
കൊൽക്കത്ത :വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന സംസ്ഥാനത്തെ തൊഴിലാളികളെ മടക്കി കൊണ്ടുവരാന്‍ സ്പെഷ്യൽ ട്രെയിനുകൾക്ക് അനുമതി നൽകി പശ്ചിമ ബംഗാൾ. മറ്റ് സംസ്ഥാനങ്ങൾ പലതും തൊഴിലാളികളെ തിരികെയെത്തിക്കാൻ നടപടികൾ ആരംഭിച്ചിട്ടും പശ്ചിമ ബംഗാൾ സർക്കാർ ഇതിന് തയ്യാറാകാത്തത് വിമർശനങ്ങൾ ഉയർത്തിയിരുന്നു.
നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ട്രെയിന്‍ അനുവദിക്കാന്‍ തയ്യാറാകാതിരുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നടപടിയെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിമര്‍ശിച്ചതിനു പിന്നാലെയാണ് സര്‍ക്കാര്‍ ട്രെയിന്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. അമിത് ഷാ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ട്രെയിൻ ഗതാഗതം അനുവദിക്കാത്തത് സംസ്ഥാനത്ത് നിന്നുള്ള തൊഴിലാളികളോട് ചെയ്യുന്ന അനീതിയാണെന്നായിരുന്നു ഷാ ചൂണ്ടിക്കാട്ടിയത്. ഇതിന് പിന്നാലെയാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നും ആളുകളെ മടക്കിയെത്തിക്കാൻ എട്ട് സ്പെഷ്യൽ ട്രെയിൻ സര്‍വീസുകൾക്ക് സർക്കാർ അനുമതി നൽകിയത്.
അതേസമയം, അമിത് ഷായുടെ വിമര്‍ശനത്തെ തള്ളിക്കളഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി അഭിഷേക് ബാനര്‍ജി രംഗത്തെത്തി. ആഭ്യന്തരമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഈ പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ കടമകള്‍ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും അഭിഷേക് ബാനര്‍ജി വിമര്‍ശിച്ചു. അമിത് ഷാ ആരോപണങ്ങള്‍ തെളിയിക്കുകയോ മാപ്പ് പറയുകയോ വേണമെന്നും ബാനര്‍ജി ട്വീറ്റ് ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ബംഗാളിനിന്നുള്ള തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, രോഗികള്‍ തുടങ്ങിയവര്‍ക്ക് നാട്ടിലെത്താന്‍ കേന്ദ്രം ഇടപെടണമെന്ന് കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടിരുന്നു.