തരൂരിന്റെ ഭാര്യമാരെ കുറിച്ചുള്ള പരാമര്‍ശം; ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ മാന നഷ്ടക്കേസ്

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളക്കെതിരെ മാന നഷ്ടക്കേസ്് ശശി തരൂര്‍ കൊടുത്തു. തരൂരിന്റെ മൂന്നു ഭാര്യമാര്‍ എങ്ങനെ കൊല്ലപ്പെട്ടു എന്ന ശ്രീധരന്‍പിള്ള വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞതാണ് കേസിന് അടിസ്ഥാനം. അസത്യം പറഞ്ഞ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ മാനഹാനി ഉണ്ടാക്കിയെന്നാണ് തരൂരിന്റെ പരാതി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച സിജെഎം കോടതി തരൂരിന്റെ മൊഴിയെടുക്കാന്‍ ഈ മാസം 25 ലേക്ക് മാറ്റി. ‘തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെയെന്നാണ് എല്ലാവരും ചോദിക്കുന്നത്. ബിജെപിയോ താനോ അത് ചോദിക്കാന്‍ ഉദ്ദേശിക്കുന്നില്ല’. ഇതായിരുന്നു ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍. ഭാര്യമാരില്‍ രണ്ടാമത്തെയാള്‍ അടൂര്‍കാരിയാണെന്നും അടൂരിലെ അഭിഭാഷകന്‍ മധുസൂദനന്‍ നായരുടെ അനന്തരവളായിരുന്നു അവരെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. കേസ് നിയമോപദേശത്തിനായി തന്റെ അടുത്ത് വന്നിരുന്നതായും വാര്‍ത്താസമ്മേളനത്തിനിടെ ശ്രീധരന്‍ പിള്ള അവകാശപ്പെട്ടിരുന്നു. ഇത്തരം കാര്യങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ട് മാത്രമാണ് പുറത്ത് പറയാത്തതെന്നായിരുന്നു അന്ന് ശ്രീധരന്‍ പിള്ളയുടെ വിശദീകരണം.

Latest
Widgets Magazine