സോഷ്യല്‍മീഡിയ ഹര്‍ത്താലിന്റെ പേരില്‍ കണ്ണൂരില്‍ അഴിഞ്ഞാട്ടം

കണ്ണൂര്‍: ഹര്‍ത്താലിന് ആഹ്വാനം ചെയ്തു കൊണ്ടു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച സന്ദേശം മറയാക്കി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടയടപ്പിക്കലും വഴിതടയലും. സോഷ്യല്‍മീഡിയയിലൂടെ സംഘടിച്ച ജനകീയസമിതി എന്ന് സ്വയം വിശേഷിപ്പച്ചാണ് പലയിടത്തും ആളുകള്‍ കടകള്‍ അടപ്പിക്കാനും ദേശീയപാതയിലടക്കം ഗതാഗതം തടയാനും മുന്നിട്ടിറങ്ങിയത്. ഹര്‍ത്താലിന്റെ മറവില്‍ കണ്ണൂര്‍ നഗരത്തില്‍ എസ്ഡിപിഐയുടെ നേതൃത്വത്തില്‍ അഴിഞ്ഞാട്ടം. രാവിലെ മുതല്‍ വാഹനങ്ങള്‍ തടയുകയും ബലമായി കടകള്‍ അടപ്പിക്കുകയും ചെയ്ത ഒരുസംഘം ഉച്ചയ്ക്ക് പന്ത്രണ്ടോടെ ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് തടഞ്ഞതോടെ സംഘര്‍ഷമായി. പോലീസ് ലാത്തിവീശി ഹര്‍ത്താല്‍ അനുകൂലികളെ ഓടിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത ജനകീയ ഹര്‍ത്താലിന്റെ മറവില്‍ മതതീവ്രവാദ സംഘടനകളാണെന്ന് മനസിലാക്കുന്നതില്‍ പോലീസും ഇന്റലിജന്‍സും പൂര്‍ണമായും പരാജയപ്പെട്ടിരുന്നു. രാവിലെ മലബാറിലെ വിവിധ മേഖലകളില്‍ സംഘര്‍ഷമുണ്ടായപ്പോഴാണ് സ്ഥിതി മോശമാണെന്ന തിരിച്ചറിവ് പോലീസിനുണ്ടാകുന്നത്. ഇതോടെ രംഗത്തിറങ്ങിയ പോലീസ് ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂരില്‍ സംഘര്‍ഷം അരങ്ങേറിയത്. സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് പിന്നില്‍ വലിയ തോതില്‍ മുന്നൊരുക്കം നടന്നിട്ടുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കാശ്മീരില്‍ കൊല്ലപ്പെട്ട എട്ട് വയസുകാരിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് രാവിലെ ഹര്‍ത്താല്‍ അനുകൂലികള്‍ തെരുവിലിറങ്ങിയതെങ്കിലും കണ്ണൂര്‍ പോലീസ് സ്റ്റേഷനിലേക്ക് നടന്ന മാര്‍ച്ചില്‍ വിളിച്ചത് തീവ്രമുദ്രാവാക്യങ്ങളായിരുന്നു. സോഷ്യല്‍മീഡിയയിലൂടെ തന്നെ നടന്ന മറ്റൊരു ക്യാംപെയ്‌ന്റെ ഭാഗമായി ഇന്നലെ കേരളത്തിലെ പ്രധാന തെരുവുകളില്‍ ഇതേ വിഷയത്തില്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും യുവാക്കളും ഈ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

Top