പഞ്ചാബില്‍ നേടിയ മിന്നുന്ന ജയത്തിന് പിന്നാലെ പുതിയ ലക്ഷ്യത്തിലേക്ക് ചുവടുറപ്പിച്ച് ആം ആദ്മി പാര്‍ട്ടി.
2023 ഡിസംബറില്‍ നടക്കാനിരിക്കുന്ന രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് നേട്ടമുണ്ടാക്കാനാണ് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി ഒരുങ്ങുന്നത്.
ഒന്നിനുപുറകെ ഒന്നായി ഓരോ സംസ്ഥാനങ്ങളിലേക്കും ചുവടുറപ്പിക്കുക എന്ന കെജ്‌രിവാളിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് രാജസ്ഥാന്‍ എഎപിയുടെ പുതിയ ലക്ഷ്യമായിരിക്കുന്നത്.
രാജസ്ഥാനില്‍ ഇതിന് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്താന്‍ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ നിയോഗിച്ച അതേ ടീമിനെ രാജസ്ഥാനിലേക്ക് അയക്കാനും പാര്‍ട്ടി പദ്ധതിയിടുന്നുണ്ട്.
എന്നാല്‍, പഞ്ചാബിലെ പശ്ചാത്തലമല്ല രാജസ്ഥാനിലുള്ളതെന്നും എഎപിയെ ഇവിടെ വേരുറപ്പിക്കാന്‍ സമ്മതിക്കില്ല എന്ന നിലപാടിലാണ് കോണ്‍ഗ്രസും ബിജെപിയും.
അതേസമയം, പഞ്ചാബില്‍ കോണ്‍ഗ്രസിനെ തുടച്ചുനീക്കി അധികാരത്തിലേറിയതിന് പിന്നാലെ രാജസ്ഥാനിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറെ ആവേശത്തിലാണ്. ജയ്പൂര്‍ അടക്കമുള്ള പട്ടണങ്ങളില്‍ എഎപിക്കും കെജ്‌രിവാളിനും നിയുക്ത പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനും അഭിവാദ്യങ്ങളര്‍പ്പിച്ചുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.