തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ സംഭവം നടക്കുമ്പോള്‍ താന്‍ മദ്യപിച്ചിരുന്നില്ലെന്നു ശ്രീറാം വെങ്കിട്ടരാമന്. ചീഫ് സെക്രട്ടറിക്ക് നല്കിയ വിശദീകരണത്തിലാണ് ശ്രീറാം തൻ്റെ ഭാഗം ന്യായീകരിക്കുന്നത്. അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചതു താനല്ലെന്നും ശ്രീറാം പറയുന്നു.
തനിക്കു നേരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം ഏഴു പേജുള്ള വിശദീകരണ കുറിപ്പില്‍ നിഷേധിച്ചു. തന്റെ വാദം കേള്‍ക്കണമെന്നും സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ടു ചീഫ് സെക്രട്ടറി, ശ്രീറാമിനോടു തേടിയ വിശദീകരണത്തിനുള്ള മറുപടിയിലാണ് ശ്രീറാം ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ടു തന്റെ ഭാഗം വിശദമായി കേൾക്കാൻ അവസരം നൽകണമെന്നും സസ്പെൻഷൻ പിൻവലിച്ചു സർവീസിൽ തിരിച്ചെടുക്കണമെന്നും മറുപടിയിൽ പറയുന്നു.
എന്നാൽ, വാഹനാപകട കേസുമായി ബന്ധപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാമിൻ്റെ സസ്പെൻഷൻ രണ്ടുമാസത്തേക്കു കൂടി നീട്ടി. അമിതവേഗത്തിലുള്ള വാഹനാപകട കേസുമായി ബന്ധപ്പെട്ടു ശ്രീറാം വെങ്കിട്ടരാമനെതിരേ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അദ്ദേഹത്തെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന്റെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണു നീട്ടിയത്.
മദ്യപിക്കാത്തയാളാണ് താനെന്നും സംഭവം നടക്കുമ്പോള്‍ മദ്യപിച്ചിട്ടില്ലെന്നും വിശദീകരണകുറിപ്പില്‍ ശ്രീറാം പറയുന്നു. കൂടെയുണ്ടായിരുന്ന വഫ സുഹൃത്താണ്. അവരാണ് വാഹനം ഓടിച്ചിരുന്നത്. മനഃപൂര്‍വമല്ലാത്ത അപകടമാണ് സംഭവിച്ചത്. അപകടം ഉണ്ടായപ്പോള്‍ ബഷീറിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. താന്‍ മദ്യപിച്ചതായുള്ള ദൃക്സാക്ഷി മൊഴികള്‍ ശരിയല്ലെന്നും രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും വിശദീകരണക്കുറിപ്പിലുണ്ട്. രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ശ്രീറാം വെങ്കിട്ടരാമൻ വിശദീകരിച്ചിട്ടുണ്ട്.
മറുപടിയുടെ അടിസ്ഥാനത്തിൽ ഐഎഎസുകാരുടെ സസ്പെൻഷൻ പുനഃപരിശോധനാ സമിതി ശ്രീറാമിന്റെ ഭാഗം കേൾക്കുമെന്നാണു സൂചന. കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനു പുലർച്ചെ ഒരു മണിയോടെയാണ് ശ്രീറാം ഓടിച്ചിരുന്ന കാറിടിടിച്ചു മാധ്യമ പ്രവർത്തകനായ കെ.എം.ബഷീർ മരിച്ചത്. സംഭവം നടക്കുന്പോൾ അദ്ദേഹം സർവേ ഡയറക്ടറായിരുന്നു. തുടർന്ന് സസ്പെൻഷനിലായിരുന്ന അദ്ദേഹത്തിൽ നിന്ന് വിശദീകരണവും തേടിയിരുന്നു.
അപകട സമയം മദ്യപിച്ചിരുന്നെന്ന ആരോപണം ഉയർന്നെങ്കിലും ശ്രീറാമിന്റെ രക്ത പരിശോധന നടത്താൻ പോലീസ് തയാറാകാതിരുന്നത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. മ്യൂസിയം പോലീസ് സസ്റ്റേഷനിലെ ക്രൈം എസ്ഐയെ സംഭവവുമായി ബന്ധപ്പെട്ടു സസ്പെൻഡ് ചെയ്തിരുന്നു.