ബെംഗളൂരു: നഗരത്തിലെ പ്രമുഖ സ്‌കൂളില്‍ മകനെ പടിപ്പിക്കണമെന്ന ആഗ്രഹം സഫലമാകാത്തതിനാല്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിച്ചു. മാര്‍ത്തഹള്ളിയിലെ സ്വകാര്യ സ്ഥാപനത്തില്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയറായ പട്ന സ്വദേശി റിതീഷ് കുമാറാണ് (35) മരിച്ചത്.
പ്രമുഖ സ്‌കൂളില്‍ ഏഴുവയസ്സുകാരനായ മകന് പ്രവേശനം വാഗ്ദാനംചെയ്ത് ട്യൂഷന്‍ സെന്റര്‍ ഉടമ വാങ്ങിയ തുകയില്‍ 1.25 ലക്ഷം രൂപ തിരിച്ചുനല്‍കാത്തതിനെത്തുടര്‍ന്നാണ് റിതീഷ് കുമാര്‍ ദേഹത്ത് തീകൊളുത്തിയത്.
സ്‌കൂളില്‍ മകന് പ്രവേശനം ലഭിക്കാത്തതിനെത്തുടര്‍ന്ന് പണം ആവശ്യപ്പെട്ടെങ്കിലും തിരിച്ചുനല്‍കിയില്ല. ഇതേത്തുടര്‍ന്ന് ജെ.പി. നഗറിലെ ട്യൂഷന്‍ സെന്ററിന് മുന്നിലെത്തി ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റിതീഷ് കുമാറിനെ വിക്ടോറിയ ആസ്?പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ട്യൂഷന്‍ സെന്റര്‍ ഉടമ ആദിത്യ ബജാജിനും പൊള്ളലേറ്റിരുന്നു. ഇയാള്‍ ആസ്?പത്രിയില്‍ ചികിത്സയിലാണ്.
പണം തിരിച്ചുകിട്ടുന്നതിനായി ഭീഷണിപ്പെടുത്താനാണ് തീകൊളുത്താന്‍ ശ്രമിച്ചതെന്നും എന്നാല്‍, അബദ്ധത്തില്‍ തീപടരുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ആദിത്യ ബജാജിനും പൊള്ളലേറ്റത്. ആദിത്യ ബജാജിന്റെപേരില്‍ ആത്മഹത്യപ്രേരണ കുറ്റത്തിന് കേസെടുത്തതായി ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ എസ്.ഡി. ശരണപ്പ പറഞ്ഞു.
ആറുലക്ഷം രൂപയ്ക്ക് സ്‌കൂളില്‍ പ്രവേശനം നല്‍കുമെന്നാണ് ആദിത്യ ബജാജ് വാഗ്ദാനം നല്‍കിയിരുന്നത്. ഇതിന്റെ ഭാഗമായി രണ്ടരലക്ഷംരൂപ റിതീഷ് കുമാറില്‍നിന്ന് വാങ്ങുകയും ചെയ്തു. എന്നാല്‍, പ്രവേശനം ലഭിക്കാത്തതിനെത്തുടര്‍ന്ന് 1.25 ലക്ഷം രൂപ തിരിച്ചുനല്‍കി. ബാക്കിതുക തിരിച്ചുനല്‍കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിക്കാന്‍ റിതീഷ് കുമാര്‍ തയ്യാറായില്ലെന്ന് പോലീസ് പറഞ്ഞു.