
വാഷിംഗ്ടണ്‍: അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. ജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രത നിര്‍ദേശം നല്‍കി. വെള്ളപ്പൊക്കത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലും വെള്ളം കയറി. വൈറ്റ് ഹൗസിന്റെ ബേസ്മെന്റില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വെസ്റ്റ് വിംഗ് ഏരിയയിലാണ് വെള്ളം കയറിയത്. മാദ്ധ്യമ പ്രവര്‍ത്തകര്‍ തന്നെയാണ് ഇതിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടത്.
റോഡുകളിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാര്‍ യാത്രികരെയും മറ്റും സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. ഇന്നലെ പെയ്ത കനത്ത മഴയാണ് വാഷിംഗ്ടണില്‍ വെള്ളപ്പൊക്കത്തിനിടയാക്കിയത്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വാഷിംഗ്ടണ്‍ നഗരത്തിലെ റോഡ്, റെയില്‍ ഗതാഗതം താറുമാറായി. വാഷിംഗ്ടണിലെ നാഷണല്‍ ആര്‍ച്ചീവ് ബില്‍ഡിംഗ്, പ്രമുഖ മ്യൂസിയങ്ങള്‍, സ്മാരകങ്ങള്‍ എന്നിവ താത്കാലികമായി അടച്ചിരിക്കുകയാണ്. സമീപ സംസ്ഥാനങ്ങളായ മേരിലാന്റ്, വിര്‍ജീനിയ പ്രദേശങ്ങളിലും മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്ക ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാഷിംഗ്ടണിലെ പ്രധാന മെട്രോ സ്റ്റേഷനുകളും പാര്‍ക്കിംഗ് ഏരിയകളും മറ്റും വെള്ളത്തില്‍ മുങ്ങി. പോടോമാക് നദി കരകവിഞ്ഞതാകാം വെള്ളപ്പൊക്കത്തിനിടെയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, മേഘവിസ്ഫോടനത്തെ തുടര്‍ന്ന് കനത്ത മഴയുണ്ടായതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്നും പറയപ്പെടുന്നു. ഒരു മാസം കിട്ടേണ്ട മഴയാണ് തിങ്കളാഴ്ച മാത്രം പെയ്തത്. മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മഴയില്‍ ആദ്യ ഒരു മണിക്കൂറിനകം നഗരത്തില്‍ നാലിഞ്ച് വെള്ളം പൊങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. മഴ തുടരാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.