
കൊച്ചി: പ്രഭാഷകനായ ഡോ. സുനില്‍ പി. ഇളയിടത്തിന്റെ ഓഫീസിന് നേരെ ആക്രമണം. കാലടി സര്‍വകലാശാലയിലെ അദ്ദേഹത്തിന്റെ ഓഫീസാണ് ആക്രമിക്കപ്പെട്ടത്. സുനില്‍ പി. ഇളയിടത്തിന് നേരേ വധഭീഷണിയുണ്ടായതിന് പിന്നാലെയാണ് ഓഫീസിന് നേരേ ആക്രമണമുണ്ടായിരിക്കുന്നത്. ശബരിമല വിഷയത്തോടനുബന്ധിച്ച് പ്രഭാഷണങ്ങള്‍ നടത്തിയതിനാണ് അദ്ദേഹത്തിന് ഭീഷണിയുണ്ടായിരുന്നത്.
ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന അദ്ദേഹത്തിന്റെ നെയിം ബോര്‍ഡ് അക്രമികള്‍ നശിപ്പിച്ചു. വാതിലിന് മുന്നില്‍ കാവിനിറത്തിലുള്ള പെയിന്റ് ഉപയോഗിച്ച് ഗുണനചിഹ്നങ്ങളും വരച്ചിട്ടുണ്ട്. സംഭവത്തില്‍ സര്‍വകലാശാല അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. നേരത്തെ സാമൂഹികമാധ്യമങ്ങളിലൂടെയാണ് സുനില്‍ പി. ഇളയിടത്തിന് നേരേ വധഭീഷണിയുണ്ടായത്. അദ്ദേഹത്തിന്റെ പ്രസംഗ വീഡിയോയ്ക്ക് താഴെ ഇയാളെ കണ്ടാല്‍ കല്ലെറിഞ്ഞ് കൊന്നേക്കണം എന്നായിരുന്നു ഭീഷണി.