മുംബൈ : ‘മോം’ (അമ്മ) എന്ന സിനിമയുടെ റിലീസിനു മുൻപു ശ്രീദേവിയെ കാണാൻ പോയ റിപ്പോർട്ടർ . അഭിമുഖത്തിനിടെ അവരോടു ചോദിച്ചു: ‘ആരോടാണ് ഏറ്റവും കടപ്പാട്?’ എന്ന ചോദ്യത്തിന് ശ്രീദേവി പറഞ്ഞു: ‘അമ്മയോടു തന്നെ. എനിക്കൊപ്പം എന്നും നിന്നു. ഇന്നു ഞാൻ ഇവിടെ എത്താനുള്ള കാരണം അമ്മ മാത്രമാണ്. നാലു വയസ്സുള്ളപ്പോൾ സിനിമയിലെത്തിയതാണ്. അമ്മയുടെ കൈപിടിച്ചു സെറ്റിലൂടെ നടന്ന കാലമൊക്കെ ഓർമ വരുന്നു. എത്രപെട്ടെന്നാണ് കാലം കടന്നുപോയത്. 50 വർഷമായി എന്നു വിശ്വസിക്കാനാകുന്നില്ല.’ അമ്മ- മകൾ ബന്ധത്തിന്റെ കഥയാണു ‘മോം’. ആ സിനിമയ്ക്കു ശേഷമാണു ശ്രീദേവിയുടെ മകൾ ജാൻവി കപൂർ നായികയായി അരങ്ങേറുന്ന ‘ധഡക്’ സിനിമയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. സെറ്റിലേക്ക് അമ്മ തന്നെ കൊണ്ടുവന്നതുപോലെ ജാൻവിയെ ബോളിവുഡിലേക്കു കരുതലോടെ ആനയിക്കുകയായിരുന്നു ശ്രീദേവി. മകൾക്ക് അഭിനയപാഠം പകർന്നുനൽകുന്ന മുതിർന്ന നടിയെന്നതിലുപരി, കാർക്കശ്യത്തോടെ ജാൻവിക്കു വഴികാട്ടുന്ന അമ്മയെയാണു പലപ്പോഴും കണ്ടിരുന്നതെന്ന് ധഡക്കിന്റെ അണിയറ പ്രവർത്തകർ ഓർക്കുന്നു.
മൂന്നു പതിറ്റാണ്ടോളം വെള്ളിത്തിരയിൽ നിറഞ്ഞുനിന്ന ശ്രീദേവി 1996 ൽ ബോണി കപൂറുമായുള്ള വിവാഹത്തോടെയാണ് അഭിനയലോകത്തോടു വിടപറഞ്ഞത്. 1997 ൽ ജാൻവിയുടെ ജനനത്തോടെ പൂർണമായി വീട്ടമ്മയായി മാറി. തുടർന്നു മൂന്നു വർഷത്തിനു ശേഷമാണു ഖുഷിയുടെ ജനനം. ഇതോടെ മക്കളായി ശ്രീദേവിയുടെ ലോകം. ക്യാമറകൾ തന്നിൽനിന്നു തട്ടിയെടുത്ത ബാല്യം മക്കൾക്കു നഷ്ടപ്പെടരുതെന്ന് അവർ ആഗ്രഹിച്ചു. ഇരുവരെയും ഉൗട്ടിയും ഉറക്കിയും സ്കൂളിലെ രക്ഷാകർതൃ യോഗങ്ങൾക്കു പോയുമെല്ലാം അവർ അമ്മയുടെ റോൾ ആസ്വദിച്ചു. ശ്രീദേവിയെന്ന നടിയെക്കുറിച്ചു കേൾക്കാൻ തന്നെയില്ലാതായി.
15 വർഷത്തിനു ശേഷം, മക്കൾ സ്വന്തം കാലിൽ നിൽക്കാറായെന്നു തോന്നിയപ്പോൾ ശ്രീദേവി സിനിമയിൽ തിരിച്ചെത്തി– 2012 ൽ ‘ഇംഗ്ലിഷ് വിംഗ്ലിഷ്’ എന്ന ചിത്രത്തിലൂടെ. തുടർന്നു രണ്ടു ചിത്രങ്ങളിൽ മുഖം കാണിച്ചെങ്കിലും വീണ്ടും അഞ്ചുവർഷമെടുത്തു മുഴുനീള വേഷം ചെയ്യാൻ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘മോം’ ആയിരുന്നു ചിത്രം. അതിനു പിന്നിൽ മറ്റൊരു കഥ കൂടിയുണ്ട്. ശ്രീദേവി സിനിമയിലെത്തിയതിന്റെ അൻപതാം വർഷം ഭാര്യയ്ക്കുള്ള സമ്മാനമായാണു ബോണി കപൂർ ‘മോം’ നിർമിച്ചത്. മോമിൽ ശ്രീദേവിയുടെ മകളായി അഭിനയിച്ച പാക് നടി സജാൽ അലിയുടെ അമ്മ അർബുദത്തെത്തുടർന്നു മരിച്ചത് ആ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു. ശ്രീദേവിയിലായിരുന്നു സജാൽ ആ വേളയിൽ ആശ്വാസം േതടിയത്. ശ്രീദേവി അഭിനയിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു അവരുടെ അമ്മയുടെ മരണം. ഇപ്പോഴിതാ, മകൾ ജാൻവി, നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ ശ്രീദേവിയും ഓർമയായിരിക്കുന്നു.
മോമിൽ ശ്രീദേവിയുടെ മകളായി അഭിനയിച്ച പാക് നടി സജാൽ അലിയുടെ അമ്മ അർബുദത്തെത്തുടർന്നു മരിച്ചത് ആ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു. ശ്രീദേവിയിലായിരുന്നു സജാൽ ആ വേളയിൽ ആശ്വാസം േതടിയത്. ശ്രീദേവി അഭിനയിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു അവരുടെ അമ്മയുടെ മരണം. ഇപ്പോഴിതാ, മകൾ ജാൻവി, നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ ശ്രീദേവിയും ഓർമയായിരിക്കുന്നു.
ശ്രീദേവിയുടെ ജീവിതത്തിലെ പ്രണയത്തിലെ കയ്പു നിറഞ്ഞ കാലഘട്ടം
സിനിമകളിലെ പ്രണയങ്ങളിലൂടെയും കുട്ടിത്തത്തിലൂടെയുമൊക്കെ പ്രേക്ഷകരെ കയ്യിലെടുത്ത ശ്രീദേവിയുടെ ജീവിതത്തിലെ പ്രണയത്തിന് അൽപം കയ്പു നിറഞ്ഞ കാലഘട്ടവുമുണ്ട്. നടൻ മിഥുൻ ചക്രവർത്തിയുമായി പ്രണയത്തിനും രഹസ്യവിവാഹത്തിനും ശേഷം നിരാശയിലാണ്ട ശ്രീദേവി ഒടുവിൽ നിർമാതാവ് ബോണി കപൂറിലാണ് തന്റെ സങ്കൽപ പുരുഷനെ കണ്ടെത്തിയത്. വിവാഹിതനായ പുരുഷനുമായി പ്രണയബന്ധത്തിലായ നടിയെന്ന നിലയ്ക്കാണ് അന്നു ശ്രീദേവിയെ എല്ലാവരും കണ്ടത്. ഒരുവേള കുടുംബം തകർത്തവൾ എന്ന പേരുപോലും ശ്രീദേവി കേൾക്കുകയുണ്ടായി. നടൻ മിഥുൻ ചക്രവർത്തിയുമായുണ്ടായ പ്രണയവും രഹസ്യ വിവാഹവുമൊന്നും ശ്രീദേവിയെ സുരക്ഷിതയാക്കിയിരുന്നില്ല. വിവാഹിതനായിരുന്ന ബോണി കപൂറിലായിരുന്നു ശ്രീദേവി തന്റെ സ്വപ്നങ്ങളിലെ കാമുകനെ കണ്ടത്. മോണ ഷൂരിയുടെ ഭർത്താവായിരിക്കെ തന്നെ ബോണിയെ പ്രണയിച്ച ശ്രീദേവി വിമർശനങ്ങളെയൊക്കെ കാറ്റിൽ പറത്തിയാണ് അദ്ദേഹത്തെ വിവാഹം കഴിക്കുന്നത്. ശ്രീദേവിയുടെ പ്രണയത്തെയും ജീവിതത്തെയുംകുറിച്ച്.
ആരാധനയിൽ തുടങ്ങിയ പ്രണയം
1970ൽ ശ്രീദേവിയുടെ തമിഴ് സിനിമ കണ്ടാണ് തനിക്ക് അവരോട് ആരാധന തോന്നിത്തുടങ്ങിയതെന്ന് ബോണി കപൂർ പറഞ്ഞിട്ടുണ്ട്. അന്നുതൊട്ടേ ശ്രീദേവിക്കൊപ്പം വർക് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരിക്കൽ ഇക്കാര്യം സൂചിപ്പിക്കാനായി ഒരു ഷൂട്ടിങ് സെറ്റില്‍ എത്തിയിരുന്നുവെങ്കിലും അപരിചിതരോടു സംസാരിക്കാൻ താൽപര്യം പ്രകടിപ്പിക്കാത്ത അന്തർമുഖയായിരുന്നു ശ്രീദേവിയെന്ന് ബോണി കപൂർ മനസ്സിലാക്കി.
പാതി ഇംഗ്ലിഷിലും ഹിന്ദിയിലുമായി ബോണി കപൂറിനോടു സംസാരിച്ച ശ്രീദേവി സിനിമ സംബന്ധിച്ച കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് അമ്മയാണെന്ന് അറിയിച്ചു. അങ്ങനെ ശ്രീദേവിയുടെ അമ്മയെ കണ്ട ബോണി കപൂർ അവർ സിനിമയ്ക്കായി ചോദിച്ച പത്തുലക്ഷത്തിനു പകരം പതിനൊന്നു ലക്ഷം വാഗ്ദാനം ചെയ്തു. ശ്രീദേവിയോട് എങ്ങനെയെങ്കിലും അടുക്കുക എന്നതായിരുന്നു അതിനു പിന്നിലെ ലക്ഷ്യം. ഇതോടെ ശ്രീദേവിയുടെ അമ്മ ബോണിയിൽ താൽപര്യം പ്രകടിപ്പിച്ചു. പതിയെ ശ്രീദേവിയും ബോണിയും സുഹൃത്തുക്കളായി മാറി.
പൂവണിയാതെ ബോണിയുടെ പ്രണയം
പക്ഷേ ഇക്കാലത്തൊക്കെയും നടൻ മിഥുൻ ചക്രവർത്തിയുമായി ശ്രീദേവി അടുപ്പത്തിലായിരുന്നു. ഇതോടെ ശ്രീദേവിയുടെ പുറകെ നടക്കുന്നതിൽ കാര്യമില്ലെന്നു മനസ്സിലായ ബോണി വീട്ടുകാർ ഉറപ്പിച്ച വിവാഹത്തിനു തയാറായി മോണാ ഷൂരിയെ വിവാഹം കഴിച്ചു. ആ സമയത്ത് മിഥുൻ ചക്രവർത്തി ശ്രീദേവിയെ രഹസ്യമായി വിവാഹം കഴിച്ചിരുന്നെങ്കിലും തന്റെ മുൻഭാര്യ യോഗീതാ ബാലിയിൽ നിന്നു വിവാഹമോചനം നേടിയിരുന്നില്ല. മാത്രവുമല്ല ശ്രീദേവിയുമായുള്ള ബന്ധം പരസ്യമായി അംഗീകരിക്കാനും അദ്ദേഹം തയാറായിരുന്നില്ല. ഇതു ശ്രീദേവിയെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അങ്ങനെയാണു തന്റെ വിഷമങ്ങൾ പങ്കുവച്ച് ശ്രീദേവി ബോണി കപൂറുമായി അടുക്കുന്നത്. ശ്രീദേവിയുടെ അമ്മയുടെ കടബാധ്യതകൾ തീർക്കാൻ കൂടി ബോണി മുന്നിട്ടിറങ്ങിയതോടെ ഇരുവരുടെയും ബന്ധം കൂടുതൽ ദൃഢമായി.
ഗർഭിണിയായ ശ്രീദേവി
ശ്രീദേവിയുമായുള്ള ബന്ധം അതിരു കടന്നുവെന്നു ബോധ്യമായതോടെയാണ് ബോണിയുടെ ജീവിതത്തിൽ നിന്നും ഭാര്യ മോണ വിട്ടുപോകാൻ തീരുമാനിക്കുന്നത്. ശ്രീദേവി ഗർഭിണിയാണെന്നുകൂടി അറിഞ്ഞതോടെ പിന്നീടൊന്നാലോചിക്കാൻ പോലും സമയം നൽകാതെ മോണ ബോണിയുടെ ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോയി. ബോണിക്കു തന്നെയല്ല, മറ്റൊരാളെയാണ് ആവശ്യമെന്നും ശ്രീദേവി ഗർഭിണി കൂടിയായ സാഹചര്യത്തിൽ ഇനിയൊരിക്കലും ഒന്നിക്കാൻ തീരെ സാധ്യതയില്ലെന്നും വ്യക്തമാക്കിയാണ് മോണ പടിയിറങ്ങിപ്പോയത്. അന്ന് അമ്മയും അച്ഛനും സഹോദരിയുമായിരുന്നു തനിക്കു ശക്തി പകർന്നതെന്ന് മോണ പിന്നീടു പറഞ്ഞിരുന്നു.
മക്കളായ അർജുൻ കപൂറിനും അൻഷുലയ്ക്കുമൊപ്പമായിരുന്നു പിന്നീടുള്ള മോണയുടെ ജീവിതം. മകളുടെ ജീവിതം തകർത്തവളായിട്ടായിരുന്നു ശ്രീദേവിയെ മോണയുടെ അമ്മ കണ്ടിരുന്നത്. ഗർഭിണിയായ ശ്രീദേവിയെ പരസ്യമായി മർദിക്കാൻ പോലും അവർ ശ്രമിച്ചതിനു സാക്ഷികളുണ്ട്. അത്രയ്ക്കുണ്ടായിരുന്നു ശ്രീദേവിയോടുള്ള വിദ്വേഷം. ബിടൗണിലെ തിളങ്ങുംതാരം അർജുൻ കപൂറിന്റെ അമ്മ കൂടിയായ മോണ 2012ൽ അർബുദത്തെത്തുടർന്ന് മരിക്കുകയായിരുന്നു.
സ്വപ്നസാഫല്യമായി വിവാഹം
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 1996ലാണ് ശ്രീദേവിയും ബോണി കപൂറും വിവാഹിതരാകുന്നത്. ബോണിയാണ് തന്റെ സ്വപ്നങ്ങളിലെ പുരുഷനെന്നു മനസ്സിലാക്കാൻ ഏറെ സമയം വേണ്ടിവന്നിട്ടുണ്ടെന്ന് ശ്രീദേവി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രണയം മനസ്സിലാക്കി നേരത്തെ സ്വീകരിച്ചിരുന്നെങ്കിൽ എന്ന് പിന്നീടു പലപ്പോഴും ചിന്തിച്ചിരുന്നുവെന്നും ശ്രീദേവി പറഞ്ഞിരുന്നു.
സിനിമയിൽ ലേഡി സൂപ്പർ സ്റ്റാറായി തിളങ്ങുന്ന സമയത്തായിരുന്നു ശ്രീദേവിയെ ബോണി കപൂർ വിവാഹം കഴിച്ചത്. പിന്നീടങ്ങോട്ട് ബോണിയുടെയും മക്കളായ ജാൻവിയുടെയും ഖുഷിയുടെയും സന്തോഷമായിരുന്നു ശ്രീദേവി തിരഞ്ഞെടുത്തിരുന്നത്. സിനിമയോട് വിടപറയാനും പൂർണമായും കുടുംബസ്ഥയാവാനും ശ്രീദേവി തീരുമാനിച്ചു. വര്‍ഷങ്ങൾക്കിപ്പുറം ഇംഗ്ലിഷ് വിംഗ്ലിഷ്, മോം എന്നീ ചിത്രങ്ങളിലൂടെ ശ്രീദേവി വീണ്ടും പ്രേക്ഷകരുടെ പ്രിയങ്കരിയായി. മകൾ ജാൻവിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിനായി കാത്തിരിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായുള്ള താരത്തിന്റെ വിയോഗം.