ദില്ലി: ഉത്തര്‍പ്രദേശിലുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ബജറ്റ് മാറ്റി വെയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. സുപ്രീംകോടതി വിധി വന്നതോടു കൂടി വരുന്ന ഫെബ്രുവരി ഒന്നിന് തന്നെ കേന്ദ്രസര്‍ക്കാരിന് ബജറ്റ് അവതരിപ്പിക്കാം. തിരഞ്ഞെടുപ്പിന് മുന്‍പുള്ള ബജറ്റവതരണം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹാര്‍, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ബജറ്റ് അവതരണം വോട്ടര്‍മാരെ സ്വാധീക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പ്രതിപക്ഷ പാര്‍ട്ടികള്‍ പരാതി നല്‍കിയിരുന്നു. ഫെബ്രുവരി നാലു മുതല്‍ മാര്‍ച്ച് എട്ടുവരെയാണ് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
വോട്ട് ലക്ഷ്യമിട്ട് ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ശ്രമിക്കുമെന്നാണ് പരാതി. ഫെബ്രുവരി 28ന് അവതരിപ്പിക്കേണ്ടിയിരുന്ന കേന്ദ്ര ബജറ്റ് ഒരു മാസം നേരത്തേയാക്കുകയായിരുന്നു. ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തികവര്‍ഷത്തിന്‍െറ തുടക്കത്തില്‍തന്നെ ബജറ്റ് വിഹിത വിനിയോഗം തുടങ്ങാന്‍ സൗകര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണിത്. അഞ്ചുവര്‍ഷം മുമ്പ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് അന്നത്തെ യു.പി.എ സര്‍ക്കാര്‍ ബജറ്റ് അവതരണം നീട്ടിവെച്ചിരുന്നു.