മുംബൈ: ഫാഷന്‍ ഷോയില്‍ മൃഗങ്ങള്‍ അപ്രതീക്ഷിതമായി എത്തുന്നത് ഇപ്പോള്‍ സ്ഥിരം സംഭവമായി മാറിയിരിക്കുന്നു. പൂച്ചയുടെ ‘ക്യാറ്റ് വാക്കി’ന് പിന്നാലെ ഇപ്പോള്‍ ഒരു നായയുടെ ക്യാറ്റ് വാക്കാണ് സോഷ്യല്‍ മീഡിയ വാഴുന്നത്.
ബോളിവുഡ് നടന് സിദ്ധാര്‍ഥ് മല്‍ഹോത്രയാണ് ഏറ്റവുമൊടുവില്‍ ഇത്തരത്തില്‍ റാമ്പില്‍ ഇരയാക്കപ്പെട്ടത്. കഴിഞ്ഞ ദിവസം ഡിസൈനര്‍ രോഹിത് ബാലിനായി ബ്ലെന്‍ഡേഴ്സ് പ്രൈഡ് ഫാഷന്‍ ടൂറില്‍ സിദ്ധാര്‍ഥ് റാമ്പില്‍ നില്‍ക്കവെ അപ്രതീക്ഷിത അതിഥി എത്തി. ഒരു നായ സുരക്ഷാ മേഖല മറികടന്ന് റാമ്പിലേക്ക് കയറുകയായിരുന്നു. സിദ്ധാര്‍ഥ് നടന്നു തുടങ്ങുന്നതിനു തൊട്ടുമുന്‍പായിരുന്നു ഇത്. സ്റ്റേജിലുണ്ടായിരുന്ന മോഡലുകള്‍ക്കു മുന്നില്‍ നെഞ്ചു വിരിച്ച്, വാലാട്ടി ‘അതിഥി’ നിന്നു.
ഇതിനുശേഷം നായ റാന്പില്‍ നടപ്പു തുടങ്ങിയതോടെ കാഴ്ചക്കാരുടെയും കാമറകളുടെയും ശ്രദ്ധ മുഴുവന്‍ നായയിലായി. ഇതോടെ നായയെ പുറത്താക്കാന്‍ സംഘാടകര്‍ ഓട്ടം തുടങ്ങി. ഒരു വശത്തുകൂടി ഇറങ്ങി വന്ന നായയെ ഇറക്കിവിടാന്‍ പരിശ്രമിച്ചെങ്കിലും വേദിയിലൂടെ നടന്ന് മറുവശത്തുകൂടിയാണ് നായ സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഇറങ്ങിപ്പോയത്.
ഇതിനുശേഷം സിദ്ധാര്‍ഥ് റാമ്പിലെത്തി. നായയുടെ റാമ്പിലെ ‘മിന്നുംപ്രകടനം’ തന്നെ ബാധിച്ചിട്ടേ ഇല്ല എന്ന തരത്തിലായിരുന്നു സിദ്ധാര്‍ഥിന്റെ റാമ്പിലെ പ്രകടനം. നായയുടെ റാമ്പിലെ പ്രകടനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.