തിരുവനന്തപുരം: കെപിസിസി യോഗത്തിലും സുധാകരന്റെ ധാർഷ്ട്യം .ബെന്നി ബഹന്നാനുമായി കെ സുധാകരൻ കൊമ്പ് കോർത്ത് .ധാർഷ്ട്യത്തോടെ ബെന്നിയെ ഞെട്ടിച്ചു.പുനഃസംഘടിപ്പിക്കപ്പെട്ട കെ.പി.സി.സിയുടെ ആദ്യ യോഗത്തിൽ ആണ് പ്രസിഡന്റ് കെ. സുധാകരനും ബെന്നി ബെഹനാൻ എം.പിയും കൊമ്പ് കോർത്തത് .കോൺഗ്രസ് യൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട പരിശീലന പരിപാടികളിൽ എം.എൽ.എമാരടക്കമുള്ള ജനപ്രതിനിധികളും നേതാക്കളും അവഗണിക്കപ്പെടുന്നുവെന്ന് ശബ്ദമുയർത്തി ബെന്നി ബെഹനാൻ പറഞ്ഞതാണ് സുധാകരനെ ചൊടിപ്പിച്ചത്.
പരിശീലന പരിപാടിയിൽ എം.എൽ.എമാർക്കും എം.പിമാർക്കും നേതാക്കൾക്കും പ്രസംഗിക്കാൻ അവസരമില്ലെന്ന് ബെന്നി പരാതിപ്പെട്ടു. ബെന്നി പറഞ്ഞതിന്റെ ഗൗരവമുൾക്കൊള്ളുന്നുവെന്ന് പറഞ്ഞാണ് സുധാകരൻ കടുത്ത ഭാഷയിൽ ബെന്നിയോട് പ്രതികരിച്ചത്. നിയമസഭയിൽ പിണറായി വിജയനോട് ചോദിക്കുമ്പോലെ ഇവിടെ സംസാരിക്കേണ്ട. താൻ കെ.പി.സി.സി പ്രസിഡന്റാണ്. പ്രവർത്തകർക്കുള്ള പരിശീലന ക്യാമ്പുകളിൽ നേതാക്കളെന്തിന് പ്രസംഗിക്കണം? യൂണിറ്റ് കമ്മിറ്റിക്കുള്ള പരിശീലനമാണവിടെ നടക്കുന്നത്- സുധാകരൻ പറഞ്ഞു. അതിനിടയിൽ ബെന്നി വീണ്ടും എഴുന്നേറ്റ് ഇടപെടാൻ നോക്കിയെങ്കിലും, ഇരിക്കൂ, ഞാൻ പറയട്ടെ എന്ന് പറഞ്ഞ് സുധാകരൻ തടഞ്ഞു.
കഴിവുള്ള വനിതാ നേതാക്കൾ പാർട്ടിയിൽ തഴയപ്പെടുന്നുവെന്ന് ഷാനിമോൾ ഉസ്മാൻ പരാതിപ്പെട്ടു. ഏറ്റവും കഴിവുള്ള വനിതകൾ പോലും അവഗണിക്കപ്പെടുകയാണെന്നവർ കുറ്റപ്പെടുത്തി. ബിന്ദുകൃഷ്ണയും ഇതിനോട് യോജിച്ചു. സമുദായ നേതാക്കൾ പറയുന്നവർക്ക് പാർട്ടി ഭാരവാഹിത്വം നൽകുന്നതിനെ ടി. ശരത്ചന്ദ്രപ്രസാദ് വിമർശിച്ചു. മുൻ കെ.പി.സി.സി പ്രസിഡന്റുമാരിൽ വി.എം. സുധീരൻ വിട്ടു നിന്നു. കെ. മുരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനും മുൻകൂട്ടി അസൗകര്യമറിയിച്ചിരുന്നു.
കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ, സംസ്ഥാന കോൺഗ്രസിലെ അവശേഷിക്കുന്ന പുനഃസംഘടന ഉപേക്ഷിക്കണമെന്ന് എ വിഭാഗം. ഇന്നലെ കെ.പി.സി.സി ആസ്ഥാനത്ത് ചേർന്ന പുന:സംഘടിപ്പിക്കപ്പെട്ട നിർവാഹകസമിതിയുടെ വിശാല യോഗത്തിൽ, എ വിഭാഗത്തിലെ കെ.ബാബു, കെ.സി. ജോസഫ്, ബെന്നിബെഹനാൻ എന്നിവർ ഈ ആവശ്യമുയർത്തി. ഐ പക്ഷത്ത് നിന്ന് വിഷയമുന്നയിച്ചില്ലെങ്കിലും, അവരും ഇതിനൊപ്പമാണ്.
സംഘടനാ തിരഞ്ഞെടുപ്പിനായും ഗ്രൂപ്പ് നേതാക്കൾ ശക്തിയായി വാദിച്ചു. ജനാധിപത്യപരമായ സംഘടനാ തിരഞ്ഞെടുപ്പിലൂടെ ജനസ്വാധീനമുള്ളവരെ സംഘടനാ നേതൃത്വത്തിൽ എത്തിക്കാനാകുമെന്ന് ഉമ്മൻ ചാണ്ടിയും പറഞ്ഞു. പുനഃസംഘടനാ കാര്യത്തിൽ ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മറുപടി നൽകി.കെ.പി.സി.സി ഭാരവാഹികൾ ഉൾപ്പെടെ പുനഃസംഘടിപ്പിക്കപ്പെട്ട നിർവാഹക സമിതിയംഗങ്ങൾ, സ്ഥിരം ക്ഷണിതാക്കൾ, പ്രത്യേക ക്ഷണിതാക്കൾ, പോഷകസംഘടനാ പ്രസിഡന്റുമാർ എന്നിവരുടെ ആദ്യയോഗമാണ് ചേർന്നത്.
പുന:സംഘടനയെ തുടർന്നുണ്ടായ മുറിവുകൾ അവശേഷിക്കുകയാണെന്ന് കെ.സി. ജോസഫ് പറഞ്ഞു. . ജംബോ കമ്മിറ്റികൾ ഒഴിവാക്കിയത് കാരണം അർഹരായ നിരവധി പേർക്ക് ഭാരവാഹിത്വം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. അകന്നുപോയ പരമ്പരാഗത വിഭാഗങ്ങളെ ഒപ്പം കൂട്ടണമെന്നും സതീശൻ ചൂണ്ടിക്കാട്ടി. സംഘടനാ തിരഞ്ഞെടുപ്പ് തമ്മിൽ തല്ലുണ്ടാക്കാനുള്ളതല്ലെന്ന് എ.ഐ.സി.സി സംഘടനാ ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. താഴെത്തട്ടിൽ ഭവനസന്ദർശനം നടത്തിയും സമരത്തോടൊപ്പവുമാണ് പാർട്ടി അംഗത്വം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി ചേരുന്നില്ലെന്ന ആക്ഷേപമുയർന്നു. എന്നാൽ, ഭരണമുണ്ടായിരുന്നപ്പോൾ സർക്കാരും പാർട്ടിയും തമ്മിലെ ഏകോപനത്തിനായി രൂപീകരിച്ചതാണ് രാഷ്ട്രീയകാര്യസമിതിയെന്ന് കെ. സുധാകരൻ വിശദീകരിച്ചു. നിർവാഹകസമിതിയുടെ വലിപ്പം കൂടുതലായിരുന്നപ്പോഴാണ് രാഷ്ട്രീയകാര്യസമിതി രൂപീകരിച്ചതെന്ന് വി.ഡി. സതീശനും കെ.സി. വേണുഗോപാലും ഷാനിമോൾ ഉസ്മാനും പറഞ്ഞു. ബി.ജെ.പിയുടെ വളർച്ചയും ബി.ഡി.ജെ.എസ് രൂപീകരണവും കോൺഗ്രസിന്റെ വോട്ടുബാങ്കിൽ ചോർച്ചയുണ്ടാക്കിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
താഴെത്തട്ടിൽ ബൂത്ത് കമ്മിറ്റികൾ നിർജീവമായതാണ് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്ന് ആമുഖ പ്രസംഗത്തിൽ കെ. സുധാകരൻ പറഞ്ഞതിന് രമേശ് മറുപടി നൽകി. താൻ പ്രസിഡന്റായിരിക്കെ, 2010ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 70 ശതമാനം സീറ്റുകളിൽ യു.ഡി.എഫ് വിജയിച്ചു. അകന്നുപോയ വിഭാഗങ്ങളെ തിരിച്ചെത്തിക്കണമെന്ന് സുധാകരൻ നിർദ്ദേശിച്ചപ്പോൾ, എല്ലാവരും സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്നതാരെന്ന് നോക്കിയാണ് പ്രതികരിക്കുന്നതെന്നായിരുന്നു രമേശിന്റെ മറുപടി.