കൊച്ചി: മുൻ മുഖ്യമന്ത്രി അടക്കം യു.ഡി.എഫ്. നേതാക്കളെ ഒന്നടങ്കം വിവാദത്തിലേക്ക് തള്ളിവിട്ട സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഉടനെങ്ങും പുറത്തു വിടാന്‍ പിണറായി സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല.നിയമസഭയിൽ വയ്ക്കുന്നതിന് മുൻപ് സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടുന്നത് നിയമസഭയുടെ അവകാശലംഘനമാണെന്നായിരുന്നു ഇത് വരെയുള്ള സർക്കാർ നിലപാട്. എന്നാൽ മന്ത്രിസഭാ യോഗങ്ങളിലെ തീരുമാനപ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന മുറക്ക് മാത്രമെ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വിടാനാകൂ എന്നാണ് ഇപ്പോൾ സർക്കാർ പറയുന്നത്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ആരാഞ്ഞുകൊണ്ടു റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് അഡ്വ. ഡി.ബി. ബിനു നല്‍കിയ അപേക്ഷയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്.ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തു വച്ചാലും അതിലെ വിശദാംശങ്ങള്‍ ഉടന്‍ ലഭ്യമാവില്ലെന്ന് ചുരുക്കം. ഇത് സര്‍ക്കാരിന്റെ മുന്‍ നിലപാടില്‍ നിന്നുള്ള പിന്‍മാറ്റമാണ്. സോളാര്‍ വിഷയത്തില്‍ നവംബര്‍ ഒന്‍പതിന് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നുണ്ട്.
സോളാറിലെ നടപടി റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുന്നതിനു വേണ്ടിയാണ് ഇത്. ഈ മാസം രണ്ടു തവണ ഇക്കാര്യത്തിന് മന്ത്രിസഭ ചേര്‍ന്ന് െകെക്കൊണ്ട തീരുമാനങ്ങളില്‍ ഇനിയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ഇക്കാരണത്താല്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം തല്‍ക്കാലം പുറത്തുവിടേണ്ടെന്നാണ് നിലപാടെന്നറിയുന്നു. വിവരാവകാശ നിയമപ്രകാരം അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നല്‍കുന്നതിന് തടസം പാടില്ലാത്തതാണ്.
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, ഇതുസംബന്ധിച്ച മന്ത്രിസഭാ തീരുമാനങ്ങള്‍, കമ്മിഷന്‍ സിറ്റിങിന് ആകെ ചെലവായ തുക തുടങ്ങിയ കാര്യങ്ങളാണ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിരുന്നത്. റിപ്പോര്‍ട്ട് ഔദ്യോഗിക വെബ്‌െസെറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 26 നാണ് കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ മാസം 11 ന് ചേര്‍ന്ന മന്ത്രിസഭാ യോഗം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് സോളാര്‍ ഇടപാടില്‍ ആരോപണ വിധേയരായ യു.ഡി.എഫ്. നേതാക്കള്‍ക്കെതിരേ ക്രിമിനല്‍ കേസുകള്‍ ചാര്‍ജു ചെയ്യാനെടുത്ത തീരുമാനം വിവാദമായിരുന്നു.നിയമസഭാ അംഗമായതിനാൽ റിപ്പോർട്ടിൽ ആരോപണവിധേയനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് റിപ്പോർട്ട് കിട്ടാനിടയുണ്ട്. എന്നാൽ പൊതുജനങ്ങളുടെ നികുതിപ്പണത്തിൽ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന്‍റെ കണ്ടെത്തലുകൾ മറച്ച് വയ്ക്കുന്നതിനെതിരെ സംസ്ഥാന വിവരാവകാശ കമ്മീഷന് പരാതി നൽകാനാണ് വിവരാവകാശ പ്രവർത്തകരുടെ തീരുമാനം.മാറാട് കലാപത്തെക്കുറിച്ചുള്ള ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് സർക്കാർ നിലപാടിൽ നിന്ന് വിരുദ്ധമായി വിവരാവകാശ നിയമപ്രകാരം ലഭ്യമായിരുന്നു. നിയമസഭ പാസാക്കിയ പ്രമേയത്തിന്‍റെ അടിസ്ഥാനത്തിൽ രൂപീകരിച്ച ജുഡീഷ്യൽ കമ്മീഷൻ അല്ലാത്തതിനാലാണ് വിവരാവകാശനിയമപ്രകാരം കമ്മീഷൻ റിപ്പോർട്ട് ലഭിച്ചത്