മഴുവും കോടാലിയും അലങ്കാരമാക്കിയ കൊലയാളി ജീപ്പ്; ആടുതോമയുടെ ചെകുത്താന്‍ ലോറിയില്‍ പ്രേമം സ്റ്റൈലില്‍; മദ്യം ലഹരി പടര്‍ത്തിയ കലാലയം ചെകുത്താന്‍മാര്‍ ഭരിക്കുമ്പോള്‍….

തിരുവനന്തപുരം: പ്രശസ്തമായ കലാലയം ഒരൊറ്റ ദിവസം കൊണ്ട് ചെകുത്താന്‍മാരുടെ കൂത്തരങ്ങായി മാറ്റി. ചെകുത്താന്‍ എന്ന് പേരിട്ട ലോറിയില്‍ നിറയെ വിദ്യാര്‍ത്ഥികള്‍., 100 ബൈക്കുകള്‍, കോടാലിയും ആനത്തോട്ടിയും അലങ്കാരമാക്കിയ ഒരു ജീപ്പില്‍ 20 പേര്‍ ഓണാഘോഷത്തിന് വീര്യം കൂട്ടാന്‍ മദ്യത്തിന്റെ അകമ്പടിയും കൂടിയായതോടെ ആഘോഷം ദുരന്തത്തിലേക്ക് വഴിമാറി.

സ്വകാര്യ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുള്ള ക്യാംപസില്‍ സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയായിരുന്നു സംഘം അകത്തേക്ക് കടന്നത്. നിയന്ത്രണങ്ങള്‍ അതിരുകടന്ന ആഘോഷത്തിമിര്‍പ്പില്‍ തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞ വാഹനങ്ങള്‍ക്കിടയില്‍പ്പെട്ട് അകാലത്തില്‍ പൊലിഞ്ഞത് നിസ്സഹായയായ ഒരു പെണ്‍കുട്ടിയുടെ ജീവനാണ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്‌നങ്ങളുമാണ് കുറച്ചുപേരുടെ അതിക്രമത്തില്‍ ഇല്ലാതായത്. കേളേജിനകത്ത് വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങള്‍ കയറ്റാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെയാണ് ഒരു സംഘം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച് ലോറിയും ജീപ്പും ഉള്‍പ്പെടെ നൂറോളം ബൈക്കുകളുമായി കോളജ് ക്യാംപസിനകത്തെ അഴിഞ്ഞാട്ടം.

കെ.ബി.എഫ് 7268 എന്ന തെമ്മാടി ജീപ്പിന് അതൊന്നും ബാധകമല്ല. രാത്രികളിലും ആഘോഷവേളകളിലും ഈ ജീപ്പ് കാമ്പസിലൂടെ ചീറിപ്പായും. ഓണാഘോഷത്തിന്റെ പേരില്‍ നടത്തിയ മരണപ്പാച്ചിലാണ് സഹപാഠിയായ പെണ്‍കുട്ടിയുടെ ജീവനെടുത്തത്.

അടിമുടി ദുരൂഹമാണ് കാഴ്ചയില്‍ തന്നെ ഭീകരത ധ്വനിപ്പിക്കുന്ന ജീപ്പിന്റെ സഞ്ചാരവഴികള്‍. വശങ്ങളില്‍ കോടാലി, മഴു, മണ്‍വെട്ടി, വടിവാള്‍ തുടങ്ങിയ മാരകായുധങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നത് പോലെ ആള്‍ട്ടര്‍ ചെയ്ത മഞ്ഞ ജീപ്പ് പകലൊന്നും പുറത്ത് കാണില്ല. പക്ഷേ, എല്ലാ രാവുകളിലും ഹോളിവുഡ് സിനിമകളിലെ പ്രേത കഥാപാത്രത്തെ പോലെ ജീപ്പ് മെന്‍സ് ഹോസ്റ്റലിനു മുന്നില്‍ പാര്‍ക്ക് ചെയ്യും.

ഇതില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികളില്‍ പലരും മദ്യപിച്ചിരുന്നു. ഗുരുതരമായ നിയമലംഘനമുണ്ടായിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ മടിച്ചുനില്‍ക്കുകയാണ്.2002 ജനുവരി 24ന് കാമ്പസിനകത്ത് അമിതവേഗത്തില്‍ സഞ്ചരിച്ച ബൈക്കിടിച്ച് അമിതാശങ്കര്‍ എന്ന വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്നാണ് കോളജ് അധികൃതര്‍ വിദ്യാര്‍ഥികളുടെ വാഹനം കോളജിനകത്ത് കയറ്റുന്നത് നിരോധിച്ചുള്ള ഉത്തരവ് ഇറക്കുകയും തുടര്‍ന്നു സര്‍ക്കാര്‍ ഈ ഉത്തരവ് നിയമമാക്കുകയും ചെയ്തത്.

ഈ നിയമം നിലനില്‍ക്കെയാണ് കഴിഞ്ഞ ദിവസം കോളജിനകത്ത് അപകടമുണ്ടായത്.കോളജ് മെന്‍സ് ഹോസ്റ്റലില്‍ ഓണാഘോഷം നടത്തുന്നതിനുവേണ്ടി ഹോസ്റ്റല്‍ യൂണിയന്‍ ഭാരവാഹികള്‍ അധികൃതരില്‍ നിന്ന് അനുവാദം വാങ്ങിയിരുന്നു. കോളജില്‍ അധ്യയനം നടക്കുന്നതുകൊണ്ടും എംടെക്കിന്റെ പ്രവേശന നടപടികള്‍ നടത്തുന്നതിനാലും വൈകിട്ട് നാലിനുശേഷം പരിപാടി നടത്താന്‍ അനുവാദം നല്‍കി. നാലു കഴിഞ്ഞപ്പോള്‍ നൂറുകണക്കിന് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ബൈക്കിലും തുറന്ന ജീപ്പിലും ലോറിയിലുമായി ക്യാംപസിനകത്തു പ്രവേശിക്കുകയായിരുന്നു.

ഇവരെ തടയാന്‍ ശ്രമിച്ച സെക്യൂരിറ്റിക്കാരെ ഭീഷണിപ്പെടുത്തിയശേഷമാണ് വാഹനങ്ങള്‍ അകത്തു പ്രവേശിച്ചത്.അപകടം സംഭവിച്ച തുറന്ന ജീപ്പില്‍ ഇരുപതിലധികവും, ചെകുത്താന്‍ എന്ന ലോറിയില്‍ നൂറിലധികവും വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. വാഹനങ്ങള്‍ കോളജില്‍ പ്രവേശിച്ച വിവരം അധികൃതര്‍ അറിയുന്നതിനു മുന്‍പ് തന്നെ അപകടം സംഭവിച്ചതായി പ്രിന്‍സിപ്പല്‍ പറഞ്ഞു.

Top