
കോഴിക്കോട്: സംഘപരിവാറിനുള്ളില്‍ പോര് മൂര്‍ച്ഛിക്കുന്നതായി റിപ്പോർട്ട് .ശബരിമലയില്‍ സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന് നേതൃതം നല്‍കുന്ന ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വങ്ങള്‍ക്കിടയില്‍ പോര് മൂര്‍ച്ഛിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.മല കയറുന്ന പരിവാര്‍ പോര്’ എന്ന പേരില്‍ സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഭിന്നത തുറന്നുകാണിക്കുന്നത് .
ആര്‍.എസ്.എസ്സിന് സ്വീകാര്യനല്ലാത്ത കെ. സുരേന്ദ്രന്‍ തുലാമാസ പൂജകളുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 16,17 തിയ്യതികളില്‍ ശബരിമലയില്‍ നടന്ന സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തതിന് ബദലായാണ് തില്ലങ്കേരിയെ ആര്‍.എസ്.എസ് ഇറക്കിയതെന്ന് സമകാലിക മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നു.തില്ലങ്കേരിയെ ആര്‍.എസ്.എസ് ശബരിമല സമരത്തിന്റെ നേതൃത്വം ഏല്‍പ്പിച്ച ശ്രീചിത്തിര ആട്ടത്തിരുന്നാള്‍ സമയത്ത് തന്നെ ആര്‍.എസ്.എസിന്റെ സമുന്നത നേതാവും പ്രജ്ഞാ പ്രവാഹ് ദേശീയ കോര്‍ഡിനേറ്ററുമായ ജെ. നന്ദകുമാര്‍ ശബരിമലയിലെത്തി തന്ത്രി കണ്ഠരര് രാജീവരുമായി ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതാദ്യമായാണ് ഈയൊരു വിവരം പുറത്തു വരുന്നതും.
ശബരിമലയില്‍ അറസ്റ്റിലായ കെ. സുരേന്ദ്രനെ ബി.ജെ.പി സംസ്ഥാന നേതൃത്വം അവഗണിക്കുന്നതില്‍ അണികള്‍ക്കുള്ളില്‍ അമര്‍ഷമുള്ളതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ശബരിമലയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംഭവം പാര്‍ട്ടിക്ക് ഗുണകരമാകുന്ന രീതിയില്‍ ഉപയോഗിക്കാന്‍ ശ്രീധരന്‍ പിള്ള ശ്രമിച്ചില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
അണികളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു മണിക്കൂര്‍ റോഡ് ഉപരോധിച്ചതൊഴിച്ചാല്‍ സുരേന്ദ്രന്റെ അറസ്റ്റില്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്നും വലിയ പ്രതിഷേധമൊന്നുമുണ്ടായില്ല. സുരേന്ദ്രനെതിരെ പാര്‍ട്ടി നേരത്തെ നടത്തിയ പരിപാടികളുടെ പേരിലുള്ള പഴയ കേസുകള്‍ കുത്തിപ്പൊക്കിയ സാഹചര്യത്തിലും നേതൃത്വം വലിയ പ്രതിഷേധമൊന്നുമുണ്ടാക്കിയില്ലയെന്ന ആക്ഷേപവും അണികള്‍ക്കിടയിലുണ്ട്.അഞ്ചുദിവസം സുരേന്ദ്രന്‍ ജയിലില്‍ കഴിഞ്ഞിട്ടും അദ്ദേഹത്തിനെതിരെ കൂടുതല്‍ കേസുകള്‍ ചുമത്തപ്പെട്ടിട്ടും സുരേന്ദ്രനെ ജയിലില്‍ സന്ദര്‍ശിക്കാനോ ഇതിനെതിരെ എന്തെങ്കിലും തരത്തിലുള്ള പ്രതിഷേധം സംഘടിപ്പിക്കാനോ ശ്രീധരന്‍ പിള്ള മുതിര്‍ന്നില്ലയെന്നതും അണികളില്‍ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.