തിരുവനന്തപുരം: സംസ്ഥാനത്ത് മാറ്റിവെച്ച എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്ക് തുടക്കമായി.തെര്‍മല്‍ സ്‌കാനിങ് നടത്തിയ ശേഷം കൈ കഴുകി സാനിറ്റൈസര്‍ പുരട്ടിയ ശേഷമാണ് വിദ്യാര്‍ത്ഥികളെ പരീക്ഷാ ഹാളിലേക്ക് കടത്തി വിട്ടത്. അധ്യാപകരും വിദ്യാർഥികളും മാസ്കും ധരിച്ചിട്ടുണ്ട്. ഇതേ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കി രാവിലെ വിഎച്ച്എസ്ഇ പരീക്ഷകളും നടന്നിരുന്നു. കോവിഡ് കേസുകൾ കൂടുന്നതിനിടെ പരീക്ഷ നടത്തുന്നതിനിടെ പ്രതിപക്ഷം ഉൾപ്പെടെയുള്ളവർ എതിർപ്പുയർത്തിയിരുന്നു. ഇതെല്ലാം തള്ളിക്കൊണ്ട് പരീക്ഷ നടത്തിപ്പുമായി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനിച്ചത്. അതുകൊണ്ടു വിദ്യാർത്ഥികൾക്ക് മാത്രമല്ല സർക്കാരിനും വെല്ലുവിളിയായിമാറുകയാണ് ഇത്തവണത്തെ പരീക്ഷ.
വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ സ്‌കൂളുകളിലെത്താന്‍ സര്‍ക്കാര്‍ യാത്രാ സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. ആശങ്കയില്ലാതെ പരീക്ഷയെഴുതാന്‍ സാധിച്ചതായി വിദ്യാര്‍ത്ഥികളും പ്രതികരിച്ചു. എസ്എസ്എല്‍സിയില്‍ 99.91 ശതമാനവും വിഎച്ച്എസ്ഇയില്‍ 99.02 ശതമാനം വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതി.
സ്‌കൂളുകളില്‍ എത്തിയ വിദ്യാര്‍ഥികള്‍ക്ക് പ്രവേശന കവാടത്തില്‍ തന്നെ തെര്‍മല്‍ സ്‌കാനിങിലൂടെ ശരീര താപനില പരിശോധിച്ചും സാനിറ്റൈസര്‍ നല്‍കി കൈകള്‍ ശുദ്ധീകരിച്ച ശേഷവുമാണ് പരീക്ഷാ ഹാളിലേക്ക് കടത്തിവിട്ടത്. രാവിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയുടെയും ഉച്ചയ്ക്ക് എസ്.എസ്.എല്‍.സിയുടെ പരീക്ഷയാണ് നടന്നത്.
എസ്.എസ്.എല്‍.സിക്ക് 4,22,077 വിദ്യാര്‍ത്ഥികളും വി.എച്ച്.എസ്.ഇയ്ക്ക് 55,794 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷയെഴുതിയത്.
എസ്എസ്എല്‍സിക്ക് 2945ഉം വൊക്കേഷണല്‍ ഹയര്‍സെക്കന്ററിക്ക് 389ഉം പരീക്ഷാ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ഒരു മുറിയില്‍ പരമാവധി 20 വിദ്യാര്‍ഥികളെയാണ് പരീക്ഷയ്ക്കിരുത്തിയത്. ആശങ്കയില്ലാതെ പരീക്ഷയെഴുതാന്‍ സാധിച്ചതായി വിദ്യാര്‍ത്ഥികളും പ്രതികരിച്ചു.
പരീക്ഷക്ക് മുമ്പും ശേഷവും ക്ലാസ് മുറികളില്‍ അനുനശീകരണവും നടത്തി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഇരിപ്പിടം ഒരുക്കിയിരുന്നു. വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ എത്തിക്കാനും തിരികെ കൊണ്ടുപോകാനും കൃത്യമായി വാഹനവും സ്‌കൂളുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴും സര്‍ക്കാര്‍ നിര്ദേശങ്ങള്‍ പാലിച്ചായിരുന്നു സ്‌കൂളുകളിലെ ക്രമീകരണം.