തിരുവനന്തപുരം: സാധാരണക്കാരനെ കഷ്ടത്തിലാഴ്ത്തി സപ്ലൈകോ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ത്തുന്നു. സബ്‌സിഡിയില്ലാത്ത സാധനങ്ങളുടെ വില ഉയര്‍ത്താനാണ് ഉത്തരവ്. അരിവില കൂട്ടരുതെന്ന് സര്‍ക്കാര്‍ വ്യാപാരികളോട് അഭ്യര്‍ത്ഥിച്ചെങ്കിലും സപ്ലൈകോ വില വര്‍ദ്ധിപ്പിക്കുകയായിരുന്നു.
അരിക്ക് മൂന്നുരൂപ വരെ ഉയര്‍ത്തിയപ്പോള്‍ പയറുവര്‍ഗങ്ങള്‍ക്ക് 23 രൂപ വരെ കൂട്ടാനായിരുന്നു നിര്‍ദേശം. ഒടുവില്‍ പ്രതിഷേധം ഭയന്ന് ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു. വ്യാഴാഴ്ച സപ്ലൈകോ പര്‍ച്ചേസ് മാനേജര്‍ ഇറക്കിയ ഉത്തരവ് അനുസരിച്ച് 26.50 രൂപയുള്ള മട്ടയരി മൂന്നര രൂപ കൂട്ടി മുപ്പത് രൂപയ്ക്ക് വില്‍ക്കാനാണ് നിര്‍ദേശം. ജയ അരിക്ക് മൂന്നു രൂപയും കുറുവ അരിക്ക് ഒന്നര രൂപയും വര്‍ധിപ്പിക്കണം. 35 രൂപയ്ക്ക് കിട്ടുന്ന പഞ്ചസാരയ്ക്ക് 39 രൂപ.
146 രൂപയുടെ വറ്റല്‍ മുളകിന് 151 രൂപ. കടല വില 60 രൂപയില്‍ നിന്ന് 83 ആയും തുവരവില 122 രൂപയില്‍ നിന്ന് 138 ആയും ഉയര്‍ത്തണം. 140 രൂപയുള്ള ഉഴുന്നിന് 18 രൂപ വര്‍ധിപ്പിക്കണം ഇങ്ങനെ പോകുന്നു നിര്‍ദേശങ്ങള്‍. എന്നാല്‍ വില വര്‍ധന തിരിച്ചടിയാകുമെന്ന് ബോധ്യപ്പെട്ടതോടെ ഉത്തരവ് ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇത് മരവിപ്പിച്ച് മറ്റൊരു ഉത്തരവിറക്കി.
ഓരോ റേഷന്‍ കാര്‍ഡിനും നിശ്ചിത അളവില്‍ മാത്രമേ സപ്ലൈകോ വിതരണ കേന്ദ്രങ്ങളില്‍ സബ്‌സിഡി ഇനത്തില്‍ സാധനങ്ങള്‍ ലഭിക്കൂ. അധികം വേണ്ടവര്‍ക്ക് സബ്‌സിഡിയില്ലാത്ത സാധനങ്ങള്‍ വാങ്ങാം. പൊതുവിപണിയേക്കാള്‍ വിലക്കുറവായതിനാല്‍ ഇത് ഒരു പരിധിവരെ ആശ്വാസമായിരുന്നു. വിലവര്‍ധിപ്പിച്ചാല്‍ അതും നഷ്ടമാകും.