കൊച്ചി: യുവതികള്‍ ആചാരം ലംഘിച്ച് സന്നിധാനത്ത് എത്തിയാല്‍ നട അടച്ചിടുന്ന കാര്യം സംബന്ധിച്ച് തന്ത്രി വിളിച്ചിരുന്നുവെന്ന വിവാദ പ്രസ്താവനയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ കുരുക്ക് മുറുകുന്നു. വാര്‍ത്താസമ്മേളനത്തില്‍ തന്ത്രി തന്നെ വിളിച്ചില്ല, ആരാണ് വിളിച്ചതെന്ന് അറിയില്ലായെന്നും പറഞ്ഞ ശ്രീധരന്‍പിള്ള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യം സമ്മതിക്കുന്നത്. ഹര്‍ജിയുടെ വിവരങ്ങള്‍ പുറത്തുവന്നതോടെ ശ്രീധരന്‍പിള്ളയുടെ കള്ളക്കളി പുറത്തായി.
യുവമോര്‍ച്ചയുടെ യോഗത്തിലാണ് തന്ത്രി തന്നെ വിളിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞത്. ഇത് മാധ്യമങ്ങള്‍ പുറത്താക്കിയതോടെ ശബരിമല വിഷയത്തില്‍ ഉപദേശം തേടി തന്ത്രി തന്നെ വിളിച്ചില്ലെന്നും തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും ശനിയാഴ്ച അദ്ദേഹം പറഞ്ഞു. രഥയാത്രയുടെ ഭാഗമായി കോഴിക്കോട് നടത്തിയ പ്രസ്താവനയില്‍ ആണ് തിരുത്തിപ്പറഞ്ഞത്.
വിവാദമായതോടെ താന്‍ വക്കീലെന്ന നിലയ്ക്ക് നിയമോപദേശം നല്‍കുകയാണ് ചെയ്തതെന്ന് ശ്രീധരന്‍ പിളള ഉരുണ്ട് കളിച്ചു. എന്നാല്‍ ശ്രീധരന്‍ പിളളയെ താന്‍ വിളിച്ചിട്ടില്ലെന്ന് തന്ത്രി വെളിപ്പെടുത്തിയത് ബിജെപിയെ വീണ്ടും പ്രതിരോധത്തിലാക്കി. അന്ന് താന്‍ ആരോടും നിയമോപദേശം തേടിയിട്ടില്ലെന്നും തന്റെ ഫോണ്‍ ഓഫായിരുന്നുവെന്നും കോള്‍ലിസ്റ്റ് പരിശോധിച്ചാല്‍ ആരെയും വിളിച്ചില്ലെന്ന് മനസ്സിലാകുമെന്നും തന്ത്രി വ്യക്തമാക്കി.
ശ്രീധരന്‍പിള്ളയുടെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.