പരിക്കില്ലെങ്കിലും ശ്രീറാം സുഖ ചികിത്സയില്‍..!! പോലീസ് ഒത്തുകളിയ്ക്ക് മുഖ്യമന്ത്രിയുടെ പിന്തുണയെന്ന് ആക്ഷേപം

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസില്‍ റിമാന്റിലായിട്ടും സര്‍വെ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് കഴിയുന്നത് സ്വകാര്യ ആശുപത്രിയിലെ സുഖസൗകര്യങ്ങളില്‍. സര്‍ക്കാര്‍ ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റാന്‍ പൊലീസ് തയ്യാറായില്ലെന്ന് മാത്രമല്ല പഞ്ചനക്ഷത്ര സൗകര്യങ്ങളാണ് ആശുപത്രിയില്‍ ശ്രീറാമിന് ലഭിക്കുന്നത്.

സാരമായ പരിക്കുകളില്ലെന്ന് ഡോക്ടര്‍മാര്‍ ഇന്നലെതന്നെ വ്യ.ക്തമാക്കിയെങ്കിലും ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ തുടരാന്‍ അനുവദിക്കുകയാണ് പോലീസ്. എസി ഡീലക്‌സ് മുറിയാണ് ശ്രീറാമിന് നല്‍കിയിട്ടുള്ളത്. ഡോക്ടര്‍മാരുടെ സംഘം എപ്പോഴും ശ്രീറാമിനെ പരിചരിക്കുന്നു. എംആര്‍എ സ്‌കാന്‍ അടക്കം പരിശോധനകള്‍ ഉണ്ടെന്നും അതിന് വേണ്ടിയാണ് സ്വകാര്യ ആശുപത്രിയില്‍ തന്നെ കഴിയുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം.

അതേസമയം ജനറല്‍ ആശുപത്രിയില്‍ നിന്ന് നേരെ സ്വകാര്യ ആശുപത്രിയിലേക്ക് പോയത് പോലും രക്ത പരിശോധനാ ഫലം അട്ടിമറിക്കാനാണെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്. മദ്യത്തിന്റെ അംശം കുറക്കാന്‍ മരുന്ന് കഴിച്ചോ എന്നതടക്കമുള്ള സംശയങ്ങളും ബലപ്പെടുകയാണ്. മുഖ്യമന്ത്രിയടക്കമുള്ളവരുടെ സഹായം ഇതിനായി ലഭിച്ചിട്ടുണ്ടെന്നാണ് ആക്ഷേപം ഉയരുന്നത്. പകല്‍വെളിച്ചത്തില്‍ ഇത്രയധികം അനാസ്ഥ കാണിക്കാന്‍ പോലീസിന് ധൈര്യം ലഭിച്ചത് ചിലരുടെ അനധികൃത പിന്തുണയാണെന്നും സംസാരമുണ്ട്.

ഉന്നതനായാലും നിയമത്തിന് മുന്നില്‍ തുല്യരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി പറയുന്നെങ്കിലും രഹസ്യമായി മറിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും സ്ഥാനമോ പദവിയോ പോലീസിന്റെ കൃത്യനിര്‍വഹണത്തില്‍ തടസമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

എന്നാല്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ കഴിയാത്ത രീതിയിലുള്ള പരിക്കുകള്‍ ശ്രീറാമിന് ഉള്ളതായി അപകടത്തെ തുടര്‍ന്ന് ചികിത്സിച്ച ഒരു ഡോക്ടറും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. അങ്ങനെയുള്ളപ്പോള്‍ നിലവില്‍ ശ്രീറാമിന് ലഭിക്കുന്നത് വഴിവിട്ട സഹായങ്ങളാണ് എന്ന ആക്ഷേപമാണ് ഉയരുന്നത്. അതോടൊപ്പം ശ്രീറാം ജാമ്യത്തിന് വേണ്ടിയുള്ള ഇടപെടലും സജീവമായി നടത്തുന്നുണ്ടെന്നാണ് സൂചന.

വരുന്ന രണ്ട് ദിവസത്തിനകം ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാനാണ് നീക്കം. അറസ്റ്റിനെ തുടര്‍ന്ന് റിമാന്റിലായിട്ടും സസ്‌പെന്‍ഷന്‍ നടപടികളും വൈകുകയാണ്. അപകടം ഉണ്ടായി മണിക്കൂറുകള്‍ക്ക് ശേഷവും പരിശോധനയ്ക്ക് രക്തം എടുക്കാത്ത പോലീസിന്റെ നടപടിയും വലിയ വിവാദമായിരുന്നു. തുടര്‍ന്ന് പിന്നീട് രക്ത സാമ്പിള്‍ എടുത്തെങ്കിലും പരിശോധനാ ഫലം ഇത് വരെ കിട്ടിയിട്ടില്ല.

പരിശോധിക്കേണ്ട കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബ് അവധിയാണെന്നാണ് പോലീസ് കാരണമായി പറയുന്നത്.അതേപോലെ ശരീരത്തില്‍ മദ്യത്തിന്റെ അംശം കുറക്കാന്‍ മരുന്ന് കഴിച്ചോ എന്നതടക്കമുള്ള സംശയങ്ങളും ബലപ്പെടുകയാണ്.

Top