മകള്‍ സ്വര്‍ണം നേടിയപ്പോള്‍ അമ്മ വാവിട്ട് കരഞ്ഞു…

പ്രതിസന്ധികളെ അതിജീവിച്ച് മകള്‍ സ്വര്‍ണത്തിലേക്ക് കുതിക്കുമ്പോള്‍ വാവിട്ടുകരയുകയായിരുന്നു ആ അമ്മ. ഹെപ്പാത്തലോണില്‍ ഇന്ത്യക്കായി സ്വര്‍ണം നേടുന്ന ആദ്യ വനിതയായി മാറിയ സ്വപ്ന ബര്‍മന്റെ അമ്മ. സ്വപ്നയുടെ പ്രകടനം കാണാന്‍ അടുത്ത ബന്ധുക്കളെല്ലാം ബംഗാളിലെ ആ ജാല്‍പായ്ഗുരിയിലെ കൊച്ചുവീട്ടിലെത്തിയിരുന്നു. മത്സരത്തിന്റെ അവസാന ഇനത്തിന് സ്വപ്‌ന ഇറങ്ങിയതോടെ വീട്ടില്‍ കൈകള്‍ കൂപ്പി പ്രാര്‍ഥനയുടെ നിമിഷങ്ങള്‍. ഒടുവില്‍ സ്വര്‍ണം നേടിയപ്പോള്‍ ആഹ്ലാദം അണപൊട്ടി ഒഴുകി. എല്ലാവരും കൈയ്യടിച്ചപ്പോള്‍ സ്വപ്നയുടെ അമ്മ വാവിട്ടുകരഞ്ഞു.

ഒടുവില്‍ കണ്ടിരിക്കാന്‍ കഴിയാതെ ടിവിക്കുമുന്നില്‍ നിന്നുമെഴുന്നേറ്റ് പോയി. ആ അമ്മയുടെ സന്തോഷവും ആനന്ദ കണ്ണീരും സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ മനസില്‍ ഇടം നേടിയിരിക്കുകയാണ്. വിരേന്ദര്‍ സെവാഗുള്‍പ്പെടെ നിരവധി പേര്‍ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. 6026 എന്ന മികച്ച വ്യക്തിഗത സ്‌കോര്‍ നേടിയാണ് സ്വപ്നയുടെ സ്വര്‍ണനേട്ടം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹൈജംപില്‍ 1003 പോയിന്റ്, ജാവലിന്‍ ത്രോയില്‍ 872 പോയിന്റ്, ഷോട്ട്പുട്ടില്‍ 707, ലോങ് ജംപില്‍ 865 എന്നിങ്ങനെയാണ് സ്വപ്നയുടെ നേട്ടം. 100 മീറ്ററില്‍ 981 പോയിന്റും 200 മീറ്ററില്‍ 790 പോയിന്റുമാണ് സ്വപ്ന നേടിയത്.നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് സ്വപ്നയുടെ സ്വര്‍ണനേട്ടം. പന്ത്രണ്ട് വിരലുകളുള്ള സ്വപ്ന കടുത്ത വേദന സഹിച്ചാണ് പരിശീലനം നടത്തുന്നത്. ‘എന്റെ പന്ത്രണ്ട് വിരലുകള്‍ക്ക് പറ്റിയ ഷൂ വേണം. ദയവായി സഹായിക്കണം’ എന്നായിരുന്നു സ്വര്‍ണനേട്ടത്തിന് പിന്നാലെ സ്വപ്ന മുന്നോട്ടുവച്ച ഒരേയൊരു ആവശ്യം. ഓട്ടോറിക്ഷ ഡ്രൈവറാണ് അച്ഛന്‍. അമ്മ വീട്ടമ്മയും. സ്വര്‍ണമെഡലുമായി മകള്‍ വീടെത്തുന്നതും കാത്തിരിക്കുകയാണ് ആ ചെറിയ കുടുംബം ഇപ്പോള്‍.

Top