കോട്ടയം: കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ നടപടി കടുപ്പിച്ച് കത്തോലിക്കാ സഭ. ഫെബ്രുവരി ആറിനകം നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നും ഇല്ലെങ്കില്‍ കാനോന്‍ നിയമപ്രകാരം നടപടി നേരിടേണ്ടിവരുമെന്നും സഭ സിസ്റ്റര്‍ ലൂസിക്ക് മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. രണ്ടാമത്തെ വാണിങ് ലെറ്ററാണ് സിസ്റ്റര്‍ ലൂസിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. സഭാ ചട്ടപ്രകാരം മൂന്ന് വാണിങ് ലെറ്റര്‍ ലഭിക്കുമെന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുര പറയുന്നത്. കൂടുതല്‍ കുറ്റാരോപണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ വാണിങ് ലെറ്റര്‍ നല്‍കിയിരിക്കുന്നത്. വൈകിട്ട് താമസിച്ച് മഠത്തില്‍ എത്തുന്നു. സഭാ വസ്ത്രം ധരിക്കാതെ ചിത്രമിട്ടു, മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയത് ശരിയായില്ല, ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു തുടങ്ങിയ ആരോപണങ്ങളാണ് ലെറ്ററിലുള്ളത്.ആലുവയിലെ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നാണ് മദര്‍ സുപ്പീരിയറിന്റെ മുന്നറിയിപ്പ് കത്തില്‍ പറയുന്നത്. തന്റെ ഭാഗത്ത് തെറ്റൊന്നുമുണ്ടായിട്ടില്ലെന്നും അതിനാല്‍ പഴയ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്നാണ് സിസ്റ്റര്‍ ലൂസി പറയുന്നത്. അതേസമയം വിശദീകരണം നല്‍കാന്‍ തനിക്ക് ബാധ്യതയുണ്ടെന്നും അത് ഏതു തരത്തില്‍ നിര്‍വഹിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ നടപടി കടുപ്പിച്ച് കത്തോലിക്കാ സഭ ;പുതിയ കുറ്റങ്ങള്‍ നിരത്തി സഭയുടെ രണ്ടാം മുന്നറിയിപ്പ്
Tags: sister lusy