ബീഹാറിൽ ശക്തനായ എന്‍സിപി ദേശീയ നേതാവ് താരീഖ് അന്‍വര്‍ കോണ്‍ഗ്രസില്‍!.. രാഹുലുമായി കൂടിക്കാഴ്ച..

ദില്ലി: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ നേതാവായിരുന്ന താരീഖ് അന്‍വന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം പാര്‍ട്ടില്‍ ചേര്‍ന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാകുമെന്നും നേതാക്കള്‍ പറഞ്ഞു.

ബിഹാറില്‍ നിന്നുള്ള എന്‍സിപി നേതാവാണ് താരീഖ് അന്‍വര്‍. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചതാണ് താരീഖ് പാര്‍ട്ടി വിടാന്‍ കാരണം. അദ്ദേഹത്തിന്റെ വരവോടെ കോണ്‍ഗ്രസ് കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്നാണ് കരുതുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ കോണ്‍ഗ്രസിന് ബിഹാറില്‍ മുതല്‍ക്കൂട്ടാകും താരീഖ് അന്‍വറിന്റെ സാന്നിധ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്‍സിപിയുടെ ദേശീയ തലത്തിലെ തിളങ്ങുന്ന മുഖമായിരുന്നു താരീഖ് അന്‍വര്‍. ബിഹാറില്‍ നിന്നുള്ള പാര്‍ട്ടിയുടെ ഏക പാര്‍ലമെന്റംഗം. ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്റെ റാഫേല്‍ ഇടപാടിലെ നിലപാടാണ് താരീഖ് അന്‍വറിനെ പ്രകോപിപ്പിച്ചത്. അദ്ദേഹം എന്‍സിപിയില്‍ നിന്ന് ഒരുമാസം മുമ്പ് രാജിവയ്ക്കുകയായിരുന്നു.അന്നു തന്നെ താരീഖ് അന്‍വര് കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ അതുണ്ടായില്ല. പിന്നീട് കോണ്‍ഗ്രസ് നേതാക്കളുമായി താരീഖ് അന്‍വര്‍ ചര്‍ച്ച നടത്തി. കോണ്‍ഗ്രസില്‍ ചേരാന്‍ ധാരണയുണ്ടാക്കി. ശനിയാഴ്ച അേേദ്ദഹം തുഗ്ലക്ക് ലൈനിലെ വസതിയിലെത്തി രാഹുല്‍ ഗാന്ധിയെ കണ്ടു.

ബിഹാര്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായ സംസ്ഥാനമാണ്. 40 ലോക്‌സഭാ മണ്ഡലങ്ങളാണ് ബിഹാറിലുള്ളത്. കോണ്‍ഗ്രസും ആര്‍ജെഡിയും സഖ്യമുണ്ടാക്കിയിട്ടുണ്ട്. ബിജെപിയും ജെഡിയുവും ഉള്‍പ്പെടുന്നതാണ് എന്‍ഡിഎ സഖ്യം. താരീഖ് അന്‍വര്‍ ബിഹാറിലെ പ്രമുഖ നേതാവാണ്. അദ്ദേഹം കോണ്‍ഗ്രസിലെത്തുന്നത് ബിഹാറില്‍ കോണ്‍ഗ്രസിന് കരുത്തു പകരും.

താരീഖ് അന്‍വര്‍ ബിഹാറിലെ ശക്തനായ നേതാവാണ്. ഒട്ടേറെ അണികളുള്ള നേതാവ്. അദ്ദേഹത്തോടൊപ്പം ഒരുപാട് പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ താരീഖ് അന്‍വറിന്റെ രംഗപ്രവേശം കോണ്‍ഗ്രസിന് ശക്തി പകരും എന്ന കാര്യത്തില്‍ സംശയമില്ല.

സോണിയാ ഗാന്ധിയുടെ വിദേശ കുടുംബ വേര് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വിട്ടുപോയവരാണ് എന്‍സിപി രൂപീകരിച്ചത്. അതേ പാര്‍ട്ടിയുടെ പ്രമുഖനായ നേതാവ് വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസില്‍ തിരിച്ചെത്തുന്നത് രാഷ്ട്രീയ വിരോധാഭാസമാകാം. തിരഞ്ഞെടുപ്പ് അടുത്തുവരവെ ദേശീയ തലത്തില്‍ കൂടുമാറ്റത്തിന്റെ കാലം കൂടിയാണ്. ഒട്ടേറെ നേതാക്കളാണ് പാര്‍ട്ടി മാറിക്കൊണ്ടിരിക്കുന്നത്.

കട്ടിഹാര്‍ മണ്ഡലത്തില്‍ നിന്നാണ് താരീഖ് അന്‍വര്‍ ലോക്‌സഭയിലെത്തിയത്. ശരത് പവാറിന്റെ ബിജെപി അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് അദ്ദേഹം എന്‍സിപി അംഗത്വം രാജിവച്ചത് കഴിഞ്ഞ മാസമാണ്. തൊട്ടുപിന്നാലെ ലോക്‌സഭാ അംഗത്വവും താരീഖ് അന്‍വര്‍ രാജിവച്ചു. കോണ്‍ഗ്രസില്‍ ചേര്‍ന്നതായുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചാണ് ശരത് പവാര്‍ രംഗത്തുവന്നത്. ഇടപാടിന്റെ സാങ്കേതിക വിവരങ്ങള്‍ തേടുന്ന പ്രതിപക്ഷ നേതാക്കളുടെ നിലപാട് ബുദ്ധശൂന്യമാണെന്നായിരുന്നു പവാര്‍ പറഞ്ഞത്. ഇത് ദേശീയ തലത്തില്‍ ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.എന്നാല്‍ താന്‍ പ്രധാനമന്ത്രിയെ പിന്തുണച്ചിട്ടില്ലെന്ന് പവാര്‍ പിന്നീട് വ്യക്തമാക്കി. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മോദിക്ക് ശുദ്ധിപത്രം ഒരിക്കലും നല്‍കില്ലെന്നും പവാര്‍ പറഞ്ഞു. എന്‍സിപി രൂപീകരിക്കാന്‍ 1999ല്‍ പവാറിനൊപ്പം നിന്ന നേതാവാണ് താരീഖ് അന്‍വര്‍.

പവാറും അന്‍വറും സാങ്മയും
ബിഹാറിലെ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു ഒരുകാലത്ത് താരീഖ് അന്‍വര്‍. പിന്നീടാണ് സോണിയാ ഗാന്ധിയുടെ വിദേശപൗരത്വം ചൂണ്ടിക്കാട്ടി ശരത് പവാറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടതും എന്‍സിപി രൂപീകരിച്ചതും. അന്ന് പവാറിനൊപ്പമുണ്ടായിരുന്ന പ്രമുഖരായിരുന്നു താരീഖ് അന്‍വറും പി എ സാങ്മയുമെല്ലാം.

സോണിയാ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷയാക്കരുതെന്നായിരുന്നു പവാറിന്റെയും താരീഖ് അന്‍വറിനെയും നിലപാട്. എന്നാല്‍ ഈ നിലപാട് തള്ളപ്പെട്ടു. തുടര്‍ന്നാണ് പവാറും സംഘവും കോണ്‍ഗ്രസ് വിട്ടത്. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു എന്‍സിപി.സോണിയാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ ആയിരുന്ന വേളയില്‍ തന്നെ എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ മാത്രമല്ല, എന്‍സിപിക്ക് ശക്തമായ സ്വാധീനമുള്ള മഹാരാഷ്ട്രയിലും ഇരുപാര്‍ട്ടികളും ബിജെപിക്കെതിരെ ഒരുമിച്ചു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ചിരിക്കെയാണ് താരീഖ് അന്‍വര്‍ കളംമാറിയിരിക്കുന്നത്.

 

Top