എംകെ സ്റ്റാലിന്റെ ഭാര്യ ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയപ്പോള്‍ മഴയില്‍നിന്നു രക്ഷപ്പെടാന്‍ വിഗ്രഹത്തിന് ചൂടിക്കുന്ന മുത്തുക്കുട ചൂടിച്ച സംഭവത്തില്‍ തമിഴ്നാട്ടില്‍ വിവാദം. ചെന്നൈയ്ക്കടുത്തുള്ള തിരുവട്ടിയൂര്‍ ത്യാഗരാജ സ്വാമിക്ഷേത്രത്തിലാണ് സംഭവം. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ ഭാര്യ ദുര്‍ഗ ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോള്‍ മഴ പെയ്തു.
തുടര്‍ന്ന് ചിലര്‍ പ്രതിഷ്ഠയെ ചൂടിച്ചിരുന്ന മുത്തുക്കുട ചൂടിച്ച് ദുര്‍ഗയെ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ഉത്സവം നടക്കുന്ന സമയത്ത് എഴുന്നള്ളപ്പ് വേളയില്‍ പ്രതിഷ്ഠയെ ചൂടിക്കുന്ന മുത്തുക്കുടയാണ് മുഖ്യമന്ത്രിയുടെ ഭാര്യ മഴ നനയാതിരിക്കാന്‍ ചൂടിച്ചത്. പ്രതിഷ്ഠ നനയാതിരിക്കാനായി പകരം ഒരു കറുത്ത കുട ചൂടിക്കുകയായിരുന്നു.
എഴുത്തുകാരി ഷെഫാലി വൈദ്യ ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്. ഇതിന് പിന്നാലെ ബിജെപിയടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ കുടുംബത്തിന് ക്ഷേത്രങ്ങളില്‍ ദൈവത്തേക്കാള്‍ വലിയ പരിഗണനയാണെന്നാണ് ബിജെപിയുടെ വിമര്‍ശനം.
അതേസമയം മുത്തുക്കുട ചൂടിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് ഒരു പങ്കുമില്ലെന്നാണ് അവരോടൊപ്പം ഉണ്ടായിരുന്നവരുടെ വിശദീകരണം. മുത്തുക്കുട ചൂടിച്ചത് ദുര്‍ഗ സ്റ്റാലിന്റെ താത്പര്യപ്രകാരമായിരുന്നില്ല.
മഴ പെയ്തതോടെ ചിലര്‍ മുത്തുക്കുടയുമായി എത്തുകയായിരുന്നു. ക്ഷേത്രത്തിലുണ്ടായിരുന്ന ചിലരാണ് ചെയ്തത്. ആ സമയത്ത് അത് ദുര്‍ഗ തടഞ്ഞില്ലെന്നത് മാത്രമാണ് സംഭവിച്ച പിഴവെന്നും അവര്‍ വ്യക്തമാക്കുന്നു. എന്തായാലും സംഭവം എംകെ സ്റ്റാലിനെതിരെയുള്ള ആയുധമാക്കി മാറ്റിയിരിക്കുകയാണ് ബിജെപി. ബിജെപി നേതാവ് അമർ പ്രസാദ് റെഡ്ഡി സ്റ്റാലിനെ വിമര്‍ശിച്ച് വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ കുടുംബത്തിന് വിവിഐപി പരിഗണന ലഭിക്കുന്നത് ഇതാദ്യമല്ലെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ ഇക്കാര്യത്തിൽ ഡിഎംകെ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ ഡിഎംകെയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.