എസ്എസ്എൽസിക്ക് 97.84 ശതമാനം വിജയം; 34,313 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ്

കൊച്ചി:എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 97.84 ശതമാനം പേർ വിജയിച്ചതായി വിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് അറിയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ (2017 ൽ 95.98 ശതമാനം, 2016 ൽ 96.59 ശതമാനം) കൂടുതലാണ് ഇത്തവണത്തെ വിജയം. പരീക്ഷ എഴുതിയ 4,40,679 പേരിൽ 4,31,162 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. 34,313 പേർ മുഴുവൻ എ പ്ലസ് നേടി; (2017 ലേതിനേക്കാൾ 13,346 പേർ അധികം) മുൻ വർഷം 20,967. പ്രൈവറ്റായി പരീക്ഷ എഴുതിയ 2784 പേരിൽ 2085 വിദ്യാർഥികൾ വിജയിച്ചു; 75.67%.

എല്ലാ വിഷയത്തിനും 34,313 വിദ്യാര്‍ഥികള്‍ക്ക് എ പ്ലസുണ്ട്. എറണാകുളം ജില്ലയിലാണ് ഏറ്റവും കുടുതല്‍ വിദ്യാര്‍ത്ഥികള്‍ പാസായത്. ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയിലാണ്.

മൂല്യനിര്‍ണയം ഏപ്രില്‍ 23ന് അവസാനിച്ചിരുന്നു. മാര്‍ക്ക് രേഖപ്പെടുത്തുന്നതുള്‍പ്പെടെ മറ്റു ജോലികളും ഏപ്രില്‍ അവസാനം തീര്‍ത്തിരുന്നു. മേയ് ഒന്നിന് അവധിയായതിനാലാണ് ബുധനാഴ്ച പരീക്ഷാ ബോര്‍ഡ് ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷവും മെയ് മൂന്നിനായിരുന്നു എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത്.

http:/keralapareekshabhavan.in , http:/results.kerala.nic.in , keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http:/results.itschool.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലമറിയാം.

മലപ്പുറത്താണു കൂടുതൽ എപ്ലസുകാർ– 2435. ഗൾഫ് മേഖലകളിൽ പരീക്ഷ എഴുതിയ 544 പേരിൽ 538 വിദ്യാർഥികൾ വിജയിച്ചു. 517 സർക്കാർ സ്കൂളുകളും 659 എയ്ഡഡ് സ്കൂളുകളും 389 അൺ എയ്ഡഡ് സ്കൂളുകളും 100 ശതമാനം വിജയം നേടി. ആകെ 1565 സ്കൂളുകളാണ് 100 ശതമാനം ജയം നേടിയത്. മുൻവർഷം ഇത് 1174 ആയിരുന്നു.ടിഎച്ച്എസ്എൽസിയിൽ 3279 പേർ പരീക്ഷ എഴുതിയപ്പോൾ 3234 വിദ്യാർഥികൾ വിജയം കരസ്ഥമാക്കി– 98.6%.പ്ലസ് വണ്ണിനു മാത്രം 4.2 ലക്ഷത്തിലേറെ സീറ്റുകളുണ്ടെന്നും പ്രവേശനനടപടികൾ ഒൻപതിനു തുടങ്ങുമെന്നും മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. ഇത്തവണ മാർക്ക് ദാനമോ മോഡറേഷനോ നൽകിയിട്ടില്ലെന്നു മന്ത്രി അറിയിച്ചു. പൊതുവിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ഫലം കാണുന്നു. സേ പരീക്ഷ മേയ് 21 മുതൽ 25 വരെ നടക്കും. പുനർമൂല്യനിർണയത്തിന് മേയ് 10 വരെ അപേക്ഷിക്കാം.

 

Latest
Widgets Magazine