വിടപറഞ്ഞത് നടന വിസ്മയം; അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിത്തരിച്ച് സിനിമ ലോകം

മുംബൈ: ചലച്ചിത്രതാരം ശ്രീദേവി (54) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ശനി രാത്രി 11.30 ന് ദുബായില്‍വച്ചായിരുന്നു അന്ത്യം. ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും മരണസമയത്ത് സമീപത്തുണ്ടായിരുന്നതായാണ് വിവരം. ബോളിവുഡ് നടന്‍ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് ശ്രീദേവിയും കുടുംബവും ദുബായിലെത്തിയത്. ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂര്‍ മരണവിവരം സ്ഥിരീകരിച്ചു. വിടവാങ്ങിയത് ഇന്ത്യന്‍ സിനിമ ലോകത്തെ ലേഡി സൂപ്പര്‍ സ്റ്റാറാണ്. ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിത്തരിച്ച് ബോളിവുഡ് സിനിമ ലോകം.

മരണവിവരം ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂറാണ് പുറത്തുവിട്ടത്. രാത്രി 11.30 ഓടെയാണ്മരണം സംഭവിച്ചതെന്നാണ് സഞ്ജ് കപൂര്‍ മാധ്യമങ്ങളോട് പറഞ്ഞത്. നാലാം വയസില്‍ ബാലതാരമായാണ് ശ്രീദേവിയുടെ അരങ്ങേറ്റം. മലയാളം, ഹിന്ദി, തമിഴ്, കന്നടയിലടക്കം നൂറിലധികം ചിത്രങ്ങളില്‍ ശ്രീദേവി അഭിനയിച്ചു. കുമാരസംഭവം, പൂമ്പാറ്റ, ആന വളര്‍ത്തിയ വാനമ്പാടിയുടെ മകന്‍, സത്യവാന്‍ സാവിത്രി, ദേവരാഗം ഉള്‍പ്പെടെ 26 ഓളം മലയാള ചിത്രങ്ങളില്‍ ശ്രീദേവി അഭിനയിച്ചു. 1963 ഓഗസ്റ്റ് 13 ന് തമിഴ്‌നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. അച്ഛന്‍ അയ്യപ്പന്‍ അഭിഭാഷകനായിരുന്നു. അമ്മ രാജേശ്വരി. തുണൈവന്‍ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സില്‍ ബാലതാരമായാണ് ശ്രീദേവി അഭിനയരംഗത്തെത്തിയത്. ‘പൂമ്പാറ്റ’യിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1976 ല്‍ പതിമൂന്നാം വയസ്സില്‍, കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത ‘മുണ്ട്ര് മുടിച്ച്’ എന്ന ചിത്രത്തില്‍ കമല്‍ഹാസനും രജനീകാന്തിനുമൊപ്പം നായികയായി അരങ്ങേറി. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിലഭിനയിച്ച ശ്രീദേവി ബോളിവുഡിലെ ആദ്യ വനിതാ സൂപ്പര്‍സ്റ്റാര്‍ എന്നാണ് അറിയപ്പട്ടത്. 2013 ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചു. 1981 ല്‍ മൂന്നാംപിറയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു.

മൂണ്ട്രു മുടിച്ച്, പതിനാറു വയതിനിലേ, സിഗപ്പ് റോജാക്കള്‍, മൂന്നാം പിറ, മിസ്റ്റര്‍ ഇന്ത്യ, നാഗിന, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ഈ വര്‍ഷം പുറത്തിറങ്ങാന്‍ ഇരിക്കുന്ന ഷാറൂഖ് ഖാന്‍ ചിത്രമായ സീറോയില്‍ അതിഥി താരമായി ശ്രീദേവി അഭിനയിച്ചിരുന്നു. മൂത്തമകള്‍ ജാഹ്നവിയുടെ ബോളിവുഡ് പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ട് ഇരിക്കവേയാണ് ശ്രീദേവിയുടെ വിടവാങ്ങല്‍ മക്കള്‍: ജാഹ്നവി, ഖുഷി

Top