കൊച്ചി: കൊച്ചി ചമ്പക്കരയില്‍ മണിക്കൂറുകളോളം കൊലവിളി മുഴക്കിയ മകന്‍ അമ്മയെ കൊലപ്പെടുത്തിയ ദാരുണ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തുരുത്തി അമ്പലത്തിനു സമീപം ബ്ലൂക്ലൗഡ് അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്ന കാഞ്ഞിരവേലില്‍ അച്ചാമ്മ ഏബ്രഹാം (77) ആണു മരിച്ചത്. സംഭവത്തില്‍ മകന്‍ വിനോദ് ഏബ്രഹാമിനെ (51) അറസ്റ്റ് ചെയ്തു.
രാവിലെ മുതല്‍ ഫ്‌ലാറ്റില്‍ തര്‍ക്കം കേട്ടത് മുതല്‍ അയല്‍വാസികള്‍ കൗണ്‍സിലറെ അറിയിച്ചു. കൗണ്‍സിലര്‍ അറിയിച്ചതനുസരിച്ചു പൊലീസ് വന്നെങ്കിലും വാതില്‍ തുറന്നില്ല. ഇതിനിടെ ജനല്‍ തുറന്ന വിനോദ് ഇവിടെ പ്രശ്‌നമൊന്നുമില്ലെന്നെന്നും ഞാനും അമ്മയും സമാധാനത്തോടെയാണ് ജീവിക്കുന്നതെന്നും പറഞ്ഞു.
പൊലീസ് പോകാതെ നില്‍ക്കുന്നതു കണ്ടതോടെ വിനോദ് ഫ്യൂസ് ഊരി. വാതിലില്‍ മുട്ടിയിട്ടും തുറക്കാതിരുന്നതോടെ മൂന്നരയോടെ പൊലീസ് മടങ്ങി. വൈകിട്ട് അഞ്ചരയോടെ വീട്ടിനുള്ളില്‍ നിന്നു കരച്ചിലും സാധനങ്ങള്‍ വലിച്ചെറിയുന്ന ശബ്ദവും കേട്ടു. ഗ്യാസ് സിലിണ്ടര്‍ തുറന്നു വിട്ടതിന്റെ ഗന്ധവും പരന്നു. ഇതോടെ അയല്‍വാസികള്‍ കൗണ്‍സിലറെ വീണ്ടും വിളിച്ചു.
പൊലീസും പിന്നാലെ ഫയര്‍ ഫോഴ്‌സും എത്തിയെങ്കിലും വാതില്‍ തുറക്കാനുള്ള നടപടികളിലേക്കു പൊലീസ് നീങ്ങിയത് 2 മണിക്കൂറിനു ശേഷമാണ്. രേഖാമൂലം പരാതി കിട്ടിയെങ്കില്‍ മാത്രമേ വീടിനകത്തു കയറാന്‍ പറ്റുകയുള്ളു എന്ന നിലപാടാണ് പൊലീസ് എടുത്തത്. റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജിനി ആന്റണി ഉടന്‍ തന്നെ ആവശ്യം ഉന്നയിച്ച് കത്ത് പൊലീസിനു നല്‍കി. അതിനു ശേഷം മാത്രമാണ് അകത്ത് കയറാനുള്ള നടപടികളിലേക്കു പൊലീസ് കടന്നത്.
രാത്രി എട്ടോടെ വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് അച്ചാമ്മയുടെ മൃതദേഹം കണ്ടത്. കത്തി വീശി അക്രമാസക്തനായ വിനോദിനെ കീഴ്‌പ്പെടുത്തി ആശുപത്രിയിലേക്കു മാറ്റി. അമ്മയും മകനും 10 വര്‍ഷത്തിലേറെയായി അപ്പാര്‍ട്‌മെന്റില്‍ താമസം തുടങ്ങിയിട്ട്. മാനസിക രോഗത്തിന് ചികിത്സയിലാണെന്നും നിയന്ത്രിക്കാനാകാത്ത കോപം വരുമെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് ഇയാള്‍ പറഞ്ഞതെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. എന്നാല്‍ ഇതെത്രത്തോളം വിശ്വസനീയമാണെന്നാണ് പൊലീസ് പരിശോധിക്കുന്നത്.