എം.എല്‍.എ പി.കെ ശശിയുടെയും ഇരിങ്ങാലക്കുടയിലെ ഡിവൈഎഫ്‌ഐ നേതാവിന്റെയും ചെയ്തികള്‍ സിപിഎമ്മിന് കനത്ത പ്രഹരമായി മാറുകയാണ്. ശശിയുടെ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടന്നുവരുന്നതിനിടയിലാണ് ഡിവൈഎഫ്‌ഐ നേതാവ് ആര്‍എല്‍ ജീവന്‍ലാലിനെതിരെ സംഘടനയിലെ മെമ്പര്‍കൂടിയായ യുവതി പോലീസില്‍ പരാതി നല്‍കിയത്. സംഘടനയില്‍ പരാതിപ്പെട്ടപ്പോള്‍ നടപടി ഉണ്ടാകാത്തതാണ് പോലീസില്‍ കേസ് നല്‍കാന്‍ കാരണം.
താന്‍ നേരിട്ട അതിക്രമത്തെക്കുറിച്ച് പെണ്‍കുട്ടി സോഷ്യല്‍ മീഡിയയിലിട്ട പോസ്റ്റ് പുറത്ത് വന്നു. തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ കൂട്ടുവന്ന ജീവലാല്‍ അവിടെ എം.എല്‍.എ ഹോസ്റ്റലില്‍ വച്ച് അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും. റൂം വിട്ട് പുറത്ത് പോയ താന്‍ ബാഗെടുക്കാന്‍ തിരികെ വന്നപ്പോള്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കുതറി മാറുന്നതിനിടയില്‍ ജിവലാലിന്റെ ബാഗില്‍ കോണ്ടം കണ്ടുവെന്നും കരുതിക്കൂട്ടിയാണ് ഇയാള്‍ തനിക്കെതിരെ അക്രമം പ്രവര്‍ത്തിച്ചതെന്നും പെണ്‍കുട്ടി പറയുന്നു.
പാര്‍ട്ടിയില്‍ പരാതി പറഞ്ഞിട്ടും ഗുണമുണ്ടായില്ലെന്നും അതിനാല്‍ പാര്‍ട്ടി ഉപേക്ഷിക്കാന്‍ തീരുമാനിച്ചെന്നുമാണ് പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നത്. പോസ്റ്റ് ഒരു ഓൺലൈൻ പത്രം പുറത്ത് വിട്ടു
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
Dyfi ഇരിഞ്ഞാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും സിപിഐ (എം) പാര്‍ട്ടിമെമ്പറും കൂടിയായ R.L ജീവന്‍ലാല്‍ എന്നോട് അപമര്യാദയായി പെരുമാറിയിരുന്നു. ഇതിനെത്തുടര്‍ന്ന് പാര്‍ട്ടിക്ക് പരാതി കൊടുത്തിരുന്നു. മഹിളക്ക് പരാതി കൊടുക്കുന്നുണ്ടെന്നു പാര്‍ട്ടിയിലെ ചിലരോട് പറഞ്ഞപ്പോള്‍ അത് വേണ്ടായെന്നു പറഞ്ഞതിനെത്തുടര്‍ന്നു അതുകൊടുത്തില്ല. പിന്നീട് മഹിളയെയും അറിയിച്ചിരുന്നു. ഞങ്ങള്‍ നിയമപരമായി പോകാന്‍ തീരുമാനമെടുത്തപ്പോള്‍ അത് പാര്‍ട്ടിക്ക് ദോഷമാണെന്ന് അവര്‍ പറഞ്ഞതിനെത്തുടര്‍ന്ന് ഈ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നതുകൊണ്ടും അവരുടെ വാക്കുകള്‍ കേട്ടു.പാര്‍ട്ടിയില്‍ നിന്നും സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കിയാല്‍ അത് പാര്‍ട്ടിക്കും Dyfi ക്കും മോശമാണെന്നും Dyfi ലേക്ക് പെണ്കുട്ടികള്‍ വന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഇങ്ങനെയൊരു കാര്യം അറിഞ്ഞാല്‍ അതിനെ പ്രതികൂലമായി ബാധിക്കുമെന്നും Dyfi ബ്ലോക്ക് സെക്രട്ടറി R.L ശ്രീലാല്‍ പറഞ്ഞിരുന്നു.
ഇതിനുമുമ്പും Dyfi ലെ മറ്റൊരു പെണ്കുട്ടിയോട് ഈ വ്യക്തി മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ആ പെണ്കുട്ടി പരാതി കൊടുത്തിരുന്നു. എനിക്ക് നേരെ ഇങ്ങനെയൊരു സംഭവം ഉണ്ടായതിനു ശേഷമാണ് ആ പ്രശ്നം ഞാന്‍ അറിയുന്നത്. ആ പരാതിക്ക് ഒരു നടപടി എടുത്തിരുന്നെങ്കില്‍ ഈ വ്യക്തിയുടെ ഇങ്ങനെയൊരു സ്വാഭാവത്തെപ്പറ്റി അറിഞ്ഞിരുന്നെങ്കില്‍ എനിക്ക് നേരെ ഇങ്ങനെയൊരു പ്രശ്നത്തിന് സാഹചര്യം ഉണ്ടാകില്ലായിരുന്നു. ഞാനും ഇനി ഇവിടെ പ്രതികരിക്കാതിരുന്നാല്‍ മറ്റൊരു പെണ്കുട്ടിക്ക് ഇത് ആവര്‍ത്തിക്കും. ഇനി ഒരു പെണ്കുട്ടിക്കും ഇത് ആവര്‍ത്തിക്കരുത്.അതുകൊണ്ട് തന്നെയാണ് ശക്തമായി മുന്നോട്ടു പോയത്. പരാതി രേഖാമൂലം എഴുതിത്ത്ത്ത്തരാം എന്നു പറഞ്ഞപ്പോള്‍ ശ്രീലാലേട്ടന്‍ അതു വേണ്ടായെന്നും നടപടി എടുക്കാം എന്നും പറഞ്ഞിരുന്നു. ജീവന്‍ലാല്‍ കാസര്‍കോടോ കണ്ണൂരോ ജോലിസംബദ്ധമായി പോയതിനാല്‍ വന്നതിനു ശേഷം അന്വേഷിച്ചു തീരുമാനം എടുക്കാം എന്നാണ് AC സെക്രട്ടറി പ്രേമേട്ടന്‍ പറഞ്ഞത്.
തീരുമാനങ്ങള്‍ ഒന്നും ആവാത്തതിനെ തുടര്‍ന്ന് നിയമപരമായി ഞങ്ങള്‍ കേസിനു പോകാണെന്ന് അവരെ അറിയിച്ചപ്പോള്‍ പിറ്റേ ദിവസം AC കമ്മിറ്റി കൂടി തീരുമാനം എടുക്കുമെന്നും ഞങ്ങളോട് കേസിനു പോകരുതെന്നും പറഞ്ഞു. AC കമ്മിറ്റിയില്‍ R.L ജീവന്‍ലാല്‍ എന്ന വ്യക്തിയെ പാര്‍ട്ടിയില്‍ നിന്നും Dyfi യില്‍ നിന്നും പുറത്താക്കി എന്നും അയാളുടെ L.C യിലേക്ക് ലെറ്റര്‍ കൊടുത്തിട്ടുണ്ട് എന്നുമാണ് ജൂലൈ 12 ന് അറിയിച്ചത്. പിന്നെ മഴ വിതച്ച പ്രളയത്തെ തുടര്‍ന്ന് ഈ കാര്യത്തില്‍ ക്ഷമാപൂര്‍വ്വം കാത്തിരുന്നു. 2 ദിവസം മുന്‍പ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടില്ല എന്നറിഞ്ഞപ്പോള്‍ അച്ഛന്‍ AC സെക്രട്ടറി പ്രേമേട്ടനെ വിളിച്ചിരുന്നു. തീരുമാനം എടുത്തോണ്ടിരിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്രയും നാള്‍ കാത്തിരുന്നത്കൊണ്ട് 2 ദിവസം കൂടി നോക്കാം എന്നു കരുതി. പിന്നെ ആരും ഒന്നും പറഞ്ഞില്ല. പാര്‍ട്ടിയോടുള്ള വിശ്വാസം ഇല്ലാതാക്കുന്ന സമീപനമാണ് എല്ലാവരില്‍ നിന്നും ലഭിച്ചത്.
ഇങ്ങനെ തെറ്റു ചെയ്തവനെ സംരക്ഷിക്കാന്‍ നോക്കുന്ന ഒരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് താല്പര്യമില്ല. എന്റെ അമ്മയും പാര്‍ട്ടിയിലും സ്ഥാനങ്ങളിലും തുടരാന്‍ ആഗ്രഹിക്കുന്നില്ല എന്ന തീരുമാനവും എടുത്തു. ഇന്ന് AC യില്‍ പോയി ലെറ്റര്‍ കൊടുത്തിരുന്നു.ഇതിനുമുമ്പും മറ്റുപെണ്കുട്ടികളോട് അപമര്യാദയായി പെറുമായി എന്നു ഇത് കഴിഞ്ഞ് പലരും പറഞ്ഞിരുന്നു.അതിനെക്കുറിച്ചു വ്യക്തമായി അറിയില്ല. സ്ത്രീകളോട് ഇങ്ങനെയുള്ള സമീപനം കാണിച്ച, സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ച ഈ വ്യക്തിക്കെതിരെ നിയമത്തിന്റെ സഹായം തേടുന്നതാണ് നല്ലതെന്ന് തീരുമാനിച്ചു. ആ വ്യക്തിയില്‍ നിന്നും ഒരിക്കലും ഇങ്ങനെയൊരു സമീപനം പ്രതീക്ഷിച്ചിരുന്നില്ല.’നീ ഒരു പെണ്കുട്ടിയാണ് ഇത് മറ്റുള്ളവര്‍ അറിഞ്ഞാല്‍ നിന്റെ ഭാവിക്ക് പ്രശ്നമാണ് എന്നു പലരും പറഞ്ഞിരുന്നു’. ഭാവിയെക്കുറിച്ച് ആലോചിച്ച് തെറ്റ് ചെയ്തവനേ സംരക്ഷിച്ചാല്‍ മറ്റൊരു പെണ്കുട്ടിക്ക് നേരെയും ഇത് ആവര്‍ത്തിക്കില്ലേ?? ഇനി ഒരു പെണ്കുട്ടിക്കും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ഏത് അറ്റം വരെ പോകാന്‍ പറ്റും അത് ഞാന്‍ ചെയ്യും.
സമൂഹം ഇതിനെത്തുടര്‍ന്ന് എന്നെ ആക്ഷേപിച്ചാലും അവഗണിച്ചാലും പരിഹസിച്ചാലും പുച്ഛിച്ചാലും ഇങ്ങനെയൊരു തെറ്റ് ചെയ്ത ആ വ്യക്തിക്കെതിരെ ശക്തമായി തന്നെ മുന്നോട്ട് പോകും. ചെറുപ്പം തൊട്ട് വിശ്വസിച്ച ഈ പര്‍ട്ടിയില്‍ നിന്നും വളരെ വേദനിച്ചുകൊണ്ടാണ് പുറത്തുപോകുന്നത്.”