പ്രസവിക്കാൻ വരട്ടെ ഡോക്ടർ പാർട്ടിയിലാണ്; ജനറേറ്ററിൽ ഒഴിക്കാൻ ഡീസലില്ല; സർക്കാർ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയ നടത്തിയത് മൊബൈലിന്റെ വെളിച്ചത്തിൽ: ഡോക്ടറെത്താൻ വൈകിയത്തോടെ ശസ്ത്രക്രിയ നടത്തിയത് നാലു നഴ്‌സുമാർ ചേർന്ന്

സ്വന്തം ലേഖകൻ

ഗുരുഗ്രാം: ഡിജിറ്റൽ ഇന്ത്യയും, കോടികളുടെ വ്യാപാരങ്ങളുടെ കണക്കുകളും നിരത്തുന്ന രാജ്യത്തെ ഭരണാധികാരികളുടെ കണ്ണുതുറപ്പിക്കണെ ഈ സർക്കാർ ആശുപത്രിയിലെ ദുരിതം. പ്രസവവേദന എടുത്ത് അടിയന്തര ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ തീയറ്ററിൽ കയറ്റിയ ഗർഭിണി വേദന തിന്നു കഴിഞ്ഞ രണ്ട് മണിക്കൂറിലേറെ നേരം. മണിക്കൂറുകൾ കാത്തിരുന്നിട്ടും ഡോക്ടർമാർ എത്താതിരുന്നതിനെ തുടർന്നു നാലു നഴ്‌സുമാർ ചേർന്ന് ശസ്ത്രക്രിയ ആരംഭിച്ചു. ഇതിനിടെ വൈദ്യുതിയും മുടങ്ങി. പിന്നീടുള്ള ശസ്ത്രക്രയയും കുട്ടിയെ പുറത്തെടുത്തതും എല്ലാം നഴ്‌സുമാരിൽ ഒരാളുടെ മൊബൈലിന്റെ വെളിച്ചതിൽ. ആശുപത്രിയിലെ ജനറേറ്ററിൽ ഡീസൽ നിറയ്ക്കാനില്ലാതിരുന്നതാണ് ശസ്ത്രക്രിയ്ക്കിടെ വൈദ്യുതി മുടങ്ങുന്നതിനു ഇടയാക്കിയത്. ഡോക്ടർമാരുടെ സംഘടനയുടെ മീറ്റിങ്ങിന്റെ ഭാഗമായുള്ള പാർട്ടിയിലായതിനാലാണ് ശസ്ത്രക്രിയയ്ക്കു സമയത്ത് എത്താനാവാതിരുന്നതെന്ന വിശദീകരണമാണ് ഡോക്ടർ നൽകുന്നത്.
ഹരിയാനയിലെ ഗുരുഗ്രാമിലെ സർക്കാർ ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ആശുപത്രിയിലെ നഴ്‌സിങ് ജീവനക്കാർ വാർഡിൽ പരിശോധന നടത്തുന്നതിനിടെ ഗർഭിണിയായ സ്ത്രീയ്ക്കു പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. ആവശ്യത്തിലും അധികം ഭാരം ഗർഭസ്ഥ ശിശുവിനു ഉണ്ടായിരുന്നതിനാൽ സ്വഭാവികമായ പ്രസവം ഉണ്ടാകില്ലെന്നു തിരിച്ചറിഞ്ഞ നഴ്‌സുമാർ ഡോക്ടറെ വിവരം അറിയിച്ചു. അനസ്‌തേഷ്യ നൽകുന്നതിനുള്ള ഡോക്ടർ ആശുപത്രിയിൽ എത്തിയെങ്കിലും ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർ എത്തിയില്ല. രണ്ടു മണിക്കൂറോളം ഇവർ കാത്തിന്നെങ്കിലും പ്രസവ ശസ്ത്രക്രിയ വിദഗ്ധൻ എത്തിയില്ല. ഇതിനിടെ യുവതിയ്ക്കു വേദന മാറിയും മറിഞ്ഞും വന്നുകൊണ്ടിരുന്നു.
ഡോക്ടർ എത്തുന്നില്ലെന്നു തിരിച്ചറിഞ്ഞ നഴ്‌സുമാർ ചേർന്നു ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. അനസ്‌തേഷ്യ ഡോക്ടറിന്റെ അനുമതിയോടെ ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. ഇതിനിടെ അപ്രതീക്ഷിതമായി ആശുപത്രിയിലെ വൈദ്യുതി ബന്ധം മുടങ്ങി. ജനറേറ്റർ പ്രവർത്തിപ്പിച്ചു ശസ്ത്രക്രിയാ മുറിയിൽ വൈദ്യുതി എത്തിക്കാൻ നിർദേശിച്ചെങ്കിലും ജനറേറ്ററിൽ ഡീസലില്ലെന്ന മറുപടിയാണ് ആശുപത്രി അധികൃതർ നൽകിയത്. തുടർന്നു നഴ്‌സുമാരിൽ ഒരാളുടെ മൊബൈൽ ഫോൺ പ്രവർത്തിപ്പിച്ച് ഇതിന്റെ വെളിച്ചത്തിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു. കുട്ടിയും അമ്മയും സുഖമായി ഇരിക്കുന്നതായി ആശുപത്രി വൃത്തങ്ങൾ വെളിപ്പെടുത്തി. എന്നാൽ, രഹസ്യ കാരണങ്ങളാൽ കുഞ്ഞിന്റെയും അമ്മയുടെയും പേരും വിശദാംശങ്ങളും ഇവർ പുറത്തിവിട്ടില്ല.
ഡോക്ടർക്കെതിരെ യുവതിയുടെ ബന്ധുക്കൾ ഹരിയാന സർക്കാരിനും ആരോഗ്യ മന്ത്രാലയത്തിനും പരാതി നൽകിയെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കൾ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top