സിങ്കത്തെ പ്രകോപിപ്പിച്ച് ഏഷ്യാനെറ്റ് റിപ്പോർട്ടർ; പത്രക്കാരുടെ അനധികൃത കള്ളുകുട്ടി പൂട്ടിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പുലിയും പൂച്ചകളും വിചാരിച്ചിട്ടും പൂട്ടാൻ സാധിക്കാത്ത പത്രക്കാരുടെ അനധികൃത കള്ളുകുടി ഒരൊറ്റ രാത്രികൊണ്ടു സിങ്കം പൂട്ടിക്കെട്ടി. ഏഷ്യാനെറ്റ് റിപ്പോർട്ടർ വിനു വി ജോണിന്റെ വെല്ലുവിളി ഏറ്റെടുത്താണ് എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിങ് ഒറ്റ രാത്രികൊണ്ടു പത്രക്കാരുടെ കള്ളു കുടി പൂട്ടിച്ചത്. മാദ്ധ്യമ പ്രവർത്തകർ തന്നെ എതിർ നിലപാട് എടുക്കാത്തതിനാൽ അനധികൃത മദ്യശാലയായ സങ്കേതത്തിന്റെ പ്രവർത്തനം അനുവദിക്കില്ലെന്ന് എക്‌സൈസ് കമ്മീഷണറായ ഋഷിരാജ് സിങ് പ്രസ് ക്ലബ്ബ ഭാരവാഹികളെ അറിയിച്ചു. അനൗദ്യോഗികമായി എക്‌സൈസിലെ ഉന്നതർ തന്നെ ഇക്കാര്യം പ്രസ് ക്ലബ്ബ് ഭാരവാഹികളോട് നേരിട്ട് പറയുകയും ചെയ്തു. ഇതോടെ സങ്കേതം അടയ്ക്കാൻ ഭരണ സമിതി നിർബന്ധിതമായി. ലൈസൻസില്ലാതെ ക്ലബ്ബുകൾക്ക് മദ്യകച്ചവടം നടത്താനാകില്ലെന്ന നിയമം പ്രസ് ക്ലബ്ബിനും ബാധകമാക്കുമെന്നായിരുന്നു ഋഷിരാജ് സിങ് നിലപാടെടുത്തത്. ഈ സാഹചര്യത്തിലാണ് പ്രസ് ക്ലബ്ബ് സങ്കേതം പൂട്ടിയത്.
അതിനിടെ വിനു വി ജോണിന്റെ ടീറ്റും അതുയർത്തിയ വിവാദവും തുടരുകയാണ്. ഷെയിം ഓൺയു സിങ്കം! എന്ന ട്വീറ്റിന് ശേഷം മാദ്ധ്യമ പ്രവർത്തകരെ തെരുവ് പട്ടികളോട് ഉപമിച്ചും വിനു വി ജോൺ ട്വീറ്റ് ചെയ്തു. ഏഷ്യാനെറ്റിലെ സഹപ്രവർത്തകനായ ചിത്രം വിചിത്രം ഫെയിം ഗോപീകൃഷ്ണൻ കാട്ടാളൻ എന്ന് എസ്എംഎസ് അയച്ചതും വിനു ട്വീറ്റായി പുറംലോകത്തെ അറിയിച്ചു. ഇതോടെ ഏഷ്യാനെറ്റിൽ ചേരിതിരിവുണ്ടായെന്ന സൂചനകളുമായി വിനുവിന്റെ പുതിയ ട്വീറ്റുകളുമെത്തി. വ്യക്തിപരമായ അഭിപ്രായമുള്ളത് കുറ്റമാണ് അവന്റെ മാസ്റ്ററുടെ ശബ്ദമാണ് മഹത്വരംഎന്ന വിനുവിന്റെ ട്വീറ്റാണ് സംശയങ്ങൾ ഉയർത്തുന്നത്. സാധാരണ ഉപയോഗിച്ച ഹാഷ് ടാഗ് ഇതിനൊപ്പം ഉപയോഗിച്ചിട്ടുമില്ല. വാക്‌സിനേഷന് പോലും സാധ്യതയില്ല ആഴത്തിലുള്ള മുറിവാണ് ഉണ്ടായത്. സത്യസന്ധതയിൽ വിട്ടുവീഴ്ച ചെയ്യാത്ത മാദ്ധ്യമ പ്രവർത്തകനെക്കാൾ കുടിയനായ പട്ടിക്കുട്ടിയാണ് കൂടുതൽ വിശ്വസ്തൻ! എന്ന ട്വീറ്റിനും അർത്ഥതലങ്ങൾ ഏറെയാണ്. എന്നാൽ ഏഷ്യാനെറ്റിലെ മറ്റ് മാദ്ധ്യമപ്രവർത്തകർ ആരും പരസ്യമായി ഈ വിഷയത്തിൽ പ്രതികരിക്കുന്നുമില്ല. അതിനിടെ വിനു വി ജോണിന്റെ ട്വിറ്റർ അക്കൗണ്ടും അപ്രത്യക്ഷമായി.
എക്‌സൈസ് കമ്മീഷണറായി ചുമതലയേറ്റെടുത്തശേഷം ഋഷിരാജ് സിങ് സങ്കേതം പൂട്ടിക്കുമെന്നുതന്നെയായിരുന്നു കുടിയന്മാരല്ലാത്ത മാദ്ധ്യമപ്രവർത്തകരുടെ പ്രതീക്ഷ. പക്ഷേ അതു തെറ്റിു. അധികാരം ഏറ്റെടുത്ത് രണ്ടാമത്തെ ആഴ്ച സങ്കേതത്തിന് തൊട്ടടുത്തുള്ള രണ്ടു ക്ലബ്ബുകളിൽ സിങ്കമെത്തി. ലൈസൻസോടുകൂടി പ്രവർത്തിക്കുന്ന ഈ രണ്ടു ക്ലബ്ബുകളിലും നിയമവിരുദ്ധമായി എന്തെങ്കിലും നടക്കുന്നുണ്ടോ എന്ന് പരിശോധിച്ച അദ്ദേഹം ഉടൻ സങ്കേതത്തിൽ കയറിയില്ല. റോഡിൽ നിൽക്കുമ്പോൾതന്നെ മദ്യത്തിന്റെ മണം ലഭിക്കുന്ന അനധികൃത ബാർ ആയിരുന്നിട്ടും സിങ്കം സങ്കേതത്തെ തിരിഞ്ഞുനോക്കാത്തതിനെതിരേ വനിതാ മാദ്ധ്യമപ്രവർത്തകരും മദ്യവിരുദ്ധരായ മാദ്ധ്യമപ്രവർത്തകരും വിമർശനവുമായി രംഗത്തുവന്നു. ഈ വികാരമാണ് ട്വീറ്റ് ചെയ്ത് വിനു വി ജോൺ പ്രകടിപ്പിച്ചത്.
സങ്കേതത്തിന് എതിരെ ആരെങ്കിലും പ്രതികരിച്ചാൽ ഒരു കൂട്ടം മാദ്ധ്യമപ്രവർത്തകർ ചേർന്ന് അവരെ തെറിവിളിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. സങ്കേതതത്തിന് എതിരെ വാർത്ത നൽകിയതിന്റെ പേരിൽ മാദ്ധ്യമപ്രവർത്തക സുനിത ദേവദാസിനെതിരെ തലസ്ഥാനത്തെ ഒരുവിഭാഗം പത്രക്കാർ കൂട്ടത്തോടെ സോഷ്യൽ മീഡിയയിൽ ആക്രമിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. സങ്കേതത്തിലെ മാദ്ധ്യമപ്രവർത്തകരുടെ മദ്യപാനം വാർത്തയാക്കിയതിന്റെ പേരിൽ മറുനാടൻ മലയാളിക്കെതിരെയും കടുത്ത ആക്രമണങ്ങൾ ഉണ്ടായിരുന്നു. മറുനാടൻ മലയാളി പൂട്ടിക്കുമെന്ന് ഭീഷണി മുഴക്കി നടന്ന മാദ്ധ്യമപ്രവർത്തകർ വരെയുണ്ടായിരുന്നു. സങ്കേതവുമായി ബന്ധപ്പെട്ട് നിരന്തരമായി സുനിത ദേവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റുകളും ഇവിടുത്തെ കുടിയന്മാരായ മാദ്ധ്യമപ്രവർത്തകരെ വിവാദത്തിലാക്കിയിരുന്നു. അനധികൃതമായി ബാർ പ്രവർത്തിക്കുന്ന തിരുവനന്തപുരം പ്രസ് ക്ലബിന്റെ കാര്യം ചൂണ്ടിക്കാട്ടി മാദ്ധ്യമപ്രവർത്തകയായ സുനിത ദേവദാസ് ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് സംഭവം വിവാദമായത്. പിന്നീട് പലരും ഏറ്റെടുത്തു.
തുടർന്ന് കേരള പത്രപ്രവർത്തക യൂണിയൻ മാദ്ധ്യമപ്രവർത്തകർക്കായി ഒരുക്കിയ സൗജന്യ കരൾ പരിശോധനയുടെ കാര്യം ചൂണ്ടിക്കാട്ടിയുള്ള സുനിതയുടെ ഫേസ്ബുക്ക് പോസ്റ്റുകളും ഒരു വിഭാഗത്തിന്റെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ അണ്ടർഗ്രൗണ്ടിലാണ് സങ്കേതം പ്രവർത്തിച്ചിരുന്നത്്. അരണ്ട വെളിച്ചവും സീറ്റ് അറേഞ്ച്‌മെന്റുകളും ഉള്ള സങ്കേത്തിലെ സൗകര്യങ്ങൾപോലും അടുത്തിടെ വീണ്ടും മെച്ചപ്പെടുത്തിയിരുന്നു. ലൈസൻസ് പോലും ഇല്ലാതെ പ്രവർത്തിക്കുന്ന ഇവിടം സാധാരണ ബാറിന്റെ അതേ നിലയിൽ തന്നെയായിരുന്നു പ്രവർത്തിച്ചത്. പ്രസ് ക്ലബ്ബിൽ അംഗത്വം ഉള്ള ആർക്കും ഇവിടെ കയറി മദ്യം കഴിക്കവുന്ന സാഹചര്യമായിരുന്നു സങ്കേതത്തിൽ.
പത്രപ്രവർത്തകൻ എന്ന ആനുകൂല്യം കൈപ്പറ്റാനും അക്രഡിറ്റേഷനും മറ്റും സംഘടിപ്പിക്കാനും മാത്രമായി തല്ലിക്കൂട്ടി ഉണ്ടായക്കിയിട്ടുള്ള ചില പ്രാദേശികസായാഹ്ന പത്രങ്ങളുടെ പ്രതിനിധികൾ എല്ലാ സമയത്തും ഈ ബാറിൽ തന്നെയാണ് കഴിയുന്നത് എന്ന ആരോപണവും ഉണ്ട്. ഇവരിൽ ചിലർ മദ്യപിച്ച ശേഷം പ്രസ് ക്ലബ് ഹാളിൽ വന്നിരിക്കുന്നത് അസൗകര്യം ഉണ്ടാക്കുന്നു എന്നു ചില ജേർണലിസ്റ്റ് വിദ്യാർത്ഥികൾ മുമ്പ് തന്നെ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇപ്പോൾ ഋഷിരാജ് സിങ് വന്നിട്ടു പോലും സങ്കേതത്തിനെതിരെ ചെറുവിരൽ അനക്കാൻ തയ്യാറാകാത്തതാണ് വിനു വി ജോണിനെ പോലുള്ള മാദ്ധ്യമപ്രവർത്തകരെയും ചൊടിപ്പിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top