കേരളം കൊടും ചൂടിലേക്ക്; ഉഷ്ണതരംഗത്തിന് സാധ്യത

കേരളത്തില്‍ അസാധാരണമായ ചൂട് അനുഭവപ്പെടുകയാണ്. കോഴിക്കോട് ജില്ലയില്‍ 7 വരെ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. കര്‍ശന നിര്‍ദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റിയും രംഗത്തെത്തിയിട്ടുണ്ട്. സൂര്യതാപമേല്‍ക്കുന്ന തൊഴിലെടുക്കുന്നവര്‍ 11 മണി മുതല്‍ മൂന്നുമണി വരെ വിശ്രമംവരുന്ന രീതിയില്‍ തൊഴില്‍സമയം ക്രമീകരിക്കണമെന്നതടക്കം പാലിക്കേണ്ട നിബന്ധനകളാണ് പുറത്തിറക്കിയത്. നിര്‍മാണ സൈറ്റുകളിലും തൊഴിലിടങ്ങളിലും ആശുപത്രികളിലും കുടിവെള്ളം, അത്യാവശ്യ മരുന്നുകള്‍, ഒ.ആര്‍.എസ്, ഐസ് പാക്കുകള്‍, വിശ്രമസൗകര്യം എന്നിവ ഏര്‍പ്പെടുത്തണം.

മറുനാടന്‍ തൊഴിലാളികള്‍ക്ക് ബോധവത്കരണം നല്‍കാന്‍ അവരുടെ ഭാഷയിലുള്ള ലഘുലേഖകള്‍ നല്‍കണം. നിര്‍ദേശം പാലിക്കുന്നുണ്ടോയെന്ന കാര്യം ലേബര്‍ ഓഫീസര്‍മാര്‍ പരിശോധിക്കണം. സൂര്യാഘാതമേറ്റാല്‍ ജില്ലാകളക്ടറടക്കമുള്ളവരെ വിവരമറിയിക്കണം. തീവ്രമായ ചൂടുള്ളസമയത്ത് കാലികളെ മേയാന്‍ വിടരുത്, കാലികള്‍ക്ക് ജലലഭ്യത ഉറപ്പാക്കണം. സ്‌കൂള്‍ അസംബ്ലികള്‍ ഒഴിവാക്കുകയോ സമയം കുറയ്ക്കുകയോ ചെയ്യണം. പി.ഇ.ടി. പീരിയഡുകള്‍ നിയന്ത്രിക്കുക, തുറസ്സായ സ്ഥലങ്ങളിലെ കളി ഒഴിവാക്കുക, കലാകായിക പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുക, വിദ്യാലയങ്ങളില്‍ ജലവും മറ്റു സൗകര്യങ്ങളുമേര്‍പ്പെടുത്തുക, ക്ലാസ്മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കുക, അധ്യാപകര്‍ക്ക് പ്രഥമശുശ്രൂഷാ പരിശീലനംനല്‍കുക, തദ്ദേശ വകുപ്പ് ജലഅതോറിറ്റിയുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ക്കും പൊതുജനത്തിനും ജലലഭ്യത ഉറപ്പാക്കുക, പൊതുവൃക്ഷങ്ങള്‍ ഉണങ്ങിപ്പോകുന്നത് തടയാന്‍ വെള്ളമൊഴിക്കാന്‍ സംവിധാനമൊരുക്കുക, വനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും ജലലഭ്യത ഉറപ്പാക്കുക, ജലം തേടി കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങാനുള്ള സാധ്യത തടയുക, കാട്ടുതീ സാധ്യതയ്‌ക്കെതിരേ പ്രതിരോധ നടപടിയെടുക്കുക, തീവ്രമായ വെയിലുള്ള സമയത്ത് പോലീസുകാര്‍ക്ക് കുട ഉപയോഗിക്കാന്‍ സൗകര്യം നല്‍കുക, ഇവര്‍ സ്റ്റീല്‍കുപ്പിയില്‍ വെള്ളം കരുതുക, വിനോദസഞ്ചാര മേഖലയില്‍ എല്ലാഭാഷകളിലുമുള്ള ലഘുലേഖകള്‍ വിതരണംചെയ്യുക, അടിയന്തര ശുശ്രൂഷയ്ക്കുള്ള കിയോസ്‌കുകള്‍ തയ്യാറാക്കുക തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്.

എന്താണ് ഉഷ്ണതരംഗം

താപനില ശരാശരിയില്‍ നിന്ന് 4.5 ഡിഗ്രിക്കു മുകളില്‍ ഉയരുകയും ദിവസങ്ങളോളം നീണ്ടുനില്‍ക്കുകയും ചെയ്യുമ്പോഴാണ് ഉഷ്ണതരംഗമായി കണക്കാക്കുന്നത്. കേരളത്തില്‍ മാര്‍ച്ച് ആദ്യപകുതിയിലെ ശരാശരി ഉയര്‍ന്ന താപനില 35 ഡിഗ്രിയാണ്. പാലക്കാട് പോലെ ചുരുക്കം സ്ഥലങ്ങളില്‍ മാത്രമേ താപനില അതിലും കൂടാറുള്ളൂ. എന്നാല്‍ ഇത്തവണ പതിവിനു വിപരീതമായി കോഴിക്കോട്ട് ശരാശരിയില്‍ നിന്ന് 3 ഡിഗ്രിയില്‍ കൂടുതല്‍ താപനില ഉയര്‍ന്നിരുന്നു.

ഉത്തരേന്ത്യയെ അപേക്ഷിച്ചു കേരളത്തില്‍ ഉഷ്ണതരംഗം അപൂര്‍വമായിരുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഉഷ്ണതരംഗം പ്രഖ്യാപിച്ചത് 2016 ഏപ്രിലിലാണ്. പാലക്കാട് ജില്ലയില്‍ ചൂട് 41 ഡിഗ്രിക്കു മുകളിലെത്തിയപ്പോഴായിരുന്നു അത്. കാലാവസ്ഥാ വകുപ്പിന്റെ സ്‌റ്റേഷനുകളില്‍ ചൂട് 40 ഡിഗ്രി കവിയുകയോ ശരാശരി ചൂട് 4 ഡിഗ്രിയിലധികം വ്യത്യാസപ്പെടുകയോ രാത്രി താപനില ശരാശരിയില്‍ നിന്നു 3 ഡിഗ്രി കൂടുകയോ ചെയ്യുമ്‌ബോഴാണ് ഉഷ്ണതരംഗം ബാധിച്ചതായി പ്രഖ്യാപിക്കാറുള്ളത്.കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ആദ്യവാരം തൃശൂരില്‍ 38 ഡിഗ്രിയും കോട്ടയത്തും കൊല്ലത്തും 37 ഡിഗ്രിയും ചൂടു രേഖപ്പെടുത്തിയിരുന്നു.

ആഗോളതാപനത്തെ തുടര്‍ന്നുണ്ടായ കാലാവസ്ഥാ വ്യതിയാനമാണു ചൂടു കൂടാനുള്ള കാരണം. വേനല്‍മഴയുടെ അഭാവം, കാറ്റിന്റെ കുറവ്, കടലിലെ താപനില എന്നിവ ഉഷ്ണതരംഗത്തെ സ്വാധീനിക്കും. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ തോത് കൂടുന്നതും കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെയും ടാര്‍ റോഡുകളുടെയും സാമീപ്യവും ചൂടിന്റെ തോത് വര്‍ധിപ്പിക്കും. കേരളത്തില്‍ ഇപ്പോള്‍ അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ തോത് ശരാശരി 80 ശതമാനത്തിനു മുകളിലാണ്. പാലക്കാട്ടും പുനലൂരിലും ശരാശരിയെക്കാള്‍ 10% കൂടുതലാണിത്.

Top