ശശാങ്ക് മനോഹര്‍ ബിസിസിഐ പ്രസിഡന്റ്.ക്രിക്കറ്റ് ബോര്‍ഡില്‍ ശുദ്ധികലശം വരുത്തും

മുംബൈ:ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അധ്യക്ഷനായി ശശാങ്ക് മനോഹറിനെ തെരഞ്ഞെടുത്തു. ഇന്നു മുംബൈയില്‍ ചേര്‍ന്ന ബി സി സി ഐ യോഗത്തില്‍ എതിരില്ലാതെയാണ് ബി സി സി ഐ പ്രസിഡന്റായി ശങ്കാങ്ക് മനോഹര്‍ തെരഞ്ഞെടുക്കപ്പെട്ടത്.

പ്രസിഡന്റ് ആയിരുന്ന ജഗ്‌മോഹന്‍ ഡാല്‍മിയ മരണമടഞ്ഞതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ശശാങ്ക് മനോഹര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇതിനു മുമ്പ് 2008 – 2011 കാലഘട്ടത്തില്‍ ശശാങ്ക് മനോഹര്‍ ആയിരുന്നു ബി സി സി ഐ അധ്യക്ഷന്‍. ശരദ് പവാറിന്റെ പിന്‍ഗാമിയായിട്ടായിരുന്നു 2008ല്‍ അഭിഭാഷകനായ ശശാങ്ക് മനോഹര്‍ അധ്യക്ഷസ്ഥാനത്തേക്ക് എത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡാല്‍മിയയുടെ മരണത്തെ തുടര്‍ന്ന് നിരവധി പേരുകള്‍ ആയിരുന്നു ബി സി സി ഐ അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടത്. എന്നാല്‍, മനോഹറിന്റെ പേര്‌ നിര്‍ദ്ദേശിക്കപ്പെട്ടതോടെ മറ്റ് പേരുകള്‍ അപ്രസക്തമാകുകയായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ ശുദ്ധികലശത്തിനൊരുങ്ങി പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ശശാങ്ക് മനോഹര്‍. ബിസിസിഐയുടെ പേരിലുള്ള കളങ്കങ്ങള്‍ കഴുകിക്കളയാനുള്ള കര്‍മപദ്ധതിയുമായാണ് മനോഹര്‍ സംഘടനയുടെ അദ്ധ്യക്ഷനായി ചുമതലയേറ്റിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ശക്തമായ കായിക സംഘടനകളില്‍ ഒന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇനിമുതല്‍ ബോര്‍ഡിന്റെ സാമ്പത്തിക കാര്യങ്ങളില്‍ സുതാര്യത വരുത്താനാണ് സുപ്രധാന തീരുമാനങ്ങളില്‍ ഒന്ന്. ബോര്‍ഡിന്റെ വരവ്-ചിലവ് കണക്കുകള്‍ പ്രസിദ്ധീകരിക്കാനാണ് തീരുമാനം. നേരത്തേ സാമ്പത്തിക വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന നിലപാടാണ് ബോര്‍ഡ് അധികൃതര്‍ എടുത്തിരുന്നത്.
ബോര്‍ഡിന്റെ യോഗങ്ങള്‍ ഇനി ബിസിസിഐ ആസ്ഥാനത്ത് മാത്രം നടത്തിയാല്‍ മതിയെന്നതാണ് മറ്റൊരു പ്രധാന തീരുമാനം. എത്തിക്‌സ് ഓഫീസറെ നിയമിക്കാനും നീക്കമുണ്ട്. വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കും ബിസിസിഐ കരാര്‍ നല്‍കാനുള്ള തീരുമാനവും ശശാങ്കിന്റെ അജണ്ടയിലുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐപിഎല്‍ ആറാം സീസണിലെ വാതുവെപ്പിന്റെ നിഴലില്‍ നില്‍ക്കുന്ന സമയത്താണ് ശശാങ്ക് രണ്ടാംവട്ടവും ബിസിസിഐ പ്രസിഡന്റ് ആകുന്നത്. ഇതേതുടര്‍ന്ന് 2013-ല്‍ ശ്രീനിവാസന് പകരം താല്‍ക്കാലിക അധ്യക്ഷനാകാനുള്ള ക്ഷണം അഴിമതി ആരോപണ വിധേയനായ ശ്രീനിവാസന് സ്വാധീനമുള്ള ബോര്‍ഡില്‍ അംഗമാവാനില്ലെന്ന കാരണത്താല്‍ അദ്ദേഹം നിരസിച്ചിരുന്നു.
ബിസിസിഐ അധ്യക്ഷനായിരിക്കേ 2011-ല്‍ ലളിത് മോഡിക്കെതിരെ ശക്തമായ നടപടിയെടുത്തതും ശശാങ്കായിരുന്നു.

Top