ഡല്‍ഹി: പാകിസ്ഥാനില്‍ ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുകയാണ രാജ്യം. അതിനിടയിലാണ് അതിര്‍ത്തിയില്‍ വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിന്റെ സൂചനയുമായി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിങ് രംഗത്തെത്തിയത്. വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ഭഗത് സിങ് പ്രതിമ അനാച്ഛാദനം ചെയ്തശേഷമുള്ള പ്രസംഗത്തിലാണ് രാജ്നാഥ് സിങ് മിന്നലാക്രമണം നടത്തിയതിന്റെ സൂചനകള്‍ നല്‍കിയത്.
‘ചിലത് നടന്നു കഴിഞ്ഞു. എനിക്കത് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. ശരിക്കും വലിയ കാര്യങ്ങളാണ് നടന്നു കഴിഞ്ഞത്. എന്നെ വിശ്വസിക്കൂ.. രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് വലിയ കാര്യങ്ങള്‍ തന്നെയാണ് നടന്നത്. വരും ദിവസങ്ങളില്‍ എന്ത് നടക്കുമെന്നും നിങ്ങള്‍ അറിയും..’ രാജ്നാഥ് സിങ് പ്രസംഗത്തില്‍ പറഞ്ഞു.
അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാകിസ്താന്‍ ക്രൂരമായി കൊലചെയ്ത ബി.എസ്.എഫ് ജവാന്റെ പേര് പരാമര്‍ശിക്കുന്ന സാഹചര്യത്തിലാണ് ഇതിന് പ്രതികാരമായി മിന്നലാക്രമണം നടത്തിയതിന്റെ സൂചനകള്‍ രാജ്നാഥ് സിങ് നല്‍കിയത്. ഇതിന് പ്രതികാരമായി ഇന്ത്യ നടത്തിയ ശക്തമായ ഷെല്ലാക്രമണത്തില്‍ പാകിസ്താനില്‍ നിരവധി മരണങ്ങള്‍ ഉണ്ടായി എന്ന് സൈന്യം സ്ഥിരീകരിച്ചതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
അതിര്‍ത്തിയില്‍ വെടിവെപ്പ് നടക്കുമ്പോള്‍ ബുള്ളറ്റുകളുടെ എണ്ണം എടുക്കാനല്ല ശക്തമായി തിരിച്ചടിക്കാനാണ് താന്‍ സൈനികരോട് പറയാറുള്ളതെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. 2016ല്‍ അതിര്‍ത്തിയില്‍ നടന്ന മിന്നലാക്രമണത്തിന്റെ രണ്ടാം വാര്‍ഷികം പരാക്രം പര്‍വ് എന്ന പേരിലാണ് രാജ്യം ആചരിച്ചത്.
മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സര്‍ജിക്കല്‍ സ്ട്രൈക്ക് അനുസ്മരണം 51 നഗരങ്ങളിലെ 53 വേദികളിലാണ് നടക്കുന്നത്. ജോധ്പുര്‍ മിലിറ്ററി സ്റ്റേഷനില്‍ നടന്ന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കൊണാര്‍ക്ക് യുദ്ധ സ്മാരകവും സന്ദര്‍ശിച്ച ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്.
‘മാതൃരാജ്യത്തിന്റെ സുരക്ഷക്കായി ത്യാഗം ചെയ്യുന്ന സൈനികരെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നു’ എന്നാണ് പ്രധാനമന്ത്രി കൊണാര്‍ക്ക് യുദ്ധ സ്മാരകത്തിലെ സന്ദര്‍ശക രജിസ്റ്ററില്‍ കുറിച്ചത്.
2016 സെപ്തംബര്‍ 29 ന് ഇന്ത്യ നടത്തിയ സൈനിക മുന്നേറ്റത്തില്‍ അതിര്‍ത്തി രേഖയ്ക്ക് പുറത്തുള്ള നിരവധി തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു. പാകിസ്താന്‍ തീവ്രവാദികള്‍ നടത്തിയ ഉറി ആക്രമണത്തില്‍ 18 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ തിരിച്ചടിയായി നടത്തിയ ഈ സൈനിക മുന്നറ്റമാണ് സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നറിയപ്പെടുന്നത്.