ഗോവിന്ദചാമിയ്ക്കായി ചിലവാക്കിയ തുക വ്യക്തമാക്കാനാവില്ലെന്നു ജയിൽ അധികൃതർ; ചട്ടം ലഘിച്ചത് കൊലപാതകിയ്ക്കു വേണ്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തെ നടുക്കിയ സൗമ്യകൊലക്കേസിലെ പ്രതിയ്ക്കായി ചട്ടം ലംഘിച്ച് ജയിൽ അധികൃതർ. ഗോവിന്ദചാമിയുടെ ചികിത്സയ്ക്കും ഭക്ഷണത്തിനും താമസത്തിനും ചിലവാക്കിയ തുക എത്രയെന്നു വ്യക്തമായി പറയാനാവില്ലെന്ന സൂചന നൽകിയാണ് ജയിൽ അധികൃതർ വിവരാവകാശ അപേക്ഷ മടക്കിയിരിക്കുന്നത്.
സൗമ്യ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഗോവിന്ദചാമിയുടെ ചികിത്സയ്ക്കും സുരക്ഷയ്ക്കും നിയമസഹായത്തിനും മറ്റുമായി ചെലവഴിച്ച തുകയുടെ കണക്ക് എത്രയെന്ന് കണ്ടെത്തുക അസാധ്യമെന്ന് കണ്ണൂർ സെൻട്രൽ ജയിൽ അധികൃതരാണ് വിവരാവകാശ അപേക്ഷകനു മറുപടി നൽകിയത്.. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് ജയിൽ സൂപ്രണ്ടിന്റെ മറുപടി.
പൊതുപ്രവർത്തകനും ഗിന്നസ് റിക്കോർഡ് ജേതാവുമായ പീരുമേട് അബിറ്റ കോട്ടേജിൽ ഡോ. ഗിന്നസ് മാടസ്വാമി നൽകിയ അപേക്ഷയിൽ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രാണ്ടാണ് തുക കണക്കാക്കാനാകില്ലെന്നു മറുപടി നൽകി വിവരാവകാശ നിയമത്തെ അട്ടിമറിക്കുന്നതെന്ന് ആക്ഷേപമുയർന്നു. ജയിൽ ജീവിതത്തിനിടെ പ്രത്യേക പരിഗണന നൽകി ഇയാൾക്ക് മാത്രമായി സാധാരണ ഭക്ഷണമല്ലാതെ മറ്റൊന്നും നൽകിയിട്ടില്ലെന്നും മറുപടി നൽകിയിരിക്കുന്നു.
സൗമ്യ വധവുമായി ബന്ധപ്പെട്ടു 2011 നവംബർ 11നാണ് സ്വാമിയെ കണ്ണൂർ ജയിലിൽ പ്രവേശിപ്പിച്ചത്. അന്നുമുതൽ കഴിഞ്ഞ ജൂലൈ വരെയുള്ള കണക്കുകളാണ് മാടസ്വാമി ആവശ്യപ്പെട്ടത്. ഇക്കാലയളവിൽ ഗോവിന്ദചാമിയുടെ ഭക്ഷണത്തിനായി ഒരു ലക്ഷത്തോളം രൂപ ചെവഴിച്ചതായി ഏകദേശകണക്ക് ജയിൽ അധികൃതരുടെ പക്കലുണ്ട്. ചികിത്സയ്ക്കായി ചെലവായത് 28 രൂപ മാത്രം. ജയിലിൽനിന്നും കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയതിനുള്ള യാത്രക്കൂലിയാണിത്. സെക്യൂരിറ്റി, താമസം, നിയമസഹായം, മീഡിയ എന്നീ ഇനങ്ങളിൽ ചെലവായ തുകയാണ് കണക്കാക്കാൻ കഴിയില്ലെന്നും മറുപടിയിൽ പറയുന്നത്.
ജയിലിലെ താമസത്തിന് ചെലവെത്രയെന്നു പറയുക ബുദ്ധിമുട്ടാണ്. കാരണം മറ്റ് പ്രതികൾക്കെല്ലാം കൂടിയുള്ളതിന്റെ ഭാഗമാണിത്. സുരക്ഷയുടെ കാര്യത്തിലും ഇതേ ന്യായം പറയാമെങ്കിലും കോടതിയിൽ ഹാജരാക്കിയതുൾപ്പെടെയുള്ള നിരവധി അവസരങ്ങളിൽ ഇയാൾക്കായി കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതിനും നിയമസഹായത്തിനും ചെലവായ തുകയുടെ കണക്ക് അധികൃതരുടെ പക്കലുണ്ട്. എന്നാൽ ഇത് വെളിപ്പെടുത്താൻ തയാറാകുന്നില്ലെന്നാണ് ആരോപണം.
ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറിയ കണ്ണൂർ ജയിൽ സൂപ്രണ്ടിന്റെ നടപടിക്കെതിരെ അപ്പലേറ്റ് അഥോറിറ്റിയെ സമീപിക്കാനൊരുങ്ങുകയാണ് ഡോ. ഗിന്നസ് മാടസ്വാമി. മുമ്പ് പൊതുമുതൽ ധൂർത്തടിക്കുന്ന നിരവധി പ്രവൃത്തികൾ അദ്ദേഹത്തിന്റെ ഇടപാടുകളിലൂടെ പുറംലോകത്തെ അറിയിച്ചിരുന്നു. വിവരാവകാശനിയമപ്രകാരം മാടസ്വാമി നൽകിയ ഒരു കത്തിന് വ്യത്യസ്തമായ അറുനൂറോളം മറുപടികൾ ലഭിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ലിംക ബുക്ക് ഓഫ് റിക്കോർഡ്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കെ. എസ്. ഇ. ബി അനാവശ്യമായി നിരത്തുവക്കുകളിൽ ഇറക്കിയിട്ടിരിക്കുന്ന പോസ്റ്റുകളുടെ എണ്ണം സംബന്ധിച്ച അപേക്ഷയിന്മേലായിരുന്നു വ്യത്യസ്തമായ മറുപടികൾ വിവിധ ഓഫീസുകളിൽനിന്നായി ലഭിച്ചത്. 138000 പോസ്റ്റുകളാണ് ആവശ്യമില്ലാതെ അനാഥാവസ്ഥയിൽ കിടക്കുന്നതെന്നു കണ്ടെത്തിയതിനെ തുടർന്ന് ഇവ ഉപയോഗിച്ചു തീരുംവരെ പുതിയ പോസ്റ്റുകൾ നിർമ്മിക്കുന്നത് ബന്ധപ്പെട്ടവർ തടഞ്ഞിരിക്കുകയാണ്. ലോകസമാധാനവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട് 30 മണിക്കൂറും 6 മിനിട്ടും തുടർച്ചയായി പ്രസംഗിച്ചാണ് മാടസ്വാമി ഗിന്നസ് റിക്കോർഡിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top