ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ഉത്തരവാദിത്തം സര്‍ക്കാരിനെന്ന് ഉമ്മന്‍ചാണ്ടി; പൊലീസിനെതിരെ കര്‍ശന നടപടി വേണം 

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ഉത്തരവാദിത്തം സര്‍ക്കാരിനെന്ന്  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ പൊലീസിനെ സംരക്ഷിക്കുകയാണ്. ശ്രീജിത്തിന്റെ കുടുംബത്തിന് ഉടന്‍ ധനസഹായം നല്‍കണം. ശ്രീജിത്തിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ശ്രീജിത്തിന്റെ കുടുംബത്തെ ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. ഉച്ചയോടെ വീട്ടിലെത്തിയ ഉമ്മന്‍ചാണ്ടി ശ്രീജിത്തിന്റെ ബന്ധുക്കളെ ആശ്വസിപ്പിച്ചു. ശ്രീജിത്ത് കേസില്‍ പ്രതിയല്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍. ലോക്കപ്പിലിട്ട് രണ്ടു ദിവസം മര്‍ദിച്ചതിനെ തുടര്‍ന്നാണ് ശ്രീജിത്തിന്റെ ജീവന്‍ നഷ്ടമായത്. ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതിലും വീഴ്ച പറ്റിയിട്ടുണ്ടെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ച് മാനദണ്ഡങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും ശ്രീജിത്തിനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ലോക്കപ്പ് മരണത്തിന്റെ ഉത്തരവാദികളെ രക്ഷിക്കാനായി കള്ളത്തെളിവുകള്‍ ഉണ്ടാക്കിയതില്‍ സി.പി.ഐ.എം നേതാക്കള്‍ പങ്കാളികളായെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കുറ്റവാളികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top