സിസ്റ്റര്‍ അമല കൊലക്കേസ്: പ്രതിയെ ഇന്ന് ഹരിദ്വാറിലെ കോടതിയില്‍ ഹാജരാക്കും; നാളെ നാട്ടിലെത്തിച്ചേക്കും

ഹരിദ്വാര്‍: പാലായിലെ കര്‍മ്മലീത്താ ലിസ്യൂ മഠത്തില്‍കൊല്ലപ്പെട്ട സിസ്റ്റര്‍ അമലയുടെ കൊലക്കേസിലെ പ്രതി സതീഷ് ബാബുവിനെ ഇന്നു ഹരിദ്വാറിലെ കോടതിയില്‍ ഹാജരാക്കും.കൊലപാതകേസ് അന്വേഷിക്കുന്ന കേരള പൊലീസ് സംഘം ഹരിദ്വാറിലെ കോട്ടുവാലിയിലത്തെി. പാലാ ഡി.വൈ.എസ്.പി. സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോട്ടുവാലിയിലത്തെിയത്. കഴിഞ്ഞ ദിവസം ഹരിദ്വാറില്‍ വെച്ച് അറസ്റ്റിലായ പ്രതി സതീഷ് ബാബു കോട്ടുവാലി പൊലീസ് സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്. ഇയാളെ ഹരിദ്വാര്‍ പൊലീസ് അന്വേഷണസംഘത്തിന് കൈമാറും.
പാലാ ലിസ്യു മഠത്തിലെ സിസ്റ്റര്‍ അമല തലയ്ക്കടിയേറ്റ് മരിച്ച കേസില്‍ പ്രതി സതീഷ്ബാബു ബുധനാഴ്ചയാണ് ഹരിദ്വാര്‍ പോലീസിന്റെ പിടിയിലായത്. ഹരിദ്വാറിലെ അയ്യപ്പക്ഷേത്രത്തിലെ ആശ്രമത്തില്‍ താമസിക്കുകയായിരുന്നു ഇയാള്‍. കയ്യിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ട് ഹരിദ്വാറില്‍ കുടുങ്ങിയെന്നാണ് ക്ഷേത്രം അധികൃതരെ ഇയാള്‍ അറിയിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. സതീഷ് ബാബുവിന്റെ ബന്ധുക്കളുടെ ഫോണ്‍ നമ്പറുകള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഈ നമ്പറുകള്‍ പിന്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Top