലാകുകയുള്ളു. പിടികൂടിയ 71 സെന്‍റിമീറ്റർ നീളത്തിലുള്ള വാളുകൾ മൂന്നും പുതിയതാണെന്നും അടുത്തക്കാലത്ത് നിർമിച്ചതാണെന്നും പോലീസ് അറിയിച്ചു.അക്രമികളിൽ നിന്നും നഷ്ടപ്പെട്ടവാളാണ് ഇവയെന്ന് പോലീസ് അന്വേഷണത്തിൽ വിവരം ലഭിച്ചിരുന്നു. ശുഹൈബിനെ കൊലപ്പെടുത്താനെത്തിയ നാലു പേരിലും വാളുകൾ ഉണ്ടായിരുന്നുവെന്നു സാക്ഷികൾ മൊഴി നൽകിയിരുന്നു. ഈ നാലു വാളുകളുമാണ് പിടികൂടിയതെന്ന നിഗമനത്തിലാണ് പോലീസ്.

Latest
Widgets Magazine