കണ്ണൂർ :ലഭിച്ചിരിക്കുന്ന അധികാരം എങ്ങനെ വിനിയോഗിക്കണം എന്ന ധാരണ പൊലീസിനുണ്ടാകണമെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ പറത്തു. ആധുനിക ജനാധിപത്യത്തിൽ ഭരണകൂടത്തിന്റെ മുഖമാണു പൊലീസ്. ജനാധിപത്യവൽക്കരണത്തിൽ നന്നായി നടക്കേണ്ട മേഖലയാണു പൊലീസിങ്. ഇന്ത്യയിൽ സമർഥരായ പൊലീസ് സേനയാണു കേരളത്തിന്റേത്. ആത്മാർത്ഥതയും സത്യസന്ധതയും സൂക്ഷ്മനിരീക്ഷണ പാടവവും ഉള്ളതാണ് കേരള പൊലീസ്. കേസ് അന്വേഷണത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ പേര് മാത്രമേ പുറത്ത് കേൾക്കൂവെങ്കിലും താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരും മികച്ചവരാണെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.
അതേ സമയം മുഷ്ടി ചുരുട്ടിയും മീശപിരിച്ചും ആളുകളെ വിരട്ടിയും കൈകാര്യം ചെയ്യുന്ന പൊലീസിന്റെ കാലഘട്ടം മാറിയെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു . പൊലീസിന്റെ രീതികളിൽ മാറ്റം വന്നിട്ടുണ്ടെന്നു മനസിലാക്കണം. ജനത്തിന് ആത്മവിശ്വാസം പകരാൻ പൊലീസിനു കഴിയണം. ഒറ്റയ്ക്കു പൊലീസ് സ്റ്റേഷനിൽ വരാൻ ആളുകൾക്കു പറ്റണം. ലോക്കൽ നേതാവിനെ കൂട്ടാതെ സ്റ്റേഷനിൽ വന്നു കാര്യം പറയാനുള്ള ധൈര്യം ജനങ്ങൾക്കുണ്ടാക്കണം, കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .