ദില്ലി: എസ്എൻസി ലാവ്ലിൻ കേസ് വീണ്ടും മാറ്റിവെച്ചു. കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിൽ നിന്ന് ജസ്റ്റിസ് സിടി രവികുമാർ പിന്മാറി. അഭിഭാഷകൻ സമയം തേടിയ സാഹചര്യത്തിലാണ് ഇന്ന് കേസ് മാറ്റിയത്. കേസിൽ ഹൈക്കോടതിയിൽ വാദം കേട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് സിടി രവികുമാർ പറഞ്ഞു. ജസ്റ്റിസുമാരായ എംആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കാനിരുന്നത്.
കേസ് പരിഗണനയ്ക്ക് വന്നപ്പോൾ ഹൈക്കോടതിയിൽ കേസിൽ താൻ വാദം കേട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് സിടി രവികുമാർ പറഞ്ഞു. താൻ പിന്മാറേണ്ടതുണ്ടോയെന്ന് ചോദിച്ച ജസ്റ്റിസ് പിന്നീട് പിന്മാറുകയായിരുന്നു. ഇദ്ദേഹം സ്വയം കാരണം വിശദീകരിച്ച് പിന്മാറുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീം കോടതിയിലുള്ളത്. നാലാം നമ്പർ കോടതിയിൽ ഇരുപത്തിയൊന്നാമത്തെ കേസായാണ് ഇന്ന് ലാവ്ലിൻ കേസ് ലിസ്റ്റ് ചെയ്തത്.
ഹര്‍ജികള്‍ ജസ്റ്റിസുമാരായ എം ആര്‍ ഷാ, മലയാളിയായ സിടി രവികുമാര്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അസുഖബാധിതനായതിനാല്‍ ഇന്ന് കേസ് പരിഗണിക്കരുതെന്ന് ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസിന്‍റെ അഭിഭാഷകന്‍ സുപ്രീം കോടതി റജിസ്ട്രാര്‍ക്ക് കത്തുനല്‍കിയിരുന്നു. കേസ് മൂന്നാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
കഴിഞ്ഞ 32 തവണയും പല കാരണങ്ങളാല്‍ പരിഗണിക്കപ്പെടാതിരുന്ന ഹര്‍ജി അഞ്ച് മാസത്തിന് ശേഷമായിരുന്നു ഇന്ന് വീണ്ടും ലിസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ വകുപ്പ് മുന്‍ സെക്രട്ടറി കെ മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതിനെതിരെ 2017 ഡിസംബറിലായിരുന്നു സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. 2018 ജനുവരിയില്‍ കോടതി നോട്ടീസ് അയച്ചു. പിന്നീട് പലവട്ടം കേസ് ലിസ്റ്റ് ചെയ്‌തെങ്കിലും പരിഗണിച്ചിരുന്നില്ല.