ന്യൂഡല്‍ഹി: ജമ്മു കശ്മീർ വിഷയത്തിൽ സുപ്രീം കോടതി ഇടപെടൽ. ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് നൽകിയ വിവധ ഹർജികളിലാണ് സുപ്രീം കോടതി ഇന്ന് വാദം കേട്ടത്. മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള വീട്ടുതടങ്കലിലാണോ എന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു. രാജ്യസഭാ എം.പിയും എം.ഡി.എം.കെ സ്ഥാപകനുമായ വൈകോ സമർപ്പിച്ച ഹർജിയെ തുടർന്നാണ് കോടതി ഇക്കാര്യം ചോദിച്ചത്.
ഫാറൂഖ് അബ്ദുള്ളയുമായി സംസാരിക്കാൻ കഴിയുന്നില്ലെന്ന് വൈകോയുടെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയക്കും.
ജമ്മു കശ്മീരില്‍ സാധാരണ നില പുനസ്ഥാപിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ദേശീയ താല്‍പര്യം സംരക്ഷിച്ചാവണം എല്ലാ നീക്കവും നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കി.
ജമ്മു കശ്മീരില്‍ സാധാരണ ജീവിത സാഹചര്യം തിരിച്ചുവന്നുവെന്ന് ഉറപ്പു വരുത്താനായി എല്ലാ ശ്രമങ്ങളും നടത്തണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കുന്നു- ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
സംസ്ഥാനത്തെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കശ്മീര്‍ ഹൈക്കോടതി വഴി കൈകാര്യം ചെയ്യണമെന്നും കോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസ് എസ്.എ ബോബ്‌ഡെയും എസ്.എ നസീറുമാണ് കേസ് പരിഗണിച്ച ബെഞ്ചംഗങ്ങള്‍.
കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന അനുച്ഛേധം 370 റദ്ദു ചെയ്യുകയും സംസ്ഥാനം വിഭജിക്കുകയും ചെയ്ത നടപടിയെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തിലാണ് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതെന്നും അതുമായി ബന്ധപ്പെട്ട് ഒരു മരണം പോലും ഉണ്ടായിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.
കശ്മീരില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്ന് കാണിച്ച് കശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ഭാഷിന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.