കൊട്ടാരക്കര : ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുൻപ് പായസത്തിലും പഴച്ചാറിലും ഉറക്കഗുളിക പൊടിച്ചു ചേർത്തു നൽകിയതായി ഭർത്താവ് സൂരജ് .ക്രൈംബ്രാഞ്ച് സംഘത്തിനു കൊടുത്ത മൊഴിയിലാണ് ഇത് വ്യക്തമാക്കിയത് . സംഭവം ശരിയാണെന്നതിന് അന്വേഷണത്തിൽ പൊലീസിനു തെളിവു ലഭിച്ചു. മരുന്നു വാങ്ങിയ അടൂരിലെ കടയിൽ ഇന്നലെ പൊലീസെത്തി തെളിവെടുപ്പ് നടത്തി. കൊലപാതകശ്രമം നടത്തിയ 2 തവണയും ഗുളിക നൽകിയതായാണു മൊഴി.
മാർച്ച് 2 രാത്രിയിലാണ് ഉത്രയ്ക്ക് അണലിയുടെ കടിയേറ്റത്. അന്ന് സൂരജിന്റെ അമ്മ വീട്ടിലുണ്ടാക്കിയ പായസത്തിലാണ് ഉറക്കഗുളിക ചേർത്തത്. തുടർന്ന് അണലിയെ ശരീരത്തിലേക്ക് വിട്ടു. അണലിയെ പ്രകോപിപ്പിച്ച് ഉത്രയെ കടിപ്പിച്ചു. എന്നാൽ ഉത്ര എഴുന്നേറ്റു ബഹളം ഉണ്ടാക്കി. അടുത്ത ശ്രമത്തിൽ മേയ് ആറിന് രാത്രിയിലാണ് ഉത്ര കൊല്ലപ്പെടുന്നത്. മൂർഖനെ ശരീരത്തിലേക്ക് എറിയും മുൻപ് ഗുളിക ചേർത്ത ജ്യൂസ് ഉത്രയെ കുടിപ്പിച്ചു. ഡോസ് കൂട്ടിയാണ് ജ്യൂസിൽ മരുന്ന് പൊടിച്ചു ചേർത്തത്. 5 വയസ്സുള്ള മൂർഖനെ ഉപയോഗിച്ച് സൂരജ് ലക്ഷ്യം നിറവേറ്റി.
അതേസമയം ഉത്ര കൊലപാതകക്കേസില്‍ മകനെ രക്ഷിക്കാന്‍ അമ്മ നിരത്തിയ ന്യായവാദങ്ങള്‍ പച്ചക്കള്ളമെന്ന് വ്യക്തമായി. ഇതോടെ കൊലപാതകത്തില്‍ ഇവര്‍ക്കും പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഈ സാഹചര്യത്തില്‍ ഇവരെയും അറസ്റ്റു ചെയ്യാനുള്ള സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുകയാണ്.ഉത്രയുടെ കൊലപാതകത്തിലുള്ള പങ്ക് ഉറപ്പിക്കാന്‍ ഇവരെ ഉടന്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. മകനെ രക്ഷിക്കാന്‍ ഒരമ്മയും പറയാത്ത ന്യായങ്ങളാണ് രേണുക പറഞ്ഞത.പാമ്പ് കടിച്ച് ശസ്ത്രക്രിയ ചെയ്തതിനാല്‍ എസിയില്‍ കിടക്കാന്‍ ഉത്രയ്ക്ക് ആവുമായിരുന്നില്ലെന്നാണ് ഇവര്‍ പറഞ്ഞത്.
അതുകൊണ്ട് എസിയിട്ട് അടച്ചിട്ട മുറിയില്‍ പാമ്പ് കയറി എന്ന ആരോപണം വിലപ്പോവില്ലെന്ന് സ്ഥാപിക്കാനായിരുന്നു ഇവരുടെ ശ്രമം. ഇതാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടോടെ പൊളിഞ്ഞത്.വിഷാംശം നാഡിവ്യൂഹത്തിനെ ബാധിച്ചു എന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.ഉത്രയുടെ ഇടത് കൈയില്‍ രണ്ട് പ്രാവശ്യം പാമ്പ് കടിച്ചതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിഷം നാഡിവ്യൂഹത്തിനെ ബാധിച്ച് മരിച്ചതിനാല്‍ മുഖന്‍പാമ്പിന്റെ കടിയേറ്റ് മരിച്ചതായാണ് വിലയിരുത്തല്‍.
കഴിഞ്ഞ ദിവസമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘം കൈപ്പറ്റിയത്. ഉത്രയുടെ ആന്തരിക അവയവങ്ങള്‍ രാസപരിശോധനക്കായി അയച്ചിടുണ്ട്.തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലാണ് ഉത്രയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തത്.പാമ്പ് കടിയേറ്റാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും വ്യക്തമാക്കിയതോടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ ശാസ്ത്രിയ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭ്യമായി.
ഉത്രയെ കടിച്ചു എന്ന് സംശയിക്കുന്ന പാമ്പിന്റെ മാംസം വിഷപ്പല്ലുകള്‍ ഉള്‍പ്പടെയുള്ള അവശിഷ്ടങ്ങള്‍ രാജിവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ രാസ പരിശോധനക്കായി അയച്ചിട്ടുണ്ട്.കേസിലെ മുഖ്യപ്രതി സൂരജിനെ അടൂര്‍ പറക്കോട്ടുള്ള വീട്ടില്‍ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. ഇത് നിര്‍ണ്ണായകമാണ്. സൂരജിന്റെ കുടുംബത്തിലേക്ക് അന്വേഷണം ഇതിന് ശേഷം നീളും.സൂരജ് അന്വേഷണസംഘത്തിന്റെ പിടിയിലാകുന്ന ദിവസം തങ്ങിയിരുന്ന വീട്ടിലെ അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റിനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. നേരത്തെ പൊലീസിനെതിരെ രേണുക ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ ആരുമില്ലാത്ത സ്ഥിതിയാണെന്നും രേണുക ആരോപിച്ചു.
ഉത്രയുടെ അമ്മ അടുത്ത മാസം വിരമിക്കുമ്പോള്‍ 65 ലക്ഷം രൂപയോളം ലഭിക്കും. അത് രണ്ട് മക്കളുടെ പേരിലും നല്‍കുമെന്ന് പറഞ്ഞിരുന്നു.അങ്ങനെയിരിക്കെ ഉത്രയെ കൊല്ലാന്‍ അവന്‍ നോക്കുമോ എന്ന് രേണുക ചോദിച്ചു. ഉത്രയുടെ വീട്ടുകാരുടെ മൂന്നേക്കര്‍ എവിടെയാണെന്ന് പോലും ചോദിച്ചില്ല. അതവരുടെ പേരില്‍ എഴുതിവെക്കാത്തതെന്തെന്ന് പോലും ചോദിച്ചിട്ടില്ലെന്നും രേണുക പറഞ്ഞിരുന്നു.സഞ്ചയനത്തിന്റെ അന്ന് വൈകുന്നേരമാണ് മുതലിനെ ചൊല്ലിയുള്ള തര്‍ക്കമുണ്ടായത്. ഉത്രയുടെ അച്ഛനും സഹോദരനും തന്നെ തല്ലിയെന്നും വനിത കമ്മീഷനില്‍ പരാതി നല്‍കിയിട്ട് ഒരന്വേഷണവും ഉണ്ടായില്ലെന്നും അവര്‍ ആരോപിച്ചു.കൊലപാതകത്തില്‍ സൂരജിന്റെ കുടുംബത്തിന്റെ കൂട്ടായ ആസൂത്രണം തെളിയിക്കുന്ന വിവരങ്ങള്‍ രേണുകയെ ചോദ്യം ചെയ്യുന്നതിലൂടെ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.