സൂപ്പര്‍ മൂണ്‍’പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്തു തിരകള്‍ ഉയര്‍ന്നുതുടങ്ങി.നാളെ ആഞ്ഞടിക്കുമെന്നു മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ചന്ദ്രന്‍ ചുവപ്പണിഞ്ഞ സൂപ്പര്‍മൂണ്‍ പ്രതിഭാസത്തിന് ലോകം സാക്ഷിയായി. സൂപ്പര്‍ മൂണിനൊപ്പം ചന്ദ്രഗ്രഹണംകൂടി എത്തിയതോടെ ശാസ്ത്രലോകത്തിന് മനോഹരമായ ദൃശ്യാനുഭവമാണ് ലഭിച്ചത്. അതേസമയം ‘സൂപ്പര്‍ മൂണ്‍’ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്തു തിരകള്‍ ഉയര്‍ന്നുതുടങ്ങി. ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസിന്റെ (ഇന്‍കോയിസ്) കൊല്ലത്തെ കേന്ദ്രത്തില്‍ 1.2 മീറ്ററും കോഴിക്കോട്ടെ കേന്ദ്രത്തില്‍ 0.9 മീറ്ററും ഉയരമുള്ള തിരമാലകള്‍ രേഖപ്പെടുത്തി.

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷനോഗ്രഫിക്സ് പുന്നപ്ര കടപ്പുറത്തു നടത്തിയ പരിശോധനയില്‍ വേലിയേറ്റ സമയത്തു ജലനിരപ്പ് 20 സെന്റിമീറ്റര്‍ ഉയര്‍ന്നതായും വേലിയിറക്ക സമയത്തു 30 സെന്റിമീറ്റര്‍ ഉള്ളിലേക്കു വലിഞ്ഞതായും കണ്ടെത്തി. നാളെയും വെള്ളിയാഴ്ചയും ശക്തമായ തിരകള്‍ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് ഇന്‍കോയിസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സൂപ്പര്‍ മൂണ്‍ പ്രതിഭാസം ആരംഭിക്കുന്ന ഇന്നലെ തിരമാലകളുടെ ഗതിയില്‍ കാര്യമായ മാറ്റം ദൃശ്യമായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭൂമിയോട് 3,56,877 കിലോമീറ്റര്‍‌ അടുത്തു നില്‍ക്കുന്ന ചന്ദ്രനെ കൂടുതല്‍ വലുപ്പത്തിലും കൂടുതല്‍ തിളക്കത്തിലും കാണാമെന്നതാണു സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തിന്റെ പ്രത്യേകത. എന്നാല്‍, ഇന്നലെ മേഘാവൃതമായ ആകാശമായതിനാല്‍ പല സ്ഥലങ്ങളിലും സൂപ്പര്‍ മൂണ്‍ കാണാന്‍ സാധിച്ചില്ല. അതേസമയം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ഭീമന്‍ ചന്ദ്രന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞിരുന്നു.

ചന്ദ്രന്റെ ആകര്‍ഷണം മൂലം തിരമാലകള്‍ ഉയരാമെന്നതില്‍ കടലോര മേഖല ആശങ്കയിലാണ്. ചന്ദ്രന്റെ ആകര്‍ഷണം മൂലം ജലനിരപ്പ് ഉയരുകയും ആഴക്കടലില്‍നിന്നുള്ള തിരമാലകള്‍ തീരത്തേക്ക് എത്തുകയും ചെയ്യുന്നതാണു കടലാക്രമണത്തിന് ഇടയാകുന്നത്. ഏകദേശം 5,000 കിലോമീറ്റര്‍ അകലെനിന്ന് ആരംഭിക്കുന്ന ‘തിരമാല രാജാക്കന്മാര്‍‌’ നാളെ കേരള തീരത്ത് ആഞ്ഞടിച്ചേക്കാമെന്നാണു മുന്നറിയിപ്പ്. ദൂരെ നിന്ന് ഒഴുകിയെത്തുന്ന തിരകള്‍ക്കു പ്രഹര ശേഷി കൂടുതല്‍ ആയിരിക്കുമെന്ന് ഇന്‍കോയിസ് ഇന്‍ഫര്‍മേഷന്‍ വിഭാഗം മേധാവി ഡോ. ടി.എം. ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. ഡോ. പി.കെ. ദിനേശ് കുമാറിന്റെ നേതൃത്വത്തിലാണു നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷനോഗ്രഫിക്സിലെ സംഘം പുന്നപ്ര കടപ്പുറത്തു നിരീക്ഷണം ആരംഭിച്ചത്.

നാളെ പുലര്‍ച്ചെ 12.30നും 2.30നും ഇടയിലും ഉച്ചയ്ക്ക് 12.30നും 2.30നും ഇടയിലുമാണു ശക്തമായ വേലിയേറ്റത്തിനും വേലിയിറക്കത്തിനും സാധ്യതയുണ്ടെന്നു മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍ എന്നീ ജില്ലകളുടെ തീരദേശ മേഖലയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ‘ഇന്‍കോയിസ്’ അധികൃതര്‍ അറിയിച്ചു. കടല്‍ ഉള്‍വലിയാനും സാധ്യതയുണ്ട്.

Top