കൊച്ചി:വിവാഹം കഴിഞ്ഞ് രണ്ടാഴ്ച്ച തികയുന്നതിന് മുന്‍പേ തന്റെ മകന്റെ ഭാര്യ അമ്മിണിയുടെ വയറ് ചെറുതായി വളര്‍ന്ന് വരുന്നില്ലേന്നൊരു സംശയം ശാന്തേടത്തിയുടെ മനസ്സില്‍ തോന്നാതിരുന്നില്ല .പിന്നെ കരുതി , വിവാഹം കഴിഞ്ഞതിന് ശേഷം ബന്ധുക്കളുടെ വീട്ടിലൊക്കെ വിരുന്നിന് പോയി നല്ലോണം തിന്നിട്ട് വയറ്റില്‍ ഗ്യാസ് കയറിയതിന്റെ ഏനക്കേടായിരിക്കുമെന്ന് .എന്നാല്‍ രണ്ടീസം കഴിഞ്ഞ് വൈകുന്നേരം സന്ധ്യക്ക് വിളക്ക് വക്കാന്‍ നേരം മരുമകളെ കാണാഞ്ഞ് അന്യേഷിച്ച് ചെന്ന ശാന്തേടത്തി കണ്ടത് പടിഞ്ഞാറ്റെ മൂലയിലെ പുളി മരത്തിന്റെ ചോട്ടില്‍ പുളി വീണ് കിടക്കുന്നുണ്ടോന്ന് പരതി നോക്കുന്ന അമ്മിണിയെയാണ് .ശാന്തേടത്തിയുടെ അമ്മിണിയേന്നുള്ള വിളി കേട്ടതും അമ്മിണി വേഗം വന്ന് മേക്കഴുകി നിലവിളക്ക് കൊളുത്തി നാമം ചൊല്ലാനായി ചമ്രം പടിഞ്ഞിരിക്കാന്‍ ശ്രമിച്ച നേരം ശാന്തേടത്തി ആ വയറ്റത്തേക്ക് ഒന്നൂടെ നോക്കി . അതു കണ്ടതും അമ്മിണി ഒരു കയ്യാല്‍ സാരിയൊന്ന് വയറിലേക്ക് കയറ്റിയിട്ടു .
ആ നോട്ടത്തിലും വ്യക്തമായി ഒന്നും മനസ്സിലാവാതെ ശാന്തേടത്തി അടുക്കളയിലേക്ക് ചെന്ന് അത്താഴത്തിനുള്ള ചപ്പാത്തിക്ക് പൊടി കുഴക്കാന്‍ തുടങ്ങി . നാമ ജപം കഴിഞ്ഞ അമ്മിണിയാകട്ടെ നേരെ വന്നത് അടുക്കളയിലേക്കാണ് . കറിയിലിടാന്‍ കൊണ്ടു വച്ച പുളിപാത്രമെടുത്ത് തുറന്ന് ഒരു പൊടി പുളിയെടുത്ത് മനം പുരുട്ടുന്ന ഭാവത്തോടെ കണ്ണടച്ച് നക്കി നുണഞ്ഞവള്‍ നാട്ടുവര്‍ത്തമാനം തുടങ്ങി . ആ വര്‍ത്തമാനത്തിനിടയിലും അമ്മായിയമ്മയുടെ നോട്ടം തന്റെ വയറ്റിലും പെരുമാറ്റത്തിലുമാണെന്ന് കണ്ട അമ്മിണി വേഗം വര്‍ത്തമാനം നിര്‍ത്തി പൊടി കുഴക്കാന്‍ കൂടെ കൂടി .
അതിനിടയില്‍ മുറ്റത്തു നിന്നും ബൈക്കിന്റെ ശബ്ദം കേട്ടതും പൊടി അവിടെയിട്ട് അമ്മിണി കോലായിലേക്കോടി . ജോലി കഴിഞ്ഞ് തന്റെ മകന്‍ വന്നതറിഞ്ഞ ശാന്തേടത്തി അവന് ചായക്കുള്ള വെള്ളം അടുപ്പത്ത് വച്ചു . രണ്ട് പേരും കൂടി എന്തോ തമാശയൊക്കെ പറഞ്ഞ് സന്തോഷത്തോടെ മുറിയിലേക്ക് പോകുന്നതും വാതിലടക്കുന്ന ശബ്ദവുമൊക്കെ ശാന്തേടത്തി അവിടെ നിന്ന് അറിയുന്നുണ്ടായിരുന്നു .
പിറ്റേന്ന് നേരം പുലര്‍ന്ന് ശാന്തേടത്തി പതിവു പോലെ ചൂലുമായി മുറ്റം തൂക്കാനിറങ്ങിയപ്പോള്‍ കണ്ടത് മകന്റെ മുറിയിലെ ജനവാതിലിന് പുറത്തെ മണലില്‍ നിറയെ ഉറുമ്പുകള്‍ എന്തോ പലഹാരത്തിന്റെ പൊട്ടും പൊടിയിലും കൂട്ടം കൂടിയിരിക്കുന്നതാണ് . ചൂലിനാല്‍ അതെല്ലാം തൂത്തു വിട്ടിട്ട് അകത്തേക്ക് കയറിയപ്പോള്‍ മകന്‍ ജോലിക്കിറങ്ങുന്ന തിരക്കിലായിരുന്നു .പതിവായി ഭര്‍ത്താവിനെ യാത്രയയക്കാന്‍ റോഡ് വരെ കൂടെ പോവ്വാറുള്ള അമ്മിണിയെ ആ സമയം കാണാഞ്ഞ് കാര്യം അന്യേഷിച്ചപ്പോള്‍ മകന്‍ പറഞ്ഞു , അവള്‍ക്ക് വയറിന് നല്ല സുഖമില്ലമ്മേ , അവള്‍ കിടക്കുകയാണെന്ന് . അത് പറയുമ്പോള്‍ അവന്റെ മുഖവും വല്ലാതായിരിക്കുന്നത് ശാന്തേടത്തി കാണുന്നുണ്ടായിരുന്നു .
എന്താണ് കാര്യമെന്നറിയാന്‍ മരുമകള്‍ കിടക്കണ മുറിയുടെ വാതിലില്‍ മുട്ടി നോക്കിയെങ്കിലും തുറന്നില്ല . പിന്നെ വാതിലില്‍ കുറച്ച് നേരം ചെവി വച്ച് നോക്കിയെങ്കിലും ഒരു ശബ്ദവും കേട്ടില്ല . നല്ല ഉറക്കമാണെങ്കില്‍ അവളെ ശല്ല്യം ചെയ്യേണ്ടെന്ന് കരുതി ശാന്തേടത്തി നേരെ കിണറ്റിന്‍ കരയിലേക്ക് പോയി അവിടെ നട്ട പച്ചക്കറിക്ക് വെള്ളമൊഴിച്ചു .
മരുമകളെ കാണാഞ്ഞ് അയല്‍ക്കാരി വത്സല കാര്യമന്യേഷിച്ചപ്പോള്‍ വയറിന് സുഖമില്ലാത്ത കാര്യം പറഞ്ഞു . കുറച്ച് കഴിഞ്ഞ് മുറിയുടെ വാതില്‍ തുറക്കണ ശബ്ദം കേട്ട് ചെന്ന് നോക്കിയപ്പോള്‍ ശാന്തേടത്തി കണ്ടത് കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി തളര്‍ന്ന് നില്‍ക്കുന്ന അമ്മിണിയേയാണ് .വേദന കുറഞ്ഞോ എന്ന ചോദ്യത്തിന് മറുപടിയായി അമ്മിണിയില്‍ നിന്ന് കരച്ചിലാണ് കേട്ടത് . ആ കരച്ചിലിനൊടുവില്‍ ശാന്തേടത്തിയുടെ കാലില്‍ വീണ് അമ്മിണി പിന്നേയും കുറെ കരഞ്ഞു . ഒടുവില്‍ പലവുരു നിര്‍ബന്ധിച്ച് ചോദിച്ചപ്പോള്‍ അവളാ സത്യം തുറന്ന് പറഞ്ഞു , ഞാന്‍ മൂന്ന് മാസം ഗര്‍ഭിണിയാണ് അമ്മേന്ന് .
ഇടി വെട്ടേറ്റ പോലെ നിന്ന ശാന്തേടത്തി എന്ത് ചെയ്യണമെന്നറിയാതെ തരിച്ചു നിന്നു . കയ്യും കാലും കുഴയണത് പോലെ തോന്നിയപ്പോള്‍ അടുത്ത് കണ്ട കസേരയില്‍ പിടിച്ചിരുന്നു . മറ്റൊന്നും പറയാതെ കരഞ്ഞു കൊണ്ട് അമ്മിണി ഓടി അകത്ത് കയറി വാതിലടച്ച് കുറ്റിയിട്ടു . കല്ല്യാണം കഴിഞ്ഞ് മൂന്നാഴ്ച്ച തികയുന്നതിന് മുന്‍പേ തന്റെ മരുമകള്‍ മൂന്ന് മാസം ഗര്‍ഭിണിയാണെന്നുള്ള കാര്യം എങ്ങനെ ഞാനീ കാണുന്ന നാട്ടുകാരോടും വീട്ടുകാരോടും പറയുമെന്നോര്‍ത്ത് ശാന്തേടത്തി ഇരുന്ന് വെട്ടി വിയര്‍ത്തു .
എങ്ങനെയെങ്കിലുമൊന്ന് വൈകുന്നേരമായാല്‍ മതിയായിരുന്നെന്ന് പ്രാര്‍ത്ഥിച്ച് ശാന്തേടത്തി മകന്റെ വരവും നോക്കിയിരുന്നു . എന്റെ മകനിതറിഞ്ഞ് കാണുമോ , അവന്‍ നാണക്കേട് കൊണ്ടീ കാര്യം പുറത്ത് പറയാതിരിക്കുകയാണോ , ഇനി അവന്‍ തന്നെയാണോ ഇതിനുത്തരവാദി , ആണെങ്കില്‍ ഇതെങ്ങനെ സംഭവിച്ചു , എന്നൊക്കെയുള്ള നൂറുകൂട്ടം സംശയങ്ങളുമായിരുന്നു ആ മനസ്സില്‍ .സന്ധ്യയായപ്പോള്‍ മകന്‍ ബൈക്കുമായി മുറ്റത്തെത്തി . മകനെ കണ്ടതും ശാന്തേടത്തി എണീറ്റ് നിന്ന് കയ്യോടെ അവനെ കൂട്ടി അകത്തേക്ക് കയറി . ദേഷ്യവും സങ്കടവും സഹിക്ക വയ്യാതെ മകന്റെ അരയില്‍ രണ്ട് കയ്യും വച്ച് ശബ്ദം താഴ്ത്തി ചോദിച്ചു , മോനേ , അമ്മിണിക്ക് മൂന്നു മാസം ഗര്‍ഭമുണ്ടെന്ന് , നീയറിഞ്ഞില്ലായിരുന്നോ , അവള് നിന്നോട് പറഞ്ഞില്ലായിരുന്നോ എന്ന് .
മകന്റെ കയ്യില്‍ നിന്ന് ഉത്തരമൊന്നും കിട്ടാതായപ്പോള്‍ അരയില്‍ വച്ച കൈ ഒന്നൂടെ കുലുക്കി ചോദിച്ചു , എടാ മോനേ , പറയെടാ , നീയറിഞ്ഞില്ലായിരുന്നോ എന്ന് .ശാന്തേടത്തിയുടെ കുലുക്കലിന്റെ ശക്തി കൊണ്ടാണെന്ന് തോന്നുന്നു മോന്റെ അരയില്‍ നിന്ന് ഒരു പൊതിയങ്ങ് താഴേക്ക് വീണു .വീണ പൊതിയിലെന്താണെന്ന് തുറന്ന് നോക്കിയ ശാന്തേടത്തി കണ്ടത് വാഴയിലയില്‍ ചേര്‍ത്ത് പൊതിഞ്ഞ ഒരു മസാലദോശയും കൂടെ രണ്ട് പരിപ്പു വടയും .പിന്നെ മകന്റെ ഉത്തരത്തിനൊന്നും കാത്തു നില്‍ക്കാതെ ആ കരണം നോക്കി ഒന്ന് പൊട്ടിച്ച് ശാന്തേടത്തി അടുക്കള വാതിലിലൂടെ പുറത്തേക്കിങ്ങുമ്പോള്‍ പറയുന്നുണ്ടായിരുന്നു , രണ്ട് പേരും കൂടി ചേര്‍ന്നെന്നെ പറ്റിക്കുകയായിരുന്നല്ലേ എന്ന് .ശാന്തേടത്തിയെ പുറത്ത് കണ്ടതും അയല്‍ക്കാരി വത്സല അയലിലിട്ട തുണിയെടുക്കുന്നതിനിടയില്‍ ഉറക്കെ വിളിച്ചു ചോദിച്ചു , ഏടത്ത്യേ, മരുമോള്‍ക്കിപ്പോ എങ്ങനുണ്ട് , വയറ് വേദന കുറഞ്ഞില്ലാച്ചാല്‍ നല്ല ഇഞ്ചി നീര് കൊടുത്ത് നോക്ക് , വയറ് സതംഭനത്തിനതാ നല്ലത് എന്ന് .
അത് കേട്ടൊന്ന് മൂളി കൂടുതലൊന്നും സംസാരിക്കാന്‍ നില്‍ക്കാതെ വേഗം വീട്ടിനുള്ളിലേക്ക് തന്നെ കയറിയ ശാന്തേടത്തി കണ്ടത് അവിടെ മൂലയ്ക്കിട്ടിരിക്കുന്ന കസേരയില്‍ തല കുമ്പിട്ടിരിക്കുന്ന തന്റെ മകനെയാണ് . ഇേേന്ന വരെ ഒരു ഈര്‍ക്കില് കൊണ്ട് പോലും നോവിച്ചിട്ടില്ലാത്ത താന്‍ ഇന്ന് തന്റെ മകനെ ഈ കൈകൊണ്ട് തല്ലിയല്ലോന്നോര്‍ത്ത് ആ അമ്മക്ക് വേദന തോന്നി .കുഞ്ഞു നാളില്‍ അച്ഛന്‍ മരിച്ചതില്‍ പിന്നെ ഒരു സുഖവും കിട്ടാത്ത ജീവിതമായിരുന്നു എന്റെ കുട്ടിക്കെന്ന് ശാന്തേടത്തി ഓര്‍ത്തു . അവനെ സ്‌നേഹിക്കാനോ അവന്റെ ഇഷ്ടങ്ങളറിയാനോ താനല്ലാതെ മറ്റാരുമില്ലായിരുന്നു , സ്വന്തക്കാരില്‍ നിന്നോ , ബന്ധുക്കാരില്‍ നിന്നോ എന്റെ കുട്ടിക്ക് ഒരു സഹായവും കിട്ടിയിട്ടില്ല എന്നോര്‍ത്തപ്പോള്‍ ശാന്തേടത്തിയുടെ കണ്ണ് നിറഞ്ഞു .
മെല്ലെ മകന്റെ അരികില്‍ ചെന്ന് ആ തലമുടിയില്‍ തലോടിയപ്പോള്‍ അവന്‍ അമ്മയെ ചേര്‍ത്ത് പിടിച്ചു വേദനയോടെ മാപ്പു പറഞ്ഞു . മകന്റെ മുഖം ഉയര്‍ത്തി ശാന്തേടത്തി പറഞ്ഞു , എന്റെ മോന്‍ ചെയ്തത് വലിയ തെറ്റ് തന്നെയാണ് , എന്നാലും പാവപ്പെട്ട വീട്ടിലെ ഒരു പെണ്‍കുട്ടിയെ ചതിച്ചിട്ട് കടന്ന് കളയാതെ നീ കല്ല്യാണം കഴിച്ചീ വീട്ടില്‍ കൊണ്ട് വന്ന് രാജകുമാരിയെ പോലെ നോക്കുന്നുണ്ടല്ലോന്നോര്‍ക്കുമ്പോള്‍ അമ്മക്ക് അഭിമാനമുണ്ട് മോനെ , മനുഷ്യന്‍മാരാവുമ്പോ തെറ്റുകളൊക്കെ പറ്റും , അത് തെറ്റാണെന്ന് മനസ്സിലാക്കി അത് തിരുത്തുമ്പോഴോ അതിന് പ്രാശയ്ചിത്തം ചെയ്യുമ്പോഴോ ആണ് മോനെ നമ്മളൊക്കെ വലുതാവുന്നത് . ന്നാലും ന്റെ മോന്‍ ചെയ്തത് തെറ്റ് തന്നെയാണ് , ന്നാലും ഈ അമ്മ ക്ഷമിക്കും മോനെ , ഏതൊരമ്മക്കും അങ്ങനേയെ കഴിയൂ മോനേ എന്ന് .
ഒന്നും പറയാന്‍ കഴിയാതെ ഇരുന്ന മകനെ കൈ പിടിച്ചെഴുന്നേല്‍പ്പിച്ച് ശാന്തേടത്തി അമ്മിണി കിടക്കുന്ന മുറിയിലേക്ക് കൊണ്ട് പോയി . അമ്മ പറയുന്നതെല്ലാം കേട്ട് കിടന്ന അമ്മിണി ശാന്തേടത്തിയെ കണ്ടതും പൊട്ടി കരയാന്‍ തുടങ്ങി . അത് കണ്ട് വേദന തോന്നിയ ആ അമ്മ അവളോട് ചേര്‍ന്ന് ആ കട്ടിലിലിരുന്നു വാത്സല്ല്യത്താല്‍ അവളുടെ നെറുകില്‍ തൊട്ടു . അതു കണ്ട് മകനും കട്ടിലിന്റെ മറു വശത്തായി വന്നിരുന്നു .
ഒരു കയ്യാല്‍ അവളുടെ മുടിയില്‍ തലോടി ആ അമ്മ പറഞ്ഞു , രണ്ട് പേര്‍ക്കും പറ്റിയത് വലിയൊരു തെറ്റാണ് , എന്നാല്‍ വിവാഹത്തിലൂടെ നിങ്ങളതിന് പ്രായശ്ചിത്തം ചെയ്തുവെങ്കിലും തെറ്റ് തെറ്റ് തന്നെയാണ് , നമ്മുടെ നാട്ടിലെ പഴമക്കാര് ഓരോരോ ആചാരങ്ങളും രീതികളും വിശ്വാസങ്ങളുഃ നമ്മളെ ശീലിപ്പിച്ചത് നമ്മുടെ നന്മക്ക് വേണ്ടിയാണ് , ആ നന്മകളെ പഴഞ്ചനെന്നും പറഞ്ഞ് നമ്മളെന്ന് തള്ളി കളയാന്‍ തുടങ്ങിയോ അന്ന് തുടങ്ങി നമ്മുടെയൊക്കെ തകര്‍ച്ച , ഏതൊരു വീട്ടിലും അച്ഛനും അമ്മയുമാണ് മക്കള്‍ക്ക് മാതൃകയാവേണ്ടത് ,
എന്നാലേ മക്കള് കേമന്‍മാരാകൂ , മക്കള് കേമന്‍മാരായാലേ ഈ സമൂഹത്തിന് കേമത്തം ഉണ്ടാകൂ , ഈ സമൂഹത്തിന് കേമത്തം ഉണ്ടായാലേ ഈ രാജ്യത്തിന് കേമത്തം ഉണ്ടാകൂ , നാളെ നിങ്ങള്‍ക്ക് ജനിക്കണ കുട്ടികളെ ഇതൊക്കെ പറഞ്ഞ് കൊടുത്ത് വേണം പഠിപ്പിക്കാന്‍ , അല്ലെങ്കില്‍ നിങ്ങള്‍ക്ക് പറ്റിയത് പോലുള്ള തെറ്റുകള്‍ അവര്‍ക്കും പറ്റും . കൂടെ ഇതു പോലെ താലി കെട്ടി സംരക്ഷിക്കാനൊന്നും അവര് തയ്യാറാവില്ല , അതിനുള്ള പുണ്യമെങ്കിലും എന്റെ മോനുണ്ടായത് ഈ അമ്മയുടെ കരുതലിന്റെ ശക്തി കൊണ്ടാകും . ഈ അമ്മക്കുണ്ടായിരുന്ന കരുതലെങ്കിലും നിങ്ങളുടെ കുട്ടികള്‍ക്ക് നിങ്ങള് കൊടുക്കണം മക്കളേ , അല്ലെങ്കില്‍ പെണ്ണിന്റെ കണ്ണീര് വീണീ മണ്ണ് കുതിരും , ഇതൊക്കെ പറഞ്ഞു തരാന്‍ എന്നും ഈ അമ്മ കൂടെയുണ്ടാവണമെന്നില്ല എന്ന് കൂടി പറഞ്ഞ് ശാന്തേടത്തി കണ്ണു നിറച്ചപ്പോള്‍ കൂപ്പിയ രണ്ട് കൈകള്‍ അതിന് സാക്ഷിയായിരുന്നു .നിറഞ്ഞ കണ്ണ് തുടച്ച് മുറിയില്‍ നിന്ന് പുറത്തിറങ്ങിയ ശാന്തേടത്തി ചുമരില്‍ മാലയിട്ട് വച്ച ആ വലിയ ഫോട്ടോ നോക്കി ആവേശത്തോടെ പറഞ്ഞു , നിങ്ങളറിഞ്ഞോ , ഞാനൊരു മുത്തശ്ശിയാവാന്‍ പോവ്വാണ്
രചന : മഗേഷ് ബോഗി