ശ്രീദേവിയുടെ മരണത്തിൽ ദുരൂഹത !..രക്തത്തിൽ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും ഫൊറന്‍സിക് റിപ്പോർട്ട്..ബാത്ത്ടബിൽ വീണാൽ ഒരാൾ മരിക്കുമോ?

ദുബായ് : നടി ശ്രീദേവിയുടേതു മുങ്ങിമരണമാണെന്നും രക്തത്തിൽ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും ഫൊറന്‍സിക് റിപ്പോർട്ട്, ബാത്ത്ടബിൽ കിടക്കുന്ന നിലയിലാണു കണ്ടെത്തിയതെന്നു പൊലീസ്. മരണത്തിനു കാരണമായി ‘മുങ്ങിമരണം’ എന്നു റിപ്പോർട്ടിൽ കൃത്യമായി രേഖപ്പെടുത്തിയതിനാൽ തള്ളിപ്പോയത് ‘ഹൃദയാഘാതമാണു കാരണം’ എന്ന മുൻ വാദം.സംഭവത്തിൽ ദുരൂഹതയില്ലെന്നും പൊലീസ് പറയുന്നു. അപ്പോൾ ഒരു സംശയം പൊന്തിവരും, ബാത്ത്ടബിൽ വീണാൽ ഒരാൾ മരിക്കുമോ? ഒരു വ്യക്തി ‘മുങ്ങി’മരിക്കുന്നതിനു ബാത്ത്ടബിലെ വെള്ളം തന്നെ ധാരാളമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ശ്വാസകോശത്തിൽ ഒരു ഗ്ലാസ് വെള്ളം കയറിയാൽ പോലും മരണം സംഭവിക്കും. ശ്വാസം തടസ്സപ്പെടുന്നതാണു കാരണം. ബോധരഹിതമായ അവസ്ഥയാണെങ്കിൽ മരണസാധ്യത പിന്നെയുമേറും.ബാത്ത്ടബിൽ മൃതദേഹം കണ്ടാൽ മനസ്സിലാക്കേണ്ടത്

ഒരൽപം വെള്ളം പോലും ശ്വാസനാളത്തിൽ എത്തിയാൽ ശ്വാസതടസ്സത്തിനും തുടർന്നുള്ള മരണത്തിനും കാരണമാകും. പക്ഷേ അങ്ങനെ വെള്ളം ഉള്ളിൽ പോകണമെങ്കിൽ പ്രസ്തുത വ്യക്തിക്കു ഭാഗികമായോ പൂർണമായോ ബോധം നഷ്ടപ്പെട്ടിട്ടുണ്ടാകണം. ബോധരഹിതയായി ബാത്ത്ടബിൽ വീണു മുങ്ങി മരിച്ചതാണു ശ്രീദേവിയെന്നു ദുബായ് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഒരു വ്യക്തിയുടെ വായിലേക്കു വെള്ളം കയറിയാൽ അതിനു താഴോട്ടു പോകാൻ രണ്ടു വഴികളുണ്ട്. അന്നനാളത്തിൽ കൂടി വയറ്റിലേക്ക് അല്ലെങ്കിൽ ശ്വാസനാളത്തിൽ കൂടി ശ്വാസകോശത്തിലേക്ക്. രണ്ടാമത്തെ വഴി മരണത്തിലേക്കും കൂടിയാണ് എന്നുമാത്രം. ഇത് അങ്ങനെ ഉണ്ടാകാതിരിക്കാൻ ഈ നാളങ്ങളുടെ കവാടം അടയ്ക്കാനും തുറക്കാനും കൃത്യമായ മെക്കാനിസം ഉണ്ട്. കൃത്യസമയത്തു തന്നെ, അതായത് ഒരു ഗ്ലാസ്‌ വെള്ളം കുടിക്കുമ്പോൾ പോലും അതു വിഴുങ്ങുന്ന സമയത്ത് അന്നനാളം തുറക്കുകയും ശ്വാസനാളം അടയുകയും ചെയ്യും.sridevi-certificate.jpg.image.470.246

ഇതു നമ്മൾ അറിഞ്ഞുകൊണ്ടു ചെയ്യുന്നതല്ലെങ്കിൽ കൂടി ഉണർന്നിരിക്കുന്ന ഒരു തലച്ചോർ ഇതിനാവശ്യമാണ്– ബോധം വേണമെന്നു ചുരുക്കം. അതുകൊണ്ടുതന്നെ ബോധം ഉള്ള ഒരാൾ എത്ര വെള്ളം കുടിച്ചാലും കൃത്യമായി അന്നനാളത്തിലേക്കേ പോകൂ. പക്ഷേ ബോധക്ഷയം സംഭവിച്ചു കിടക്കുന്ന ഒരാളുടെ വായിലേക്ക് ഒരു ഗ്ലാസ്‌ വെള്ളം ഒഴിച്ചാൽ പോലും, അത് ഏതുവഴി പോകുമെന്നു പറയാനാവില്ല. അയാളുടെ ശ്വാസനാളം അടഞ്ഞുകൊടുക്കുകയുമില്ല. അതു വെള്ളം കയറി അടഞ്ഞു പോകുകയും മരണം സംഭവിക്കുകയും ചെയ്യും. ഇതിനെ ആണ് ‘ആസ്പിരേഷൻ’ എന്നു പറയുന്നത്.

ആസ്പിരേഷനിലേക്കുള്ള കാരണങ്ങൾ

1) ഹൃദയാഘാതം തന്നെയാകാം, ഇതിനെത്തുടർന്ന് ബോധക്ഷയം സംഭവിക്കാം. അതുവഴി ആസ്പിരേഷനും. എന്നാൽ ശ്രീദേവിയുടെ കാര്യത്തിൽ ഹൃദയാഘാതം സംഭവിച്ചിട്ടില്ലെന്നാണു ഫൊറന്‍സിക് റിപ്പോർട്ട്. ഹൃദയധമനികളിൽ തടസ്സം ഉണ്ടായിരുന്നെങ്കിൽ അക്കാര്യം പോസ്റ്റ്മോർട്ടത്തിൽ വ്യക്തമാകും. ശ്രീദേവിയുടെ മരണത്തിൽ ദുബായില്‍ വിശദമായ പരിശോധന നടന്നിട്ടുണ്ടെന്നാണു വിവരം. അതിനാൽ ഹൃദയാഘാതമാണെങ്കിൽ അക്കാര്യം അധികൃതർ വ്യക്തമാക്കുമെന്നതും ഉറപ്പ്. ഇവിടെ അതുണ്ടായിട്ടില്ല.

2) അപസ്മാരം കാരണം ബോധം ഭാഗികമായോ പൂർണമായോ നഷ്ടപ്പെടാം. ശ്വാസകോശത്തിലേക്കു വെള്ളം കയറാൻ സാധ്യതയുണ്ട്. പക്ഷെ ശ്രീദേവിക്ക് നേരത്തേ അപസ്മാരമുണ്ടായിരുന്നതായി റിപ്പോർട്ടുകളില്ല.

3) അമിതമദ്യപാനം: നല്ലപോലെ മദ്യലഹരിയിലോ ഉറക്കഗുളികളോ മറ്റു പദാർഥങ്ങളുടെ ലഹരിയിലോ ബാത്ത്ടബിൽ വീണും മരണം സംഭവിക്കാം. ഒന്നുകിൽ ബോധം മുഴുവനായോ ഭാഗികമായോ പോകാം. ഇല്ലെങ്കിൽ ലഹരിയുടെ സമയത്തു മേല്‍പറഞ്ഞ ശ്വാസ/അന്നനാളങ്ങൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന പ്രക്രിയ അത്ര പ്രവർത്തനക്ഷമം ആയിരിക്കില്ല. ഇതിനാൽ തന്നെ അമിതമായി മദ്യപിച്ചാൽ, ആ അവസ്ഥയിൽ വെള്ളം മൂക്കിലോ വായിലോ നിറയാനും അതു ശ്വാസകോശത്തിലേക്കു കയറാനും സാധ്യതയേറെയാണ്.sreedevi

ചുമച്ചു പുറത്തുതള്ളാൻ നോക്കുന്ന ശരീരം

ശ്വാസകോശത്തിലേയ്ക്കു വെള്ളമോ മറ്റെന്തു തന്നെയും കയറിയാലും ശക്തമായ ചുമ വരും. ചുമച്ചു പുറത്തേക്കു തള്ളാൻ ശരീരം നോക്കുന്നതാണ്. ബോധക്ഷയം സംഭവിച്ചവർക്കു ചുമയ്ക്കാൻ കഴിഞ്ഞെന്നു വരില്ല. ഇനി കഴിഞ്ഞാൽ തന്നെ ശ്വാസതടസ്സം കാര്യമായിട്ടുള്ളതാണെങ്കിൽ നിമിഷങ്ങൾക്കകം ഉള്ള ബോധം കൂടി നഷ്ടപ്പെടും. വീണ്ടുംവീണ്ടും കൂടുതൽ വെള്ളം ഉള്ളിൽ പോകും. സമീപത്ത് ആരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ രക്ഷപ്പെടുത്താനാകൂ. ഇത്തരം അവസ്ഥകളിൽ സ്വയംരക്ഷ അസാധ്യമാണെന്നു പരിയാരം മെഡിക്കൽ കോളജിലെ ഡിപ്പാർട്ട്മെന്റ് ഒാഫ് ജനറൽ മെഡിസിൻ ഫിസിഷ്യൻ ഡോ. അരുൺ ശ്രീ പരമേശ്വരൻ പറയുന്നു.

ബാത്ത്ടബിൽ തലയടിച്ചും ബോധം പോകാനുള്ള സാധ്യതയുണ്ട്. ബോധം പോകാൻ മാത്രം ‘ഇംപാക്ട്’ ഉള്ള തരത്തിൽ അടിയേറ്റാലാണിത്. അങ്ങനെ ബോധക്ഷയം സംഭവിച്ചു വെള്ളത്തിൽ മുങ്ങിയാലും മരണം സംഭവിക്കാം. എന്നാൽ ഇത്തരത്തിൽ തലയ്ക്ക് അടിയേറ്റിട്ടുണ്ടെങ്കിൽ അക്കാര്യം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കും.തലയ്ക്കു പിന്നിൽ ചതഞ്ഞ അടയാളമോ രക്തം കട്ടപിടിച്ച നിലയിലോ തലച്ചോറിലോ തന്നെ ലക്ഷണങ്ങൾ കാണപ്പെടും. അസ്വാഭാവിക മരണത്തിനുള്ള സാധ്യതകളുമുണ്ട്. എന്നാൽ ശ്രീദേവിയുടെ മരണത്തിൽ അത്തരം സംശയങ്ങളൊന്നും ഉയർന്നിട്ടില്ല. എന്നിരുന്നാലും കാര്യം ഇത്രേയേയുള്ളൂ, ഒരു കവിൾ വെള്ളം കൊണ്ടും ‘മുങ്ങി’ മരിക്കാം !..

നടിയുടേത് ഹൃദയാഘാതം മൂലമുള്ള മരണമാണെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിശദമായ പരിശോധനയിലാണ് മുങ്ങിമരണമാണെന്ന് കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ട്, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതോടെ ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ ദ്രുതഗതിയില്‍ നീങ്ങുകയാണ്. ശ്രീദേവിയുടേത് മുങ്ങിമരണമാണെങ്കിലും അതില്‍ ദുരൂഹതയില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബാത്ത് ടബിലേക്ക് കുഴഞ്ഞു വീഴുകയും അതില്‍ കിടന്നു മരിക്കുകയുമായിരുന്നു എന്ന നിഗമനത്തിലാണ് ഫോറന്‍സിക് വിദഗ്ദ്ധരെത്തി നില്‍ക്കുന്നത്.

ഫോറന്‍സിക് പരിശോധനഫലം ലഭിച്ചതോടെ ദുബായ് പോലീസ് ശ്രീദേവിയുടെ മരണസര്‍ട്ടിഫിക്കറ്റ് കൈമാറിയിട്ടുണ്ട്. ഇനി ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് നടിയുടെ വിസയും പാസ്‌പോര്‍ട്ടും റദ്ദ് ചെയ്യും. ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ മൃതദേഹം വിട്ടുകൊടുക്കാനുള്ള അനുമതി കൂടി നല്‍കിയാല്‍ മൃതദേഹം ഇന്ത്യയിലെത്തിക്കാം.

ശനിയാഴ്ച രാത്രി 11.30 ഓടെയാണ് ദുബായിലെ ആഡംബര ഹോട്ടലിന്‍റെ ബാത്ത് ടബിൽ ശ്രീദേവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ബോണി കപൂറും അവർക്കൊപ്പമുണ്ടായിരുന്നു. ബന്ധുവിന്‍റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനാണ് ഇരുവരും ദുബായിൽ എത്തിയത്. ബാത്ത്റൂമിൽ പോയ ശ്രീദേവിയെ 15 മിനിറ്റ് കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ഭർത്താവ് വാതിൽ തള്ളി തുറന്നു നോക്കുന്പോഴാണ് ബാത്ത് ടബിൽ വീണുകിടക്കുന്നത് കാണുന്നതെന്നാണു പുറത്തുവന്ന റിപ്പോർട്ടുകൾ.

Top