ആക്ഷന്‍ ഹീറോ ഹണി കെ ദാസ് പോലീസ് ക്രിമിനലുകളിലെ ആശാന്‍; തുണിയില്‍ തേങ്ങ പൊതിഞ്ഞ് നട്ടെല്ലിന് ഇടിക്കും; ഒടുവില്‍ പണികിട്ടി

ആലുവ: സിപിഎം പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ധിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായ എസ് ഐ ഹണികെദാസ് നേരത്തെയും നിരവധി വിവാദങ്ങളുണ്ടാക്കിയ ഉദ്യോഗസ്ഥന്‍. പോലീസ് സ്റ്റേഷനിലെത്തുന്ന പരാതിക്കാരോടുപോലും തന്റെ കൈകരുത്ത് കാണിക്കുന്ന ഈ എസ് ഐയ്്ക്ക് പലതവണ മേലുദ്യോഗസ്ഥര്‍ താക്കീത് നല്‍കിയിരുന്നു. നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹിറോ ബിജുവിലെ എസ് ഐയെ കഥാകൃത്തും സംവിധായകനും പകര്‍ത്തിയത് ഹണികെ ദാസില്‍ നിന്നായിരുന്നവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. സംവിധായകനും ഈ എസ് ഐയും ഒരേ നാട്ടുകാരനും സുഹൃത്തുക്കളുമാണ്.

ആശുപത്രിയില്‍ ബന്ധുവിനെ സന്ദര്‍ശിച്ചു വീട്ടില്‍ പോകാന്‍ ബസ് കാത്തു നിന്ന കൂലിപ്പണിക്കാരനായ യുവാവിനെ പോക്കറ്റടിക്കാരനെന്ന് ആരോപിച്ച് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലാണ് ഹണികെ ദാസിനെതിരെ ഇപ്പോഴത്തെ നടപടി. ആശുപത്രിയില്‍ ചികില്‍സ തേടിയ ഇയാളെ പൊലീസ് അവിടെ നിന്നു വീണ്ടും പിടികൂടി ലോക്കപ്പിലിട്ടു മര്‍ദിക്കുകയായിരുന്നു. പരാതി ഉയര്‍ന്നതോടെ ഹണി കെ ദാസിനെ മണിക്കൂറുകള്‍ക്കുള്ളില്‍ സസ്‌പെന്റ് ചെയ്യാന്‍ എറണാകുളം റേഞ്ച് ഐജി ശ്രീജിത്ത് ഉത്തരവിടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെള്ളിയാഴ്ച വൈകിട്ട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഷിബുവിനെ അഡീഷനല്‍ എസ്‌ഐ കസ്റ്റഡിയില്‍ എടുത്തത്. സ്റ്റാന്‍ഡിലെ എയ്ഡ് പോസ്റ്റില്‍ വച്ചും പിന്നീടു സ്റ്റേഷനിലെ ലോക്കപ്പിലിട്ടും മര്‍ദിച്ചുവെന്നാണ് ഷിബു പറയുന്നത്. രാത്രിയായപ്പോള്‍ ഇറക്കിവിട്ടു. സ്റ്റേഷനില്‍ നിന്നിറങ്ങിയപ്പോള്‍ മര്‍ദനമേറ്റ വിവരം വാര്‍ഡ് അംഗം കൂടിയായ കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജി.ഡി. ഷിജുവിനെ ഫോണില്‍ അറിയിച്ചു. ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടാന്‍ അദ്ദേഹം നിര്‍ദേശിച്ചു.

തുടര്‍ന്ന് ഷിബു ഓട്ടോ വിളിച്ച് ആശുപത്രിയില്‍ എത്തി. ഡോക്ടറെ കാണുന്നതിനു മുന്‍പു ശരീരം തളരുന്നതു പോലെ തോന്നിയതിനാല്‍ വരാന്തയില്‍ കിടന്നു. ഇതിനിടെ പൊലീസ് വീണ്ടും എത്തി ഷിബുവിനെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇരുമ്പുകട്ട തുണിയില്‍ പൊതിഞ്ഞു നട്ടെല്ലിന് ഇടിച്ചെന്നാണു പരാതി. പൊലീസ് രണ്ടാമതു പിടികൂടിയപ്പോള്‍ ഷിബു പഞ്ചായത്ത് പ്രസിഡന്റിനെ വീണ്ടും ഫോണ്‍ ചെയ്തു വിവരം പറഞ്ഞു.

തുണിയില്‍ തേങ്ങ പൊതിഞ്ഞ് നട്ടെല്ലിന് ഇടിക്കുന്ന രംഗം ആക്ഷന്‍ ഹിറോ ബിജുവിലുണ്ട്. ഹണി കെ ദാസിന്റെ പ്രധാന ഹോബിയാണ് ഈ ക്രുരമര്‍ദ്ദനമെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ മാത്രം നിരവധി കസ്റ്റ്ഡി മര്‍ദ്ദനങ്ങളാണ് ഇയാള്‍ക്കെതിരെ ആഭ്യന്തര വകുപ്പിനും പോലീസ് കംപ്ലൈയിന്റ് അതോറിറ്റിക്കും ലഭിച്ചിട്ടുള്ളത്. കൂലിപണിക്കാരും ദലിതരുമാണ് ഹണികെ ദാസിന്റെ പ്രധാന ഇരകള്‍. ഇവരൊക്കെ പരാതിയുമായി ചെന്നാല്‍ പോലും ഈ ഉദ്യോഗസ്ഥന്‍ വെറുതെ വിടില്ല. ആലുവ സ്റ്റേഷനില്‍ തന്നെ ഇത്തരത്തില്‍ സംഭവങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടുമണിക്കാണ് ഹണികെ ദാസിനെ സസ്‌പെന്റ് ചെയ്തതായി ഐ ജി ഓഫിസില്‍ നിന്ന് അറിയിപ്പ് വന്നത്.

എസ് ഐ യെ തുടരാന്‍ അനുവദിച്ചാല്‍ ശക്തമായ പ്രതിഷേധമുയരുമെന്ന സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടാണ് അതിവേഗത്തില്‍ നടപടിയെടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥരെയും പ്രേരിപ്പിച്ചത്. സാധരണക്കാരെ ക്രൂരമായി മര്‍ദ്ദിക്കുന്ന ഹണികെ ദാസ് പണമെറിയുന്ന ക്രിമിനലുകളെ സംരക്ഷിക്കാനും മിടുക്കനാണെന്നും ആരോപണമുയര്‍ന്നിരുന്നു. പോലീസ് ഉദ്യോഗസ്ഥനായതിനു ശേഷം ഇയാളുണ്ടാക്കിയ സാമ്പത്തീക വളര്‍ച്ചെയെ കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സിനെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍. ആക്ഷന്‍ ഹീറോ ബിജുകളിക്കുന്ന നിരവധി എസ് ഐ മാരില്‍ ക്രിമിനല്‍ സ്വാഭാമുള്ള ഇത്തരം പോലീസുകാരെ സ്റ്റേഷന്‍ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കാനാണ് ഇപ്പോള്‍ ആഭ്യന്തര വകുപ്പിന്റെ നീക്കം. ഏതാനും ദിവസം മുമ്പ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയേയും കുടുംബത്തേയും മര്‍ദ്ദിച്ച എസ് ഐ സസ്‌പെന്റ് ചെയ്തിരുന്നു.

Top